Football

സ്പാനിഷ് ലാലിഗ: റയലിന് തകര്‍പ്പന്‍ ജയം

Published by

കാറ്റലോണിയ: സ്പാനിഷ് ലാലിഗയില്‍ വമ്പന്‍മാരായ റയല്‍ മാഡ്രിഡ് വീണ്ടും വിജയവഴിയില്‍. കരുത്തരായ ജിറോണയെ അവരുടെ തട്ടകത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഇന്നലെ തോല്‍പ്പിച്ചത്. ജൂഡ് ബെല്ലിങ്ഹാം, ആര്‍ഡ ഗൂളര്‍, കിലിയന്‍ എംബാപ്പെ എന്നിവര്‍ ഗോളുകള്‍ നേടി.

ജയത്തോടെ പോയിന്റ് പട്ടികയില്‍ തൊട്ടുമുന്നിലുള്ള ബാഴ്‌സയുമായുള്ള വ്യത്യാസം രണ്ട് പോയിന്റായി കുറക്കാന്‍ റയലിന് സാധിച്ചു. ഇതുവരെ 17 മത്സരങ്ങളില്‍ നിന്ന് 12 ജയങ്ങള്‍ നേടിയ ബാഴ്‌സ 38 പോയിന്റോടെയാണ് ഒന്നാമത് തുടരുന്നത്. 16 മത്സരങ്ങളില്‍ നിന്ന് 11 ജയങ്ങളുമായാണ് റയല്‍ 36 പോയിന്റുമായി രണ്ടാമതെത്തിനില്‍ക്കുന്നത്. അത്‌ലറ്റിക്കോ മാഡ്രിഡ് 15 കളികളില്‍ നിന്ന് 32 പോയിന്റുമായ് മൂന്നാമതുണ്ട്.

ജിറോണക്കെതിരായ ഇന്നലത്തെ കളിയില്‍ 36-ാം മിനിറ്റില്‍ ബെല്ലിങ്ഹാം നേടിയ ഏക ഗോളില്‍ റയല്‍ ആദ്യപകുതിയില്‍ മുന്നിട്ടു നിന്നു. രണ്ടാം പകുതിയിലേക്ക് കടന്ന മത്സരം പുരോഗമിക്കവെ 55-ാം മിനിറ്റില്‍ ആര്‍ഡ ഗൂളര്‍ ഗോള്‍ നേടി. ഏഴ് മിനിറ്റായപ്പോള്‍ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ വക മൂന്നാം ഗോള്‍. കഴിഞ്ഞ മത്സരത്തില്‍ അത്‌ലറ്റിക്കോ ബില്‍ബാവോയോട് പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന് എംബാപ്പെ പ്രായ്ശ്ചിത്തം ചെയ്തു. ബില്‍ബാവോയോട് 2-1ന് റയല്‍ പരാജയപ്പെട്ടത് വലിയ ഞെട്ടലേല്‍പ്പിച്ചിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by