തിരുവനന്തപുരം: അശാസ്ത്രീയമായ വാര്‍ഡ് വിഭജനത്തില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നും തെറ്റുകള്‍ തിരുത്തണമെന്നും ജസ്റ്റിസ് എം.ആര്. ഹരിഹരന് നായര്‍.
ജനങ്ങളെ ദുരിതത്തിലാക്കുന്ന നിയമവിരുദ്ധമായ വാര്‍ഡ് വിഭജനത്തിനെതിരെ ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ. വി.വി. രാജേഷ് നയിക്കുന്ന പ്രതിഷേധജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നൂറ് വാര്‍ഡുകളുള്ള കോര്‍പ്പറേഷനില്‍ ഒരു വാര്‍ഡ് കൂടി കൂട്ടുന്നതിനാണ് എട്ട് വാര്‍ഡുകള്‍ ഇല്ലാതാക്കി പകരം ഒന്‍പതെണ്ണം പുതിയതായി രൂപീകരിക്കുന്നത്. എന്താണ് ഇതിനു പുറകിലുള്ള യുക്തി. സുതാര്യമായ നടപടിയല്ല ഇതെന്ന് അദ്ദേഹം പറഞ്ഞു.
ജനായത്ത സമ്പ്രദായത്തില്‍ പൗരന്മാര്ക്ക് നിര്‍വഹിക്കാനുള്ള ചുമതലകളുമുണ്ട്. നിയമങ്ങള്‍ നിര്‍മിച്ച് നല്‍കുന്നതോടെ നിയമനിര്‍മാണ സഭകളുടെ ചുമതല തീരുന്നു. അത് നടപ്പാക്കേണ്ടത് സര്‍ക്കാരും നിയമത്തില്‍ വിവക്ഷിക്കുന്ന അധികാരികളുമാണ്. അവര്‍ക്ക് അക്കാര്യത്തില്‍ തെറ്റുകള്‍ സംഭവിക്കുമ്പോള്‍ അതു തിരുത്തിക്കാനായി ശബ്ദമുയര്‍ത്തുക എന്നതാണ് പൗരധര്‍മ്മം. പ്രതികരിക്കേണ്ട സന്ദര്‍ഭങ്ങളില്‍ പ്രതികരിക്കാതിരുന്നാല്‍ പിന്നീട് കാര്യങ്ങള്‍ കൈവിട്ടുപോകും. ജനസംഖ്യാപരമായ ഘടകങ്ങളും ഭൂമിശാസ്ത്രപരമായ സവിശേഷതകളും സാമ്പത്തിക സാമൂഹ്യ സാഹചര്യങ്ങളും പോലുള്ള ഘടകങ്ങളെ ഡീലിമിറ്റേഷന്‍ പ്രക്രിയയില്‍ അവഗണിക്കാനാകില്ലെന്നും ജസ്റ്റിസ് ഹരിഹരന് നായര്‍ പറഞ്ഞു.
കോര്പ്പറേഷന് ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എം.ആര്. ഗോപന് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പ്രൊഫ. വി.ടി. രമ, സി. ശിവന്‍കുട്ടി, സംസ്ഥാന കമ്മിറ്റിയംഗം മധു മുല്ലശ്ശേരി, സംസ്ഥാന സമിതിയംഗം സിമി ജ്യോതിഷ്, തമ്പാനൂര്‍ സതീഷ്, തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് ഹരികൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. 15 വരെ തുടരുന്ന പ്രതിഷേധ ജാഥ നഗരപരിധിയിലെ വിവിധ വാര്‍ഡുകളിലൂടെ കടന്നു പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: