ഢാക്ക: ന്യൂനപക്ഷ സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ ബംഗ്ലാദേശിന് ബാധ്യതയുണ്ടെന്ന് ഓര്‍മ്മിപ്പിച്ച് ഭാരത വിദേശ കാര്യ സെക്രട്ടറി വിക്രം മിസ്രി. ബംഗ്ലാദേശില്‍ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമ പരമ്പരകള്‍ അരങ്ങേറുന്ന പശ്ചാത്തലത്തില്‍ ഉന്നതതല ചര്‍ച്ചകള്‍ക്കായി ഢാക്കയിലെത്തിയ അദ്ദേഹം ബംഗ്ലാദേശിലെ വിദേശകാര്യ സെക്രട്ടറി മുഹമ്മദ് ജാഷിം ഉദ്ദിനുമായി കൂടിക്കാഴ്ച നടത്തി. ഭാരത ഹൈക്കമ്മിഷണര്‍ പ്രണയ് വര്‍മ്മയും വിക്രം മിസ്രിക്കൊപ്പമുണ്ടായിരുന്നു.
ഇരുരാജ്യങ്ങളിലെ വിദേശകാര്യ സെക്രട്ടറിമാരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സ്ഥിതിഗതികള്‍ വിലയിരുത്തുകയും ഉഭയക്ഷി ബന്ധം നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു.
ബംഗ്ലാദേശുമായി ക്രിയാത്മകമായ ബന്ധമാണ് ഭാരതം ആഗ്രഹിക്കുന്നതെന്ന സന്ദേശം അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് വിക്രം മിസ്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം ന്യൂനപക്ഷങ്ങളുടെ സുരക്ഷയും ക്ഷേമവുമായി ബന്ധപ്പെട്ടവ ഉള്‍പ്പെടെയുള്ള ഭാരതത്തിന്റെ ആശങ്കകള്‍ അവരെ അറിയിച്ചു. സാംസ്കാരികവും വിശ്വാസപരവുമായ കാര്യങ്ങളില്‍ നേരിടുന്ന ആക്രമണങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് ചൂണ്ടിക്കാട്ടി. സന്ദര്‍ശനം ഉഭയകക്ഷി ബന്ധങ്ങള്‍ വിലയിരുത്താനുള്ള ചര്‍ച്ചകള്‍ക്ക് അവസരമൊരുക്കിയിട്ടുണ്ട്, മിസ്രി പറഞ്ഞു.
നേരത്തെ ബംഗ്ലാദേശിലെ വിദേശ ഉപദേഷ്ടാവ് മുഹമ്മദ് തൗഹിദ് ഹുസൈനുമായി വിക്രം മിസ്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഹിന്ദു ആചാര്യന് ചിന്മയ് കൃഷ്ണദാസിന്റെ വിചാരണ സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നതായാണ് വിവരം. മുഹമ്മദ് യൂനസിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം ഢാക്ക സന്ദര്‍ശിക്കുന്ന മുതിര്‍ന്ന ഭാരത പ്രതിനിധിയാണ് വിക്രം മിസ്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: