തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകളുടെ രീതി പരിഷ്കരിക്കുന്നത് പരിഗണനയിലാണെന്ന് ഗതാഗത കമ്മീഷണര്‍ സിഎച്ച് നാഗരാജു. ലേണേഴ്സ് കഴിഞ്ഞ്
ആറു മാസത്തെയോ ഒരുവര്‍ഷത്തെയോ കാലയളവില്‍ നിരീക്ഷണാടിസ്ഥാനത്തിലുള്ള (പ്രൊബേഷണറി) ലൈസന്‍സ് ഏര്‍പ്പെടുത്താനാണ് ആലോചന.
ഡ്രൈവര്‍മാർ കൂടുതല്‍ പ്രായോഗിക അറിവും പ്രാഗത്ഭ്യവും നേടുകയെന്ന ലക്ഷ്യത്തോടെയാണു പരിഷ്‌കാരം. ആദ്യം പ്രൊബേഷണറി ലൈസന്‍സാകും നല്‍കുക. ഇക്കാലയളവില്‍ അപകടരഹിത യാത്ര ഉറപ്പാക്കിയാലേ ലൈസന്‍സ് നല്‍കൂ. ഇത്തരത്തില്‍ പ്രൊബേഷണറി ലൈസന്‍സ് നല്‍കുന്ന രാജ്യങ്ങളുടെ വിവരം വകുപ്പു ശേഖരിച്ചിട്ടുണ്ട്.
ലൈസന്‍സ് കിട്ടിയാലുടന്‍ വാഹനവുമായി പായുന്നത് അപകടം ക്ഷണിച്ചുവരുത്തുന്നുവെന്നാണു വകുപ്പിന്റെ വിലയിരുത്തല്‍. ആലപ്പുഴയില്‍ ആറു മെഡിക്കല്‍ വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ കാറോടിച്ചത് അഞ്ചുമാസം മുന്‍പ് ലൈസന്‍സ് കിട്ടിയ വിദ്യാര്‍ഥിയായിരുന്നു. അതിവേഗത്തിലായിരുന്നില്ലെങ്കിലും പരിചയക്കുറവ് അപകടകാരണങ്ങളിലൊന്നായി കണ്ടെത്തിയിരുന്നു.
അപകടരഹിത യാത്ര ഉറപ്പാക്കി പുതിയ ഡ്രൈവിങ് സംസ്‌കാരം രൂപപ്പെടുത്തലാണ് പരിഷ്‌കാരത്തിന്റെ ഉദ്ദേശ്യമെന്നും ഇതിനുള്ള ചര്‍ച്ച പുരോഗമിക്കുകയാണെന്നും ഗതാഗത കമ്മിഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. ലേണേഴ്സ് ലൈസന്‍സ് പരീക്ഷയിലും മാറ്റം കൊണ്ടുവരും. തിയറിറ്റിക്കൽ അറിവ് കൂടുതൽ ഉണ്ടാകണം. ഇതിനായി ചോദ്യങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതും പരിഗണനയിലാണ്.
ലേണേഴ്സ് പരീക്ഷയിൽ നെഗറ്റീവ് മാർക്കും ഉൾപ്പെടുത്തും. എച്ചും എട്ടും മാത്രം എടുക്കുന്ന രീതി മാറ്റണമെന്നും അക്രഡിറ്റഡ് ഡ്രൈവിങ് കൂടുതൽ വരുമ്പോൾ മാറ്റം ഉണ്ടാകുമെന്നും ഗതാഗത കമ്മീഷണര്‍ പറഞ്ഞു. ഇതു മൂന്നു മാസത്തിനകം നടപ്പാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക