ന്യൂദല്‍ഹി: അതിര്‍ത്തി വഴിയുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചതോടെ മ്യാന്മര് അതിര്‍ത്തി വേലി കെട്ടിയടയ്ക്കാനുള്ള നടപടികള്‍ ഭാരതം ആരംഭിച്ചു. മ്യാന്മറുമായി അതിര്‍ത്തി പങ്കുവയ്ക്കുന്ന 1646 കിലോമീറ്ററാണ് വേലികെട്ടിത്തിരിക്കുക. ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനാണ്(ബിആര്‍ഒ) നിര്‍മാണച്ചുമതല. ആദ്യ ഘട്ടത്തില്‍ അരുണാചല്‍ പ്രദേശിലെ 83 കിലോമീറ്റര്‍ നീളത്തിലാണ് ഫെന്‍സിങ് നിര്‍മിക്കുക. പത്ത് വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ.
മ്യാന്മറിലൂടെ ഭാരതത്തിലേക്ക് ആയുധക്കടത്തും മയക്കുമരുന്ന് കടത്തും വ്യാപകമാകുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ നടപടി. ഫെന്‍സിങ് പദ്ധതി വേഗത്തിലാക്കാന്‍ അടുത്തിടെ ആഭ്യന്തര മന്ത്രാലയം മണിപ്പൂരിനോടും അരുണാചല്‍ പ്രദേശിനോടും ആവശ്യപ്പെട്ടിരുന്നു.
1643 കിലോമീറ്ററാണ് ഭാരതം മ്യാന്മറുമായി അതിര്‍ത്തി പങ്കിടുന്നത്. ഇതില്‍ 520 കിലോമീറ്റര്‍ അരുണാചല്‍ പ്രദേശിലാണ്. മിസോറാമില്‍ 510 കിലോമീറ്റര്‍, മണിപ്പൂരില്‍ 398 കിമീ, നാഗാലാന്‍ഡ് 215 കിമീ എന്നിങ്ങനെയാണ് അതിര്‍ത്തി പങ്കിടുന്നത്. മുഴുവന്‍ അതിര്‍ത്തിയിലും ഫെന്‍സിങ് നിര്‍മിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിര്‍ണായകമായ 300 കിലോമീറ്ററില്‍ ഇലക്ട്രിക് ഫെന്‍സിങ്ങാണ് നിര്‍മിക്കുക. 31,000 കോടി രൂപയാണ് പദ്ധതിക്കായി മൊത്തം വകയിരുത്തിയിരിക്കുന്നത്. ആറ് മാസത്തിനിടെ മ്യാന്മര് അതിര്‍ത്തിയില്‍ നിന്ന് 1,125 കോടിയുടെ മയക്കുമരുന്നാണ് പിടികൂടിയത്. ഫെന്‍സിങ് സജ്ജമാകുന്നതോടെ മയക്കുമരുന്ന് ആയുധം കടത്തല്‍ ഫലപ്രദമായി തടയാനാകുമെന്നാണ് കരുതുന്നത്.
മ്യാന്മറിലേയും ഭാരതത്തിലേയും പൗരന്മാര്ക്ക് യാതൊരു രേഖകളുമില്ലാതെ പരസ്പരം 16 കിലോമീറ്റര്‍ പ്രദേശത്തേക്ക് കടക്കാന്‍ അനുവദിക്കുന്ന ഫ്രീ മൂവ്മെന്റ് റെജിം (എഫ്എംആര്‍) കേന്ദ്രസര്‍ക്കാര്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ റദ്ദാക്കിയിരുന്നു. മ്യാന്മറില് നിന്നുള്ള അനധികൃത കടന്നുകയറ്റം മണിപ്പൂരിലെ കലാപത്തിന് കാരണമായെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനെ തുടര്‍ന്നാണ് ഫെന്‍സിങ് നിര്‍മിക്കാനും എഫ്എംആര്‍ ഒഴിവാക്കാനും ആഭ്യന്തര മന്ത്രാലയം തീരുമാനമെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: