Alappuzha

നിര്‍ദ്ധന കുടുംബത്തോട് കെഎസ്ഇബിയുടെ ക്രൂരത; കുടിശിക അടച്ചിട്ടും കണ്ക്ഷന്‍ നല്‍കുന്നില്ല

Published by

തുറവൂര്‍: വൈദ്യുതി കുടിശിക ഉണ്ടെന്ന കാരണത്താല്‍ ചെറ്റകുടിലില്‍ നിന്ന് വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചു, മീറ്ററും കെഎസ്ഇബി ഉദ്യോഗസ്ഥര്‍ അഴിച്ചു കൊണ്ടു പോയി. കോടംതുരുത്ത് പഞ്ചായത്തില്‍ പതിനഞ്ചാം വാര്‍ഡ് കൊച്ചുതറ വീട്ടില്‍ ബിന്ദുവിന്റെ വൈദ്യുത കണക്ഷനാണ് 2057 രൂപ കുടിശിക വന്നതിനെ തുടര്‍ന്ന് കുത്തിയതോട് കെഎസ്ഇബി അധികൃതര്‍ വിച്ഛേദിച്ചത്.

പ്ലസ് വണ്ണിനും എട്ടാം ക്ലാസിലും പഠിക്കുന്ന രണ്ട് കുട്ടികളുള്ള ബിന്ദു കൂലിവേല ചെയ്താണ് ജീവിതം നയിക്കുന്നത്. നിത്യവൃത്തിക്ക് വകയില്ലാതെ വന്നതുകൊണ്ട് കഴിഞ്ഞ ഏപ്രില്‍ മുതല്‍ വൈദ്യുതി കുടിശിക വന്നിരുന്നു. നാളിതുവരെയുള്ള കുടിശ്ശിക 2057 രൂപ അയല്‍ക്കൂട്ടങ്ങളില്‍ നിന്നും വായ്പ എടുത്ത് അടയ്‌ക്കുവാന്‍ ചെന്നപ്പോള്‍ പണം സ്വീകരിക്കില്ല എന്ന നിലപാടാണ് വൈദ്യുതി അധികൃതര്‍ കൈക്കൊണ്ടത് എന്ന് ബിന്ദു പറഞ്ഞു. കുത്തിയതോട് കെഎസ്ഇബി അധികൃതരാണ് മനഃസാക്ഷിയില്ലാതെ പ്രവര്‍ത്തിച്ചത്.

ഇത് സംബന്ധിച്ച് ബിന്ദു കളക്ടര്‍ക്ക് നിവേദനം നല്‍കുകയും കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടും പുതിയ കണക്ഷന്‍ മാത്രമേ നല്‍കുവാന്‍ കഴിയൂ എന്ന നിലപാടാണ് കുത്തിയതോട് കെഎസ്ഇബി അധികൃതര്‍ കൈക്കൊള്ളുന്നത്. വന്‍കിട സ്ഥാപനങ്ങളും, സര്‍ക്കാര്‍ സ്ഥാപനങ്ങളും കോടിക്കണക്കിന് രൂപയുടെ വൈദ്യുതി ബില്‍ കുടിശികയാണ് വരുത്തിയിട്ടുള്ളത്. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തവരാണ് നിര്‍ദ്ധന കുടുംബം കുടിശിക തുക അടയ്‌ക്കാന്‍ തയ്യാറായിട്ടും സ്വീകരിക്കാതെ മനുഷ്യത്വരഹിതമായി പെരുമാറുന്നത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by