വാഷിംഗ്ടൺ : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെയുള്ള സമീപകാല ആക്രമണങ്ങൾക്കെതിരെ ചിക്കാഗോയിലും അതിന്റെ പ്രാന്തപ്രദേശങ്ങളിലും നിന്നുള്ള ഇന്ത്യൻ-അമേരിക്കൻ വംശജർ പ്രതിഷേധ യോഗം നടത്തി. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സംരക്ഷണത്തിനായി അമേരിക്ക ഇടപെടണമെന്ന് അവർ ആവശ്യപ്പെട്ടു.
ഞായറാഴ്ച ചിക്കാഗോ നഗരപ്രാന്തത്തിലെ ഒരു കമ്മ്യൂണിറ്റി സെൻ്ററിൽ നടന്ന മീറ്റിംഗിൽ ഒരു വീഡിയോ സന്ദേശത്തിൽ കോൺഗ്രസ് അംഗം താനേദർ ഈ വിഷയം യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റുമായി ഉന്നയിക്കുമെന്ന് അറിയിച്ചു. ഹിന്ദുക്കൾക്ക് അവരുടെ മതം അവർക്ക് ഇഷ്ടമുള്ള രീതിയിൽ ആചരിക്കാനുള്ള സ്വാതന്ത്ര്യത്തിനായി പോരാടുന്നത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ ഹിന്ദു സ്വയംസേവക് സംഘ് അംഗം സിദ്ധേഷ് ഷെവാദേ ഹിന്ദു അമേരിക്കക്കാരോട് അവരുടെ പ്രാദേശിക, ഫെഡറൽ പ്രതിനിധികളുമായി ബന്ധപ്പെട്ട് ഈ പ്രശ്നം ഉന്നയിക്കാൻ അഭ്യർത്ഥിച്ചു. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സംരക്ഷണത്തിനായി ഉദ്യോഗസ്ഥരിൽ നിന്ന് നടപടി സ്വീകരിക്കണമെന്ന് സമൂഹം ആവശ്യപ്പെടണമെന്ന് അഭിഭാഷകയായ ലക്ഷ്മി സാരഥിയും പറഞ്ഞു.
ചിക്കാഗോ നഗരത്തിന് പലസ്തീന് വേണ്ടി ഒരു പ്രമേയം കൊണ്ടുവരാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് വേണ്ടി സാധിക്കില്ലെയെന്നും സാരഥി ചോദിച്ചു. 1948, 1971, 1975 വർഷങ്ങളിൽ ഹിന്ദു സമൂഹം നിശ്ശബ്ദമായിരുന്നു. എന്നാൽ ഇനി അങ്ങനെ തുടരില്ലെന്ന് ചിക്കാഗോ കാലി ബാരി സംഘടനയുടെ രാം ചക്രവർത്തി പറഞ്ഞു. എല്ലാ അമേരിക്കൻ ഹിന്ദുക്കളും ബംഗ്ലാദേശ് ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കണമെന്ന് ഏഷ്യൻ സ്റ്റോർ ഓണേഴ്‌സ് അസോസിയേഷനിൽ നിന്നുള്ള നീരവ് പട്ടേൽ അഭിപ്രായപ്പെട്ടു.
ബംഗ്ലദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന എല്ലാ ഹിന്ദുക്കളെയും താമസിക്കാൻ അനുവദിക്കണമെന്ന് പ്രഗത്ഭനായ ഇന്ത്യൻ അമേരിക്കക്കാരനായ ഭാരത് ബറായി ഇന്ത്യയോട് അഭ്യർത്ഥിച്ചു. ഇന്ത്യയിൽ നിന്നുള്ള എല്ലാ റോഹിങ്ക്യകളെയും അനധികൃത കുടിയേറ്റക്കാരെയും നാടുകടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: