ഏകാദശിയുടെ മഹത്വം വിവരിക്കുന്ന ഒരു കഥ പത്മപുരാണത്തിലുണ്ട്. വിഷ്ണുഭഗവാന് ഒരിയ്ക്കല്‍ ഗരുഡാരൂഢനായി യമപുരിയില്‍ എത്തി. യമദേവനും മറ്റും ചേര്‍ന്ന് ഭഗവാനെ സ്വീകരിച്ചു. അപ്പോള്‍ യമലോകത്തിന്റെ തെക്കേ മൂലയില്‍ നിന്നു നിലവിളി കേട്ടു. നരകത്തില്‍ യാതന അനുഭവിയ്ക്കുന്ന പാപികളുടെ നിലവിളിയാണെന്ന് മനസ്സിലാക്കി ഭഗവാന് അവരെ കാണാന്‍ ചെന്നു. അന്ന് ഏകാദശി ആയിരുന്നു. ഏകാദശി എന്നു കേട്ടതോടെ അവരുടെ പാപങ്ങളെല്ലാം നീങ്ങി.
മറ്റൊരു ഐതിഹ്യം ഇങ്ങനെ: മഹാവിഷ്ണു യോഗനിദ്രയില്‍ ആയിരുന്നപ്പോള്‍, മുരാസുരന് ഭഗവാനെ ദ്വന്ദയുദ്ധത്തിന് വെല്ലുവിളിച്ചു. അപ്പോള്‍ ഭഗവാന്റെ ദേഹത്തുനിന്ന് ആയുധമേന്തിയ സ്ത്രീ പ്രത്യക്ഷപ്പെട്ട് മുരാസുരനെ വധിച്ചു. ഇതിനിടയില്‍ യോഗനിദ്രയില്‍ നിന്നുണര്‍ന്ന ഭഗവാനെ ആ സ്ത്രീരൂപം നമസ്ക്കരിച്ചു. അവര്‍ ആരാണെന്നും എന്തു വരമാണ് വേണ്ടതെന്നും ചോദിച്ച ഭഗവാനോട് താന്‍ ഏകാദശിയാണെന്നും ഭക്തര്‍ ഏകാദശി വൃതം ആചരിയ്ക്കുകയും അന്നേദിനം ഏകാദശ ഇന്ദ്രിയങ്ങളും അവര്‍ നിയന്ത്രിയ്ക്കകയും ചെയ്യണമെന്ന വരവും അവര്‍ വാങ്ങി.
ചന്ദ്രമാസത്തിനു വെളുത്ത പക്ഷമെന്നും, കറുത്തപക്ഷമെന്നും രണ്ട് ഭാഗമുണ്ട്. ഇരുപക്ഷങ്ങളിലേയും പതിനൊന്നാം ദിനമാണ് ഏകാദശി. ഈ ദിവസത്തെ വ്രതാചരണം വിഷ്ണു പ്രീതിയ്ക്ക് സഹായകമാണ്. സൂര്യോദയത്തിന് ദശമി ബന്ധമുള്ള ഏകാദശിയ്ക്ക് ഭൂരിപക്ഷ ഏകാദശി അഥവാ അംബരീഷപക്ഷ ഏകാദശിയെന്നും, ദ്വാദശി ബന്ധമുള്ളതിന് ആനന്ദപക്ഷ ഏകാദശി അഥവാ രുഗ്മാംഗ ഏകാദശിയെന്നും അറിയപ്പെടുന്നു.
വ്രതം ഇങ്ങനെ:
ഏകാദശിയുടെ അവസാന ഭാഗവും ദ്വാദശിയുടെ ആദ്യ ഭാഗവും ചേര്‍ന്ന മുപ്പത് നാഴിക ഹരിവാസരം ആണ്. ഈസമയം ഉറക്കമുള്‍പ്പടെ എല്ലാം നിഷിദ്ധമാണ്. അഖണ്ഡ നാമജപമാണ് ഈസമയം വേണ്ടത്. ഏകാദശി തലേന്നും (ദശമി) പിറ്റേന്നും (ദ്വാദശി) ഒരിയ്ക്കലും, ഏകാദശി ദിനത്തില്‍ പൂര്‍ണ്ണ ഉപവാസവുമാണ് വിധിച്ചിട്ടുള്ളത്. പ്രഭാതസ്നാനശേഷം വിഷ്ണു ക്ഷേത്ര ദര്‍ശനവും ഭാഗവത പാരായണവും ഉത്തമം. ദ്വാദശിയില്‍ കുളിച്ച് ക്ഷേത്രദര്‍ശനം നടത്തി പാരാണ വിടാം. ഏകാദശിയില്‍ ഗുരുവായൂരില്‍ എത്തുന്നവര്‍ ഭഗവത് കടാക്ഷത്തിന് പാത്രീഭൂതരാകും. ക്ഷേത്ര പ്രവേശനം നടപ്പില്‍ വരുന്നതിന് മുമ്പും എല്ലാ വിഭാഗം ഹിന്ദുക്കള്‍ക്കും ഏകാദശി ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് അനുമതിയുണ്ടായിരുന്നു.
വിശേഷാല്‍ ചുറ്റുവിളക്ക്
ഏകാദശിയ്ക്ക് ഒരുമാസം മുമ്പ് (തുലാത്തിലെ ശുക്ലപക്ഷ ഏകാദശി മുതല്‍) ഗുരുവായൂരില്‍ വിശേഷാല്‍ ചുറ്റുവിളക്ക് തുടങ്ങും. വ്യക്തികളുടേയും സംഘടനകളുടേയും സ്ഥാപനങ്ങളുടേയും ആഭിമുഖ്യത്തിലാണ് വിളക്കാഘോഷം. ഏകാദശിയ്ക്ക് ഒരാഴ്ച്ച മുമ്പ് പഞ്ചമി മുതല്‍ നവമി വരേയുള്ള വിളക്കുകള്‍ പാരമ്പര്യ വിളക്കുകളെന്നാണ് അറിയപ്പെടുന്നത്. ദശമി ദിനത്തിലെ വിളക്കാഘോഷം ശ്രീഗുരുവായൂരപ്പന് സങ്കീര്‍ത്തന ട്രസ്റ്റ് വകയാണ്. അഷ്ടമി മുതല്‍ വിളക്കിന് ഭഗവാന്റെ സ്വര്‍ണ്ണക്കോലം എഴുന്നെള്ളിയ്ക്കും. ദശമി നാളില്‍ രാവിലെ നടതുറന്നാല്‍ ഏകാദശി കഴിഞ്ഞ് ദ്വാദശി നാളില്‍ രാവിലെ ഒമ്പത് മണിവരെ പൂജകള്‍ക്കും, ദീപാരാധനയ്ക്കും ഒഴികെ ക്ഷേത്രനട അടയ്ക്കില്ല. ഏകാദശിനാളിലെ വിളക്കാഘോഷം ഗുരുവായൂര്‍ ദേവസ്വം വകയാണ്. ഏകാദശി ദിനം രാത്രി വൈകുന്നതോടെ കൂത്തമ്പലത്തില്‍ ദ്വാദശി പണസമര്‍പ്പണം ആരംഭിക്കും. ദ്വാദശി നാളില്‍ കാലത്ത് ഒന്‍പതോടെ ചടങ്ങുകള്‍ സമാപിച്ച് ക്ഷേത്രം അടയ്ക്കും.
പഞ്ചരത്ന കീര്‍ത്തനാലാപനം
കര്‍ണ്ണാടക സംഗീത കുലപതിയായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ അനുസ്മരണാര്‍ത്ഥം ഗുരുവായൂര്‍ ദേവസ്വം നടത്തുന്ന ചെമ്പൈ സംഗീതോത്സവത്തിന്റെ സുവര്‍ണ്ണ ജൂബിലി വര്‍ഷമാണ് ഇക്കുറി. ദശമി നാളില്‍ രാവിലേയാണ് ഏറെ ശ്രദ്ധേയമായ പഞ്ചരത്ന കീര്‍ത്തനാലാപനം അരങ്ങേറുന്നത്. ശ്രീഗുരുവായൂരപ്പന് ഏറെ പ്രിയപ്പെട്ട ഗജരാജന്‍ ഗുരുവായൂര്‍ കേശവന് ചരിഞ്ഞത് ഒരു ഏകാദശി നാളിലായിരുന്നു. ഇതിന്റെ സ്മരണയ്ക്കായി കേശവന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി അനുസ്മരണം നടക്കുന്നത് ദശമിനാളില്‍ രാവിലേയാണ്. ഏകാദശി വ്രതം മറ്റ് വ്രതങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തവും ശ്രേഷ്ഠവും വര്‍ണ്ണാശ്രമലിംഗഭേദമില്ലാതെ ഏവര്‍ക്കും അനുഷ്ഠിക്കാവുന്നതുമാണ്. ഏകാദശി വ്രതം ശ്രദ്ധാഭക്തിയോടെ അനുഷ്ഠിയ്ക്കുന്നവര്‍ക്ക് ഇഹത്തിലും, പരത്തിലും ശ്രേയസ്സ് കൈവരുമെന്നതില്‍ തര്‍ക്കമില്ല.
(ഗുരുവായൂര്‍ ക്ഷേത്രം മാനേജരാണ് ലേഖകന്‍.)
പുണ്യപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് ദശമി ദിനമായ ഇന്ന് രാവിലെ ഗജരാജന്‍ ഗുരുവായൂര്‍ കേശവന് അനുസ്മരണവും, പഞ്ചരത്ന കീര്‍ത്തനാലാപനവും നടക്കും.
നാളെയാണ് ചരിത്ര പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി. തെന്നിന്ത്യയിലെ നൂറോളം സംഗീത കുലപതികള്‍ ഒരുമിച്ചിരുന്ന് ഒന്‍പതു മുതല്‍ 10 വരെ ഒരു മണിക്കൂര്‍ ആലപിക്കുന്ന പഞ്ചരത്ന കീര്‍ത്തനാലാപനം, ദൂരദര്‍ശനും, ഓള് ഇന്ത്യ റേഡിയോയും തത്സമയം സംപ്രേഷണം ചെയ്യും.
നാളെ രാവിലെ ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പില്‍ ഒരാനയെ മാത്രം പങ്കെടുപ്പിച്ച് രാവിലെ 6.30നു പുറപ്പെടും. ക്ഷേത്രം കിഴക്കേ ദീപസ്തംഭ സമീപത്തു നിന്നു പുറപ്പെട്ട് ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്ക് പോകുന്ന എഴുന്നള്ളിപ്പ് ഒന്‍പതു മണിക്കുള്ളില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തിരിച്ചെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: