ടെല്‍അവീവ്: വിമതര്‍ നിയന്ത്രണം ഏറ്റെടുത്തതിനു പിന്നാലെ സിറിയയില്‍ ഇസ്രയേല്‍ കനത്ത വ്യോമാക്രമണം നടത്തി. ആയുധ സംഭരണ കേന്ദ്രങ്ങള്‍ ബോംബിട്ടു തകര്‍ക്കുകയും ഗോലാന്‍ കുന്നുകളിലെ സിറിയന്‍ നിയന്ത്രിത പ്രദേശം ഇസ്രയേല്‍ പിടിച്ചെടുക്കുകയും ചെയ്തു. ഗോലാന്‍ കുന്നുകളിലെ ബഫര്‍ സോണ്‍ നിയന്ത്രണം താത്കാലികമായി ഏറ്റെടുത്തതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു.
വിമതര്‍ രാജ്യം പിടിച്ചടക്കിയതോടെ 1974ല്‍ സിറിയയുമായുണ്ടാക്കിയ ഉടമ്പടി തകര്‍ന്നെന്നു വ്യക്തമാക്കിയാണ് ഇസ്രയേല്‍ സൈന്യം ഈ പ്രദേശം പിടിച്ചെടുത്തത്. ഗോലാന്‍ കുന്നുകളുടെ ഇസ്രയേല്‍ അധിനിവേശ ഭാഗത്തുനിന്ന് ബഫര്‍ സോണിലേക്കും സമീപത്തുള്ള കമാന്‍ഡിങ് പൊസിഷനുകളിലേക്കും പ്രവേശിക്കാന്‍ ഇസ്രയേല്‍ പ്രതിരോധ സേനയോട് (ഐഡിഎഫ്) ഉത്തരവിട്ടെന്നും ഒരു ശത്രുവിനെയും അതിര്‍ത്തിയില്‍ നിലയുറപ്പിക്കാന്‍ അനുവദിക്കില്ലെന്നും നെതന്യാഹു അറിയിച്ചു.
നിയന്ത്രണത്തിലായ ഗ്രാമങ്ങളിലെ ജനങ്ങളോട് ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ വീടുകളില്‍ നിന്നു പുറത്തിറങ്ങരുതെന്ന് ഐഡിഎഫ് നിര്‍ദേശിച്ചു. സിറിയന്‍ തലസ്ഥാനം ഡമാസ്കസിനു തെക്കുപടിഞ്ഞാറ് 60 കിലോമീറ്റര്‍ അകലെയുള്ള പാറക്കെട്ടുകള്‍ നിറഞ്ഞ പീഠഭൂമിയാണ് ഗോലാന്‍ കുന്നുകള്‍. 1967ല്‍ ഇസ്രായേല്‍ ഗോലാന്‍ കുന്നുകളുടെ ഒരു ഭാഗം പിടിച്ചെടുത്തിരുന്നു. 1981ല്‍ അതു കൂട്ടിച്ചേര്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: