ന്യൂദൽഹി: ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിലേക്ക്. മോദിസർക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ശ്രീലങ്കൻ പ്രസിഡന്റ് ന്യൂദൽഹിയിലെത്തുന്നതെന്ന് ശ്രീലങ്കൻ സർക്കാർ വക്താവ് നളിന്ദ ജയദിസ്സ അറിയിച്ചു.
കടുത്ത മാക്സിസ്റ്റുകാരനായ പ്രസിഡന്റാണ് എകെഡി എന്ന ചുരുക്കപ്പേരില്‍ വിളിക്കുന്ന ജനതാ വിമുക്തി പെരുമന എന്ന പാര്‍ട്ടിയുടെ നേതാവ് കൂടിയാണ് അനുര കുമാര ദിസനായകെ. ഇദ്ദേഹം കടുത്ത ചൈനാഭക്തനുമാണ്. പക്ഷെ ശ്രീലങ്കയുമായുള്ള ബന്ധത്തിന്റെ സുദീര്ഘചരിത്രത്തിന്റെ അടിത്തറയില്‍ അനുര കുമാര ദിസനായകയെ നേരിടാന്‍ മോദിയ്ക്കറിയാം എന്നതിന് തെളിവാണ് അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദര്‍ശനം. മാത്രമല്ല, ഇന്ത്യ-മാലിദ്വീപ് ബന്ധം ഉലയുകയും ഒടുവില്‍ പ്രസിഡന്റ് മുഹമ്മദ് മൊയ്സു മോദിയ്ക്ക് അടിയറ പറഞ്ഞതും മോദിയുടെ കരുത്ത് വിളിച്ചോതുന്ന സംഭവമായിരുന്നു. ഇത് ശ്രീലങ്കയിലെ പ്രസിഡന്റും നന്നായി മനസ്സിലാക്കിയിരിക്കണം. മാത്രമല്ല, ഇന്ത്യയോട് ഇടഞ്ഞുനിന്ന ചൈന മറ്റ് നിവൃത്തിയില്ലാതെ ഇന്ത്യയോട് അടുക്കുകയും അതിര്‍ത്തിതര്‍ക്കത്തിന്റെ കാര്യത്തില്‍ സമവായമുണ്ടാക്കിയതും ദിസ്സനാകെയ്ക്ക് അറിയാം.
2022ലെ സാമ്പത്തിക പ്രതിസന്ധിക്കാലത്ത് ശ്രീലങ്കയ്ക്ക് ഏറ്റവും വലിയ സാമ്പത്തിക സഹായം നല്‍കിയത് ഇന്ത്യയാണ്. കോവിഡ് കാലത്ത് വാക്സിനുകളും ഭക്ഷണവും ഇന്ത്യ സുലഭമായി അയച്ചതും ഒരു ശ്രീലങ്കക്കാരനും മറക്കാനാവില്ല. ഇക്കാര്യത്തില്‍ മോദി സര്‍ക്കാരിന്റെ ഉണര്‍വ്വോടെയുള്ള പ്രവര്‍ത്തനം ശ്രീലങ്കയിലെ ഭരണപ്രതിപക്ഷങ്ങള്‍ ഒരു പോലെ അഭിനന്ദിച്ചിരുന്ന ഒന്നാണ്. മത്സ്യത്തൊഴിലാളികളുടെ അതിര്‍ത്തി സംബന്ധിച്ച് ഒരു തര്‍ക്കം ശ്രീലങ്കയുമായുണ്ട്. കച്ചൈത്തീവ് പ്രശ്നം മോദി തെരഞ്ഞെടുപ്പ് കാലത്ത് ഉയര്‍ത്തിയിരുന്ന വിഷയമാണ്. അതും തമിഴ്നാട്ടില്‍ മാത്രം. ശ്രീലങ്കയ്ക്ക് സഹായം നല്‍കുന്നതും ഇന്ത്യയുടെ പ്രഥമപരിഗണനയില്‍ ഇരിക്കുന്ന പ്രശ്നമാണ്. ശ്രീലങ്കയെ പ്രശ്നങ്ങളില്‍ നിന്നും കരകയറ്റാന്‍ സര്‍ക്കാര്‍ തലത്തിലും സ്വകാര്യമേഖലയില്‍ നിന്നും നിക്ഷേപം നല്കാന് ഇന്ത്യ ഒരുക്കമാണ്. ഇത് വിശദമായി ചര്‍ച്ച ചെയ്യും. ചൈനയെ അകറ്റി നിര്‍ത്തുക എന്നത് ഇന്ത്യയുടെ നയമാണ്. ഒരിയ്ക്കല്‍ ചൈനയുടെ ചൂടറിഞ്ഞ ശ്രീലങ്ക വീണ്ടും ധനസഹായം തേടി ചൈനയെ സമീപിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇതും ഇന്ത്യയുടെ പ്രശ്നം തന്നെയാണ്. അദാനിയുമായി ഒപ്പുവെച്ച ഹരിതോര്‍ജ്ജ പദ്ധതി റദ്ദാക്കുമെന്ന് പ്രസിഡന്റായ ഉടനെ ദിസ്സനായകെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇത് സംബന്ധിച്ച് യാതൊരു നീക്കവും ഉണ്ടായിട്ടില്ല. ഇക്കാര്യവും ചര്‍ച്ച ചെയ്തേക്കും.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം എത്തുന്നത്. ഡിസംബർ 15 ന് അദ്ദേഹം ഇന്ത്യയിലെത്തും. സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയായും രാഷ്ട്രപതി ദ്രൗപദി മുർമുവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ശ്രീലങ്കൻ വിദേശകാര്യ മന്ത്രി വിജിത ഹെറാത്ത്, ധനകാര്യ സഹമന്ത്രി അനിൽ ജയന്ത ഫെർണാണ്ടോ എന്നിവരും ദിസനാകെയ്ക്കൊപ്പം ഇന്ത്യയിലെത്തും. ശ്രീലങ്കൻ പ്രസിഡന്റായി അധികാരത്തിലേറിയ ശേഷമുള്ള ദിസനായകെയുടെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.
അനുര ദിസനായകെ അധികാരമേറ്റതിന് പിന്നാലെ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ശ്രീലങ്കയിൽ വച്ച് അനുര ദിസനായകെയുമായി കൂടിക്കാഴ്ച നടത്തുകയും ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീലങ്കൻ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: