അങ്കമാലി : കാപ്പ ചുമത്തിയതിനെ തുടർന്ന് ഒളിവിലായിരുന്ന പ്രതിയെ പോലീസ് സാഹസികമായി പിടികൂടി. കറുകുറ്റി കൊമേന്ത ഭാഗത്ത്, പടയാട്ടി വീട്ടിൽ സിജോ (ഊത്തപ്പൻ സിജോ 36 ) യെയാണ് അങ്കമാലി പോലീസ് പിടികൂടിയത്.
കറുകുറ്റി ബാറിനു പിൻവശത്തുള്ള കെട്ടിടത്തിലാണ് നിരവധി കേസുകളിൽ പ്രതിയായ ഇയാൾ ഒളിവിൽ കഴിഞ്ഞത്. പോലീസ് അവിടെയെത്തിയപ്പോൾ പ്രതി ബാറിലേക്ക് ഓടിക്കയറി. ബാറിൽ വച്ച് പിടികൂടാൻ ശ്രമിച്ചപ്പോൾ ഇയാൾ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു.
ആക്രമണത്തിൽ ഒരു വനിതാ പേലീസ് ഉൾപ്പടെ രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പരിക്കും, ആക്രമണവും വകവയ്‌ക്കാതെ സാഹസികമായി പ്രതിയെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. അങ്കമാലി, ചെങ്ങമനാട്, കൊരട്ടി, തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരധികളിൽ കൊലപാതകശ്രമം, കവർച്ച, അടിപിടി, ഭീഷണിപ്പെടുത്തൽ, പോലീസ് ഉദ്ദ്യോഗസ്ഥരുടെ കൃത്യ നിർവ്വഹണത്തിന് തടസ്സം ചെയ്യൽ, തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്.
ഫെബ്രുവരിയിൽ അങ്കമാലിയിലെ ഒരു ലോഡ്ജിൽ അതിക്രമിച്ച് കയറി ലോഡ്ജ് ജീവനക്കാരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ജൂലയിൽ കറുകുറ്റിയിലെ ബാറിൽ വച്ച് ജോഫി എന്നയാളേയും സുഹൃത്തുക്കളേയും സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണ്.
ഇൻസ്പെക്ടർ ആർ.വി അരുൺകുമാർ, എസ്ഐമാരായ പ്രദീപകുമാർ, കെ. പി വിജു, എം. എസ് ബിജീഷ്, ബൈജുക്കുട്ടൻ, പി.ഒ റെജി, എഎസ്ഐമാരായ ഫ്രാൻസിസ്, സജീഷ് കുമാർ, സീനിയർ സിപിഒമാരായ അജിത തിലകൻ, സി. പി ഷിഹാബ്, സിമിൽറാം, എം. എ വിനോദ് , ജിബിൻ കൃഷ്ണൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: