കൊച്ചി: നടിയെ ആക്രമിച്ച കേസിൽ രാഷ്‌ട്രപതിക്ക് കത്തയച്ച് അതിജീവിത. ചട്ടവിരുദ്ധമായി മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചെന്ന് വ്യക്തമായിട്ടും ഉത്തരവാദികൾക്കെതിരെ നടപടിയില്ല. ഹൈക്കോടതിയും സുപ്രീംകോടതിയും നടപടി എടുക്കാത്ത സാഹചര്യത്തിലാണ് കത്തെഴുതുന്നതെന്നും അതിജീവിത ചൂണ്ടിക്കാട്ടുന്നു.
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അന്തിമഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് അതിജീവിതയുടെ നടപടി. തന്നെ തടഞ്ഞുനിർത്തി ആക്രമിക്കുന്ന ദൃശ്യങ്ങളാണ് മെമ്മറികാർഡിലുള്ളത്. ചട്ട വിരുദ്ധമായി അത് തുറന്ന് പരിശോധിച്ചെന്ന് നേരത്തേ തന്നെ അന്വേഷണത്തിൽ വ്യക്തമായിരുന്നു. മുന്ന് കോടതികളുടെ കസ്റ്റഡിയിലിരിക്കവേയാണ് മെമ്മറികാർഡ് തുറന്ന് പരിശോധിച്ചത്. ഇതിന് ഉത്തരവാദികളായവർക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.
മെമ്മറികാർഡ് തുറന്ന് പരിശോധിച്ചതിനെതിരെ ഹൈക്കോടതിക്കും സുപ്രീംകോടതിക്കും പരാതി നൽകിയിട്ടും നടപടിയൊന്നും ഉണ്ടായില്ല. ഇക്കാര്യത്തിൽ ജുഡീഷ്യറിയുടെ ഭരണതലത്തിലാണ് നടപടിയെടുക്കേണ്ടത്. അതുണ്ടാകാത്ത സാഹചര്യത്തിലാണ് രാഷ്‌ട്രപതിക്ക് കത്ത് നൽകുന്നതെന്നും അതിജീവിത പറഞ്ഞു. മെമ്മറികാർഡിലെ ദൃശ്യങ്ങൾ പുറത്തുപോയാൽ, അത് തന്റെ ജീവിതത്തെ കാര്യമായി ബാധിക്കും. അതിനാൽ രാഷ്‌ട്രപതി ഇടപെട്ട് ഇക്കാര്യത്തിൽ അന്വേഷണം ഉണ്ടാവണമെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും അതിജീവിത ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: