ന്യൂദല്‍ഹി: മുന്‍പ് രാജ്യമോ ചരിത്രമോ നീതി കാണിക്കാത്ത മഹാപുരുഷനായിരുന്നു സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലെന്ന് അഭ്യന്തര മന്ത്രി അമിത് ഷാ. അദ്ദേഹത്തിന്റെ ത്യാഗങ്ങള്‍, ഗുണങ്ങള്‍, കഠിനാധ്വാനം ദീര്‍ഘ വീക്ഷണം എന്നിവയാണ് ഇന്ന് രാജ്യത്തിന് ഗുണകരമാകുന്നത്.
മുന്‍പ് അദ്ദേഹത്തിന് അര്‍ഹിക്കുന്ന ആദരവോ ബഹുമാനമോ ലഭിച്ചിരുന്നില്ല. മോദി സര്‍ക്കാര്‍ വന്ന ശേഷമാണ് അദ്ദേഹത്തിന് അനുയോജ്യമായ ഒരു സ്മാരകം, (ഗുജറാത്തിലെ കെവാദിയയില്‍ പട്ടേലിന്റെ കൂറ്റന്‍ പ്രതിമ) നിര്‍മിച്ചത്. അമിത് ഷാ പറഞ്ഞു. രാജസ്ഥാനിലെ ജോധ്പൂരില്‍ പട്ടേലിന്റെ 11 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്യുകയായിരുന്നു. പലതരം ലോഹങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച 1100 കിലോ ഭാരമുള്ള പതിനൊന്നടി ഉയരമുള്ള പ്രതിമ എട്ടടി ഉയരമുള്ള പീഠത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്.
പട്ടേല്‍ ഇല്ലായിരുന്നുവെങ്കില്‍ 556 ചെറു നാട്ടുരാജ്യങ്ങളെ ഒരിക്കലും സംയോജിപ്പിക്കാന്‍ സാധിക്കുമായിരുന്നില്ല. ഭാരതം ഒന്നായി നിലനിന്നതിന് പട്ടേലിന്റെ സംഭാവനകള്‍ വളരെ വലുതാണ്.
സ്വാതന്ത്ര്യാനന്തരം ഭാരതം കഷണങ്ങളാകുമെന്നാണ് ബ്രിട്ടീഷ് ആഭ്യന്തര മന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ പറഞ്ഞത്. പക്ഷെ സര്‍ദാര്‍ പട്ടേല്‍ എന്ന ഒറ്റയാള്‍ കാരണമാണ് നാം ഇന്ന് ഒറ്റരാജ്യമായി നിലകൊള്ളുന്നത്. ഭാരതം ഭരിച്ച, ബ്രിട്ടനെ ഇന്ന് നാം പിന്തള്ളി, ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി. 370-ാം വകുപ്പ് നീക്കല്‍, പൊതു സിവില്‍ നിയമം, രാമക്ഷേത്രം, മുത്തലാഖ് നിരോധനം തുടങ്ങിയവ ഒന്നും നടപ്പാക്കാന്‍ അദ്ദേഹത്തിന്റെ കാലത്ത് കഴിഞ്ഞില്ല. പക്ഷെ മോദി അധികാരത്തില്‍ വന്ന് 10 വര്‍ഷത്തിനുള്ളില്‍ ഇതെല്ലാം നടപ്പാക്കാന്‍ നമുക്ക് കഴിഞ്ഞു. അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: