തിരുവനന്തപുരം: പോത്തൻകോട് ഒറ്റയ്‌ക്ക് താമസിച്ചിരുന്ന വയോധികയെ മരിച്ചനിലയിൽ കണ്ടെത്തി. കൊയ്‌ത്തൂർക്കോണം സ്വദേശി മണികണ്ഠ ഭവനിൽ തങ്കമ്മ(65)യാണ് മരിച്ചത്. ഇന്ന് രാവിലെ വീടിനോട് ചേർന്നുള്ള പുരയിടത്തിലാണ് തങ്കമണിയുടെ മൃതദേഹം കണ്ടെത്തിയത്. ഇവരുടെ വസ്ത്രങ്ങൾ കീറിയ നിലയിലാണ്. കൂടാതെ മുഖത്ത് നഖം കൊണ്ട് മുറിവേറ്റിട്ടുണ്ട്.
തങ്കമണിയുടെ വീടിന്റെ തൊട്ടടുത്തായി സഹോദരങ്ങൾ താമസിക്കുന്നുണ്ട്. ഇതിലൊരാളുടെ വീടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സഹോദരിയാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് ബന്ധുക്കളെയും പോലീസിനെയുമൊക്കെ വിവരമറിയിക്കുകയായിരുന്നു. രാവിലെ പൂജയ്‌ക്കായി പൂവ് പറിക്കാൻ പോകുന്ന പതിവ് തങ്കമ്മയ്‌ക്കുണ്ടായിരുന്നു.
തങ്കമ്മയുടെ ബ്ലൗസ് കീറിയ നിലയിലാണ്. കമ്മൽ നഷ്ടപ്പെട്ടു. കൂടാതെ അവർ ഉടുത്തിരുന്ന മുണ്ടുകൊണ്ട് മൃതദേഹം മൂടിയിരുന്നു. മൃതദേഹത്തിന് സമീപത്തായി പൂക്കളും തങ്കമണിയുടെ ചെരുപ്പും കിടപ്പുണ്ട്. കൊലപാതകമെന്ന സംശയത്തിലാണ് പോലീസ്. ഫോറൻസിക് സംഘവും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.
സംഭവത്തിൽ മംഗലപുരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: