തിരുവനന്തപുരം: നടന്‍ ദിലീപ് ശബരിമലയില്‍ വിഐപി പരിഗണനയോടെ ദര്‍ശനം നടത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായതായി കണ്ടെത്തിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.പി.എസ്. പ്രശാന്ത്. നാല് ദേവസ്വം ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് നല്‍കി. ഉദ്യോഗസ്ഥരില്‍ നിന്ന് വിശദീകരണം കേട്ടതിനുശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍, രണ്ട് ഗാര്‍ഡുമാര്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. ഹൈക്കോടതിയില്‍ നിന്നും രൂക്ഷവിമര്‍ശനം ഉണ്ടായ സാഹചര്യത്തിലാണ് ദേവസ്വം ബോര്‍ഡ് നടപടിയുമായി മുന്നോട്ട് പോകുന്നത്.
ഹരിവാസനം പാടുന്ന സമയമാണ് ദിലീപിന് ശബരിമലയില്‍ വിഐപി ദര്‍ശനത്തിന് വഴിയൊരുക്കിയത്. പത്ത് മിനിറ്റിലേറെ മുന്‍ നിരയില്‍ നിന്ന് ദര്‍ശനം നടത്തിയ ദിലീപ് മറ്റ് ഭക്തരുടെ ദര്‍ശനത്തിനും ക്യൂ നീങ്ങുന്നതിനും തടസമായെന്നാണ് ആരോപണം.
വ്യാഴാഴ്ച രാത്രിയാണ് ദിലീപ് ശബരിമല ദര്‍ശനം നടത്തിയത്. ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ദിലീപിനെ അനുഗമിച്ച് ശ്രീകോവിലിന്റെ മുന്നിലെത്തിച്ച് ദര്‍ശനം നടത്തിപ്പോകാനുള്ള അവസരം ഒരുക്കിയെന്നുമുള്ള ആക്ഷേപമാണ് ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക