പാലക്കാട്: സംസ്കൃതത്തോട് സംസ്ഥാന സര്‍ക്കാരിന് അവഗണന. ഈ മാസം നടത്തേണ്ട സ്കോളര്‍ഷിപ്പ് പരീക്ഷ അനിശ്ചിതത്വത്തില്‍. പരീക്ഷ വൈകിയാല്‍ സ്കോളര്‍ഷിപ്പ് തുക തന്നെ നഷ്ടപ്പെടുമെന്ന അവസ്ഥയാണ്. സംസ്കൃത സ്പെഷല്‍ ഓഫീസര്‍ തസ്തിക ഒഴിഞ്ഞുകിടക്കുന്നു. നിലവില്‍ അറബിക് സ്പെഷല്‍ ഓഫീസര്‍ക്ക് അധികച്ചുമതല.
സംസ്ഥാനത്ത് അരലക്ഷത്തിലേറെ കുട്ടികളാണ് സംസ്കൃത സ്കോളര്‍ഷിപ്പ് എഴുതാറുള്ളത്. കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് പരീക്ഷ നടത്തിയത്. ഇക്കുറി ചോദ്യക്കടലാസ് തയാറാക്കുന്നതിന് അദ്ധ്യാപകര്‍ക്ക് ശില്പശാല നടത്തുകയോ പരീക്ഷയുടെ സര്‍ക്കുലര്‍ ഇറക്കുകയോ ചെയ്തിട്ടില്ല.
പരീക്ഷ വൈകിയാല്‍ മാര്‍ച്ചിന് മുന്‍പ് സര്‍ട്ടിഫിക്കറ്റും സ്കോളര്‍ഷിപ്പ് തുകയും വിതരണം ചെയ്യാന്‍ കഴിയില്ല. മുമ്പ് ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ല, ചെര്‍പ്പുളശ്ശേരി, കുഴല്‍മന്ദം, ചിറ്റൂര്‍ ഉപജില്ലകളുടെ തുക പാഴാകുന്ന സാഹചര്യമുണ്ടായി. ഒരു വിദ്യാലയത്തിലെ ഓരോ ക്ലാസില്‍ നിന്നും രണ്ടുവിദ്യാര്ത്ഥികള്ക്കാണ് പരീക്ഷ എഴുതാന്‍ കഴിയുക. എല്‍പി വിഭാഗത്തില്‍ ഉപജില്ലയിലെ നാല് വരെ ക്ലാസുകളില്‍ നിന്നായി 40 വിദ്യാര്‍ഥികള്‍ക്ക് 100 രൂപവീതം സ്കോളര്‍ഷിപ്പ് ലഭിക്കും. യുപിയില്‍ മൂന്ന് ക്ലാസുകളില്‍ നിന്നായി 45 പേര്‍ക്ക് 400 രൂപവീതമാണ് ലഭിക്കുക. ഹൈസ്കൂളില്‍ വിദ്യാഭ്യാസ ജില്ലാ തലത്തിലാണ് പരീക്ഷ. 90 കുട്ടികള്‍ക്ക് 600 രൂപവീതമാണ് സ്കോളര്‍ഷിപ്പ്, സംസ്ഥാനത്ത് 163 ഉപജില്ലകളും 41 വിദ്യാഭ്യാസ ജില്ലകളുമാണുള്ളത്. 17545 വിദ്യാര്‍ത്ഥികള്‍ക്കായി 58 ലക്ഷം രൂപയാണ് സ്കോളര്‍ഷിപ്പ് പരീക്ഷയിലൂടെ നല്‍കുന്നത്. സംസ്കൃത പ്രവര്‍ത്തനങ്ങള്‍ക്കായി നല്കുന്ന പ്ലാന്‍ ഫണ്ടില്‍നിന്നാണ് ഈ തുക. 96 ലക്ഷം രൂപവരെയുണ്ടായിരുന്ന ഫണ്ട് രണ്ട് ഘട്ടങ്ങളിലായി വെട്ടിക്കുറച്ച് 60 ലക്ഷം രൂപയാക്കിയിരുന്നു.
സംസ്കൃത ദിനവുമായി ബന്ധപ്പെട്ട വിവിധ സാഹിത്യമത്സരങ്ങള്‍, ദേശീയ സംസ്കൃത സെമിനാര്‍, ശില്പശാലകള് എന്നിവയ്ക്കുകൂടി വേണ്ടിയുള്ള തുക നിലവില്‍ സ്കോളര്‍ഷിപ്പ് നല്കാന് മാത്രമേ തികയുന്നുള്ളു.
സംസ്കൃതം സ്പെഷല്‍ ഓഫീസര്‍ തസ്തിക 2022 ജൂണ്‍ മുതല്‍ ഒഴിഞ്ഞുകിടക്കുകയാണ്. ആദ്യം ഉറുദു സ്പെഷല്‍ ഓഫീസര്‍ക്കായിരുന്നു അധികച്ചുമതല. നിലവില്‍ അറബിക് സ്പെഷല്‍ ഓഫീസര്‍ക്കാണ് ചുമതല. സംസ്കൃതം സ്പെഷല്‍ ഓഫീസറുടെ റാങ്ക് പട്ടിക നിലവിലുണ്ടെങ്കിലും ഇതുവരെ നിയമനം നടത്താത്തതില്‍ ദുരൂഹതയുണ്ട്.
സ്പെഷല്‍ ഓഫീസര്‍ ഇല്ലാത്തതിനാല്‍ സംസ്കൃതം അക്കാദമിക് കൗണ്‍സില്‍ രൂപീകരിക്കുകയോ സെക്രട്ടറിയെ തെരഞ്ഞെടുക്കുകയോ ചെയ്തിട്ടില്ല. സംസ്ഥാനതല സംസ്കൃതദിനാചരണം പോലും നടന്നിട്ടില്ല.സ്കോളര്‍ഷിപ്പ് പരീക്ഷ അവതാളത്തിലാക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്ന് കേരള സംസ്കൃതാദ്ധ്യാപക ഫെഡറേഷന് കുറ്റപ്പെടുത്തി.
ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുന്നതും സ്പെഷല്‍ ഓഫീസറെയും റിസര്‍ച്ച് ഓഫീസറെയും നിയമിക്കാത്തതും സംസ്കൃതവിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ താളംതെറ്റിക്കുകയാണെന്ന് കെഎസ്ടിഎഫ് സംസ്ഥാന സമിതി അംഗം എച്ച്. രമേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: