ന്യൂഡൽഹി: 2000 ഏപ്രില്‍- 2024 സെപ്റ്റംബര്‍ കാലയളവില്‍ ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ഒരു ട്രില്യണ്‍ ഡോളര്‍ എന്ന നാഴികക്കല്ല് കടന്നു. ഇത് ആഗോളതലത്തില്‍ സുരക്ഷിതവും പ്രധാനപ്പെട്ടതുമായ നിക്ഷേപ കേന്ദ്രമെന്ന നിലയില്‍ രാജ്യത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നു.
ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡിന്റെ (ഡിപിഐഐടി) കണക്കുകള്‍ പ്രകാരം, ഇക്വിറ്റി, പുനര്‍നിക്ഷേപ വരുമാനം, മറ്റ് മൂലധനം എന്നിവയുള്‍പ്പെടെ എഫ്ഡിഐയുടെ മൊത്തം തുക പ്രസ്തുത കാലയളവില്‍ 1,033.40 ബില്യണ്‍ ഡോളറാണ്.
25 ശതമാനം വിദേശനിക്ഷേപവും മൗറീഷ്യസ് വഴിയാണ് വന്നത്. സിംഗപ്പൂര്‍ (24 ശതമാനം), യുഎസ് (10 ശതമാനം), നെതര്‍ലന്‍ഡ്സ് (7 ശതമാനം), ജപ്പാന്‍ (6 ശതമാനം), യുകെ (5 ശതമാനം), യുഎഇ (3 ശതമാനം) എന്നിവയാണ് തൊട്ടുപിന്നില്‍. കേമാന്‍ ദ്വീപുകള്‍, ജര്‍മ്മനി, സൈപ്രസ് എന്നിവിടങ്ങളില്‍ 2 ശതമാനം വീതവും നിക്ഷേപം എത്തി.
മൗറീഷ്യസില്‍ നിന്ന് 177.18 ബില്യണ്‍ ഡോളറും സിംഗപ്പൂരില്‍ നിന്ന് 167.47 ബില്യണ്‍ ഡോളറും യുഎസില്‍ നിന്ന് 67.8 ബില്യണ്‍ ഡോളറും ഇന്ത്യക്ക് ലഭിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
സേവന വിഭാഗം, കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയറും ഹാര്‍ഡ്വെയറും, ടെലികമ്മ്യൂണിക്കേഷന്‍, ട്രേഡിംഗ്, കണ്‍സ്ട്രക്ഷന്‍ ഡെവലപ്മെന്റ്, ഓട്ടോമൊബൈല്‍, കെമിക്കല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയാണ് പരമാവധി നിക്ഷേപം ആകര്‍ഷിക്കുന്ന പ്രധാന മേഖലകള്‍.
വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2014 മുതല്‍, ഇന്ത്യ 667.4 ബില്യണ്‍ യുഎസ് ഡോളറിന്റെ (2014-24) സഞ്ചിത എഫ്ഡിഐ വരവ് ആകര്‍ഷിച്ചു, മുന്‍ ദശകത്തെ അപേക്ഷിച്ച് (2004-14) 119 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി.
‘ഈ നിക്ഷേപ വരവ് 31 സംസ്ഥാനങ്ങളിലും 57 മേഖലകളിലും വ്യാപിച്ചുകിടക്കുന്നു. വൈവിധ്യമാര്‍ന്ന വ്യവസായങ്ങളിലുടനീളം വളര്‍ച്ചയെ നയിക്കുന്നു. തന്ത്രപരമായി പ്രധാനപ്പെട്ട മേഖലകള്‍ ഒഴികെ മിക്ക മേഖലകളും ഓട്ടോമാറ്റിക് റൂട്ടില്‍ 100 ശതമാനം എഫ്ഡിഐക്ക് തുറന്നിരിക്കുന്നു.
കഴിഞ്ഞ ദശകത്തില്‍ (2014-24) മാനുഫാക്ചറിംഗ് മേഖലയിലേക്കുള്ള എഫ്ഡിഐ ഇക്വിറ്റി 165.1 ബില്യണ്‍ ഡോളറിലെത്തി. മുന്‍ ദശകത്തേക്കാള്‍ (2004-14) 69 ശതമാനം വര്‍ധനവുണ്ടായി.
ഇന്ത്യയെ ആകര്‍ഷകവും നിക്ഷേപസൗഹൃദവുമായ ലക്ഷ്യസ്ഥാനമായി തുടരുന്നുവെന്ന് ഉറപ്പാക്കാന്‍, ഗവണ്‍മെന്റ് എഫ്ഡിഐ നയം തുടര്‍ച്ചയായി അവലോകനം ചെയ്യുകയും ബന്ധപ്പെട്ടവരുമായി വിപുലമായ കൂടിയാലോചനകള്‍ക്ക് ശേഷം കാലാകാലങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുന്നു.
ആരോഗ്യകരമായ മാക്രോ ഇക്കണോമിക് സംഖ്യകള്‍, മികച്ച വ്യാവസായിക ഉല്‍പ്പാദനം, ആകര്‍ഷകമായ പിഎല്‍ഐ സ്‌കീമുകള്‍ എന്നിവ കൂടുതല്‍ വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുമെന്നതിനാല്‍, 2025-ല്‍ ഇന്ത്യയിലേക്കുള്ള വിദേശ ഒഴുക്ക് ശക്തിപ്പെടാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറഞ്ഞു. ആഗോള വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യ ഇപ്പോഴും നിക്ഷേപ കേന്ദ്രമായി തുടരുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
യുഎസില്‍ പ്രതീക്ഷിക്കുന്ന നയപരമായ മാറ്റങ്ങള്‍ക്കും ചൈനയുടെ സമ്പദ്വ്യവസ്ഥയില്‍ നയപരമായ ഉത്തേജനം ചെലുത്തുന്ന സ്വാധീനത്തിനും ഇടയില്‍ എഫ്ഡിഐ വരവ് മിതമായ രീതിയില്‍ തുടരാന്‍ സാധ്യതയുണ്ടെന്ന് കണ്‍സള്‍ട്ടന്‍സി ഡെലോയിറ്റ് ഇന്ത്യയുടെ സാമ്പത്തിക വിദഗ്ധനായ റുംകി മജുംദാര്‍ പറഞ്ഞു.
പ്രാരംഭ ഘട്ട നിക്ഷേപം, വളര്‍ച്ചാ മൂലധനം, തന്ത്രപ്രധാന നിക്ഷേപം എന്നിങ്ങനെ എല്ലാ മേഖലകളിലും ഇന്ത്യയില്‍ എഫ്ഡിഐ ഉയരാന്‍ സാധ്യതയുണ്ടെന്ന് ശാര്‍ദുല്‍ അമര്‍ചന്ദ് മംഗള്‍ദാസ് ആന്‍ഡ് കമ്പനിയുടെ പങ്കാളിയായ മാനവ് നാഗരാജും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: