കൊച്ചി: ഇഞ്ചി കര്‍ഷകര്‍ക്ക് പ്രതീക്ഷയേകി മികച്ച ഉല്പാദനക്ഷമതയുള്ള മറ്റൊരിനം കൂടി കര്‍ഷകരിലേക്ക്. കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം (ഐഐഎസ്ആര്‍) കര്‍ഷക പങ്കാളിത്തത്തോടെ വികസിപ്പിച്ച പുതിയ ഇനത്തിന് ‘ഐഐഎസ്ആര്‍ സുരസ’ എന്നാണ് പേരു നല്‍കിയിരിക്കുന്നത്.
കഴിക്കുമ്പോള്‍ കുത്തല്‍ അനുഭവപ്പെടാത്ത, രുചിയുള്ള ഇനമാണ് സുരസ. ശാസ്ത്രീയ രീതികള്‍ അവലംബിച്ചു കൃഷി ചെയ്താല്‍ ഹെക്ടറിന് 24.33 ടണ്ണോളം വിളവ് സുരസയില്‍ നിന്നും പ്രതീക്ഷിക്കാം. സ്ഥിരതയോടെ ഈ വിളവ് ലഭിക്കുമെന്നതും പുതിയ ഇനത്തിന്റെ മേന്മയാണ്. പച്ചക്കറി ആവശ്യത്തിനുവേണ്ടി വികസിപ്പിച്ച രാജ്യത്തെ തന്നെ ആദ്യത്തെ ഇഞ്ചി ഇനം എന്ന പ്രത്യേകതകൂടി സുരസയ്‌ക്കുണ്ട്.
ഗ്രോ ബാഗുകളില്‍ കൃഷി ചെയ്യുന്നതിനും ഏറെ അനുയോജ്യമായിട്ടുള്ളതാണ് ഈ ഇനം. കോടഞ്ചേരിയിലുള്ള കര്‍ഷകനായ ജോണ്‍ ജോസഫില്‍ നിന്നുമാണ് ഗവേഷകര്‍ ഇതിന്റെ യഥാര്‍ത്ഥ പ്രകാണ്ഡം കണ്ടെടുക്കുന്നത്. തുടര്‍ന്ന് ഇതില്‍ നടത്തിയ പരീക്ഷണങ്ങളുടെ ഫലമായാണ് സുരസ വികസിപ്പിക്കാനായത്. സുഗന്ധവിള ഗവേഷണ സ്ഥാപനത്തിലും, കേരളം, നാഗലാന്‍ഡ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിലുമായി ആറു വര്‍ഷത്തോളം കൃഷി ചെയ്തു ഉത്പാദനക്ഷമത ഉറപ്പുവരുത്തിയതിനുശേഷമാണ് സുരസ കര്‍ഷകരിലേക്കെത്തുന്നത്. ഈ ഇനം കേരളത്തില്‍ കൃഷി ചെയ്യുന്നതിനുള്ള അനുമതി കഴിഞ്ഞ ദിവസം സംസ്ഥാന വെറൈറ്റല്‍ റിലീസ് കമ്മിറ്റിയില്‍ നിന്നും ഗവേഷണ സ്ഥാപനം കരസ്ഥമാക്കിയതായി സുരസയുടെ മുഖ്യ ഗവേഷകയും സുഗന്ധവിള ഗവേഷണ സ്ഥാപനത്തിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റുമായ ഡോ. സി.കെ. തങ്കമണി പറഞ്ഞു.
അടുത്ത നടീല്‍ സീസണായ മെയ്, ജൂണ്‍ മാസത്തോടെ കര്‍ഷകര്‍ക്ക് ചെറിയ അളവില്‍ വിത്ത് ലഭ്യമായി തുടങ്ങും. സുഗന്ധവിള ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞരായ ഡോ. എന്‍.കെ. ലീല, ഡോ. ടി.ഇ. ഷീജ, ഡോ. കെ.എസ്. കൃഷ്ണമൂര്‍ത്തി, ഡോ. ഡി. പ്രസാദ്, ഡോ. ഷാരോണ്‍ അരവിന്ദ്, ഡോ. എസ്. മുകേഷ് ശങ്കര്‍ എന്നിവരാണ് ഗവേഷണ സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: