ശാസ്താംകോട്ട: കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട കായല്‍ സംരക്ഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഒരു കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ പൂഴ്ത്തിയതിനെതിരെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു.
തടാകത്തിന്റെ സംരക്ഷണത്തിനും മറ്റ് അനുബന്ധ പ്രവൃത്തികള്‍ക്കുമായി കേന്ദ്രവിഹിതമായി 88.85 ലക്ഷം രൂപ അനുവദിച്ചതായി കണക്കുകള്‍ പുറത്തുവന്നതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ തീവെട്ടിക്കൊള്ള പുറത്തായത്. കേന്ദ്രപരിസ്ഥിതിവകുപ്പ് സഹമന്ത്രി അശ്വിനികുമാര്‍ ചൗബെയാണ് ഇക്കാര്യം പാര്‍ലമെന്റില്‍ വ്യക്തമാക്കിയത്.
ഗ്ലോബല്‍ എണ്‍വിയോണ്‍മെന്റ് ഫെസിലിറ്റി എന്ന ബാഹ്യ ധനസഹായമുള്ള തണ്ണീര്‍ത്തട പരിസ്ഥിതി ജൈവവൈവിധ്യ പ്രോജക്ടിന്റെ ഡെമോണ്സ്ട്രേഷന് സൈറ്റ് ആയി തെരഞ്ഞെടുത്തതിന്റെ ഭാഗമായി മറ്റൊരു 30 ലക്ഷം രൂപ കൂടി തടാകത്തിന്റെ സംയുക്ത നിര്‍വഹണ പദ്ധതിയുടെ പരിഷ്കരണത്തിനായി കേന്ദ്രം അനുവദിച്ചിരുന്നു.
ദേശീയ തണ്ണീര്‍ത്തട പരിസ്ഥിതി സംരക്ഷ പദ്ധതിയുടെ പരിഷ്കരിച്ച സംയുക്ത നിര്‍വഹണ പദ്ധതി 2019 മുതല്‍ കേരള തണ്ണീര്‍ത്തട അതോറിറ്റിയുടെ കീഴില്‍ നടപ്പാക്കാനായിരുന്നു കേന്ദ്ര നിര്‍ദേശം. പരിഷ്കരിച്ച പദ്ധതിയുടെ ഭാഗമായി ക്യാച്ച്മെന്റ് ഏരിയ പരിപാലനം, ജലവിഭവ നിര്‍വഹണം, ജൈവ വൈവിധ്യ പരിപാലനം എന്നിവയും സുസ്ഥിര തൊഴില്‍ അതിജീവന പദ്ധതികളും ശാസ്താംകോട്ട തടാകത്തിന്റെ നവീകരിച്ച സംരക്ഷണ പദ്ധതിയുടെ ഭാഗമായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
കേരള തണ്ണീര്‍ത്തട അതോറിറ്റിയുടെ കീഴില്‍ ശാസ്താംകോട്ട തടാകത്തിലെ മുന്‍കൂട്ടി സ്ഥാപിച്ച 21 സ്റ്റേഷനുകളില്‍ വെച്ച് തടാകത്തിലെ വെള്ളത്തിന്റെ ഗുണനിലവാര നിര്‍ണയം നടത്തണമെന്നും കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദേശത്തിലുണ്ട്.
ശാസ്താംകോട്ട തടാകം ശോഷിക്കുകയോ ജലസംഭരണ വ്യാപ്തി ചുരുങ്ങുകയോ ചെയ്യുന്നില്ലെങ്കിലും തടാകത്തിന്റെ കരകളില്‍ ചില ഭാഗങ്ങളില്‍ നിന്ന് വ്യാപകമായ തോതില്‍ മണ്ണൊലിപ്പ് നടക്കുന്നതായി കേരള തണ്ണീര്‍ത്തട അതോറിറ്റി കേന്ദ്ര സര്‍ക്കാരിന് മുന്‍പേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തടാകത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന ഇത്തരം പാരിസ്ഥിതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വന്‍ തുക അനുവദിച്ചത്.
കഴിഞ്ഞ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് വ്യാപക പരാതിലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ശാസ്താംകോട്ടയില്‍ നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് വിശദമായ റിപ്പോര്‍ട്ട് നല്കാന് ജില്ലാ ഭരണകൂടത്തോടും ജലവിഭവ വകുപ്പിനോടും നിര്‍ദേശിച്ചു.
എന്നാല്‍, റിപ്പോര്‍ട്ടിലെ പാകപ്പിഴ കാരണം കേന്ദ്രം അന്ന് അനുവദിച്ച കോടിക്കണക്കിന് രൂപ പാഴായി. തുടര്‍ന്നാണ് ഒരു വര്‍ഷം മുന്‍പ് കേരള തണ്ണീര്‍ത്തട അതോറിറ്റി പുതിയ പ്രോജക്ട് റിപ്പോര്‍ട്ട് നല്കി കേന്ദ്രത്തില്‍ നിന്ന് ഫണ്ട് അനുവദിപ്പിച്ചത്.
കൊടിക്കുന്നില്‍ സുരേഷ് എംപി ലോക്സസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നല്കിയ മറുപടിയിലാണ് സംസ്ഥാന സര്‍ക്കാര്‍ തടാക സംരക്ഷണത്തിന്റെ മറവില്‍ നടത്തിയ ഫണ്ട് വെട്ടിപ്പ് പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് ഫണ്ട് വിനിയോഗം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: