ന്യൂദല്‍ഹി: മതാടിസ്ഥാനത്തില്‍ സംവരണം നല്കാനാകില്ലെന്ന് സുപ്രീം കോടതി. മുസ്ലിം സമുദായത്തില്‍പ്പെട്ട 77 വിഭാഗങ്ങളെ ഇതര പിന്നാക്ക വിഭാഗത്തില്‍പ്പെടുത്തി സംവരണം നല്കിയ ബംഗാള്‍ സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരേ മമത സര്‍ക്കാര്‍ നല്കിയ അപ്പീലിലാണ് ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ് കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ സുപ്രധാന, വാക്കാലുള്ള നിരീക്ഷണം. മത സംവരണം ഭരണഘടനാ വിരുദ്ധമായതിനാലാണ്, ബംഗാള്‍ സര്‍ക്കാര്‍ നടപടി നേരത്തേ ഹൈക്കോടതി റദ്ദാക്കിയത്.
എന്നാല്‍, ബംഗാള്‍ സര്‍ക്കാര്‍ അവരെ മുസ്ലിങ്ങളായിക്കണ്ടല്ല സംവരണം നല്കിയതെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ വാദിച്ചു. ബംഗാളില്‍ 27 മുതല്‍ 28 ശതമാനം വരെ ന്യൂനപക്ഷമുണ്ടെന്നും അവരുടെ പിന്നാക്കാടിസ്ഥാനത്തിലാണ് സംവരണമെന്നും സിബല്‍ പറഞ്ഞു. മുസ്ലിങ്ങള്‍ക്ക് 10 ശതമാനം സംവരണം നല്കാന്‍ രംഗനാഥന്‍ കമ്മിഷന്‍ ശിപാര്‍ശയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദുക്കളിലെ 66 വിഭാഗങ്ങള്‍ പിന്നാക്കമാണ്. ഈ സാഹചര്യത്തില്‍ മുസ്ലിങ്ങള്‍ക്കു വേണ്ടി എന്തു ചെയ്യണമെന്ന് ആലോചിച്ചു. അപ്പോള്‍ പിന്നാക്കക്കമ്മിഷന്‍ ഇടപെടുകയും മുസ്ലിങ്ങളിലെ 77 സമുദായങ്ങളെ ഇതര പിന്നാക്കക്കാരുടെ ലിസ്റ്റില്‍പ്പെടുത്തുകയുമായിരുന്നു.
ഇൗ നടപടി ഹൈക്കോടതി റദ്ദാക്കിയതോടെ 12 ലക്ഷം പേരുടെ ഒബിസി സര്‍ട്ടിഫിക്കറ്റ് റദ്ദായെന്നും സിബല്‍ തുടര്‍ന്നു. അപ്പോഴാണ് മതാടിസ്ഥാനത്തില്‍ സംവരണം നല്കാനാകില്ലെന്ന് ജസ്റ്റിസ് ബി.ആര്‍. ഗവായ് പറഞ്ഞത്. ആന്ധ്ര സര്‍ക്കാര്‍ മുസ്ലിങ്ങളിലെ ചില വിഭാഗങ്ങള്‍ക്കു സംവരണം നല്കിയത് ഹൈക്കോടതി റദ്ദാക്കുകയും അതു സുപ്രീം കോടതി സ്‌റ്റേ ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് സിബല്‍ ചൂണ്ടിക്കാട്ടി. പിന്നാക്കക്കമ്മിഷനെ മറികടന്നും ഒരു സ്ഥിതി വിവരക്കണക്കും ശേഖരിക്കാതെയുമാണ് ബംഗാള്‍ സര്‍ക്കാര്‍ മുസ്ലിങ്ങള്‍ക്ക് സംവരണം നല്കിയതെന്ന് ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ പി.എസ്. പട്‌വാലിയ പറഞ്ഞു.
മുസ്ലിങ്ങളിലെ പിന്നാക്കക്കാര്‍ക്കു സംവരണം നല്കുമെന്ന് 2010ല്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചയുടന്‍ 77 സമുദായങ്ങള്‍ക്കു സംവരണം നല്കുകയായിരുന്നെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. കേസ് വിശദമായ വാദങ്ങള്‍ക്ക് ജനുവരി ഏഴിലേക്കു മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: