കൊച്ചി: പമ്പയില്‍ ഭിന്നശേഷിക്കാരന് ഡോളി നിഷേധിച്ച സംഭവത്തില്‍ ശബരിമല ചീഫ് പോലീസ് കോ ഓര്‍ഡിനേറ്ററോട് ഹൈക്കോടതി വിശദീകരണം തേടി. രണ്ടു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം.
പമ്പ ബസ് സ്റ്റോപ്പില്‍ ഇറങ്ങിയ ഭിന്നശേഷിക്കാരനായ പാലോട് സ്വദേശി സജീവന് ഇരിക്കുന്നിടത്തേക്ക് ഡോളി കടത്തിവിട്ടില്ലെന്നും കസേരയില്‍ ഇരിക്കാന്‍ പോലും ആരുടെയെങ്കിലും സഹായം വേണ്ട യുവാവിന് ഇതുമൂലം വലിയ ബുദ്ധിമുട്ടുണ്ടായെന്നും ‘ജന്മഭൂമി’ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സജീവന്റെ ബുദ്ധിമുട്ട് ശബരിമല സ്പെഷല്‍ കമ്മിഷണറും റിപ്പോര്‍ട്ട് ചെയ്തു. ഇവയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി. ശബരിമലയുമായി ബന്ധപ്പെട്ട കേസുകള്‍ ഹൈക്കോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് തേടിയത്. വര്‍ഷങ്ങളായി ശബരിമല ദര്‍ശനം നടത്തുന്ന സജീവന് ഡോളിയിലാണ് സന്നിധാനത്തേക്കെത്തുന്നത്.
അതിനിടെ നിലയ്ക്കലില്‍ അനധികൃത ബസ് സര്‍വീസ് നടത്തുന്നെന്ന റിപ്പോര്‍ട്ടില്‍ ദേവസ്വം ബെഞ്ച് നിലയ്ക്കല്‍ സിഐയോട് റിപ്പോര്‍ട്ട് തേടി. പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ തീര്‍ത്ഥാടകര്‍ക്കായുള്ള ശുചിമുറി സൗകര്യം സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. എന്‍വയോണ്‍മെന്റ് അസിസ്റ്റന്റ് എന്‍ജിനീയര്‍ക്കാണ് വിഷയത്തില്‍ റിപ്പോര്‍ട്ട് നല്‍കാനുള്ള ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: