വെല്ലിങ്ടണ്‍: ആതിഥേയരായ ന്യൂസിലന്‍ഡിനെതിരെ വെല്ലിങ്ടണ്‍ ടെസ്റ്റില്‍ 323 റണ്‍സിന്റെ വമ്പന്‍ ജയം സ്വന്തമാക്കി ഇംഗ്ലണ്ട്. തുടര്‍ച്ചയായി രണ്ടാം മത്സരവും ജയിച്ച് സന്ദര്‍ശകര്‍ പരമ്പര സ്വന്തം പേരിലാക്കി. മൂന്ന് മത്സര പരമ്പരയില്‍ ഒരെണ്ണം കൂടി ശേഷിക്കെ 2-0ന് മുന്നിലാണ് ഇംഗ്ലണ്ട്. ഇന്നലെ അവസാനിച്ച രണ്ടാം ടെസ്റ്റില്‍ 323 റണ്‍സിന്റെ വിജയമാണ് നേടിയത്.
സ്‌കോര്‍: ഇംഗ്ലണ്ട്-280, 427/2 ഡിക്ലയേര്‍ഡ്; ന്യൂസിലന്‍ഡ്-125, 259.
അഞ്ചിന് 378 എന്ന നിലയില്‍ 500ന് മേല്‍ ലീഡുമായി മൂന്നാം ദിവസമായ ഇന്നലെ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സ് കൂടി തലേന്നത്തെ സ്‌കോറിനോട് ചേര്‍ത്തു. എതിരാളികള്‍ക്ക് മുന്നില്‍ വച്ചത് 583 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം.
ചെറുത്തു നിന്നിട്ട് കാര്യമില്ലെന്ന് ബോധ്യമായ ടോം ലാതവും സംഘവും അതിവേഗം സ്‌കോര്‍ ചെയ്യാനാണ് നിശ്ചയിച്ചത്. പക്ഷെ കാര്യമുണ്ടായില്ല. ഇംഗ്ലണ്ട് പേസര്‍മാര്‍ക്ക് മുന്നില്‍ സ്വന്തം മൈതാനത്ത് പിടിച്ചുനില്‍ക്കാന്‍ കിവീസ് ബാറ്റര്‍മാര്‍ വിഷമിച്ചു. മധ്യനിര ബാറ്റര്‍ ടോം ബ്ലണ്ടല്‍ നേടിയ സെഞ്ച്വറി കരുത്തില്‍(115) ടീം 250നപ്പുറമുള്ള ടോട്ടല്‍ കണ്ടെത്തി, തോല്‍വിയുടെ കടുപ്പം കുറച്ചു. ഡാരില്‍ മിച്ചല്‍(32), നഥാന്‍ സ്മിത്ത്(42) മാത്രമാണ് ബ്ലണ്ടലിന് പിന്തുണയുമായി നിന്നത്. ബാക്കി ബാറ്റര്‍മാരില്‍ ടോം ലാത(24)വും ഗ്ലെന്‍ ഫില്ലിപ്‌സും(16) മാത്രമേ രണ്ടക്കം കടന്നുള്ളൂ. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ് മൂന്ന് വിക്കറ്റ് പ്രകടനം കാഴ്‌ച്ചവച്ചു. ഇംഗ്ലണ്ടിനായി ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടി മത്സരത്തിന് അടിത്തറ പാകിയ ഹാരി ബ്രൂക്ക് കളിയിലെ താരമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: