Entertainment

ഞെട്ടി സിനിമ ലോകം ഇന്ത്യന്‍ സിനിമയില്‍ ഇത് ആദ്യം, ആ റെക്കോ‍ഡും അല്ലു അർജുന്

Published by

മുംബൈ: അല്ലു അർജുൻ നായകനായ പുഷ്പ 2 ബോക്സോഫീസില്‍ കാട്ടുതീ ആകുകയാണ്. രശ്മിക മന്ദാനയും ഫഹദ് ഫാസിലും പ്രധാന വേഷത്തില്‍ എത്തിയ സുകുമാര്‍ സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ബോക്‌സ് ഓഫീസിൽ മൂന്ന് ദിവസം പൂർത്തിയാക്കിയപ്പോള്‍ തന്നെ പല റെക്കോഡുകളും പഴങ്കഥയായി. പുഷ്പ 2 ഇതിനകം ആദ്യഭാഗമായ പുഷ്പ ദ റൈസിന്റെ ലൈഫ് ടൈം ബിസിനസിനെ മറികടന്നു കഴിഞ്ഞു.

 

ആഗോളതലത്തില്‍ ഏറ്റവും വേഗത്തിൽ 500 കോടി കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമായി പുഷ്പ 2: ദി റൂള്‍ ഇപ്പോള്‍ മാറിയിരിക്കുകയാണ്. ശനിയാഴ്ച രാത്രി ഹൈദരാബാദില്‍ നടന്ന ഒരു സക്സസ് മീറ്റിൽ നിർമ്മാതാക്കൾ ഈ വാർത്ത സ്ഥിരീകരിച്ചു. സാക്നിൽക് പറയുന്നതനുസരിച്ച്, മൂന്നാം ദിനമായ ശനിയാഴ്ച പുഷ്പ 2 ഒരു മികച്ച കളക്ഷനാണ് നേടിയത്. വെള്ളിയാഴ്ചത്തെ കളക്ഷനെ അപേക്ഷിച്ച് 20 ശതമാനത്തിലേറെ വര്‍ദ്ധനവ് കളക്ഷനില്‍ വന്നുവെന്നാണ് കണക്ക്.

 

115 കോടി രൂപയാണ് പുഷ്പ 2 ന്റെ ശനിയാഴ്ചത്തെ ബോക്‌സ് ഓഫീസ് കളക്ഷൻ കണക്കാക്കിയിരിക്കുന്നതെന്ന് പ്ലാറ്റ്‌ഫോം റിപ്പോർട്ട് ചെയ്തു. ഹിന്ദി പതിപ്പിൽ നിന്ന് 73.5 രൂപയും തെലുങ്ക് പതിപ്പിൽ നിന്ന് 31.5 കോടി രൂപയും തമിഴിൽ നിന്ന് 7.5 കോടി രൂപയുമാണ് കളക്ഷൻ നേടിയത്. മലയാളത്തില്‍ നിന്നും 1.7 കോടി രൂപയാണ് ചിത്രം നേടിയത്. രണ്ടാം ദിനമായ വെള്ളിയാഴ്ച 93.8 കോടി രൂപയാണ് പുഷ്പ 2 നേടിയിരുന്നത്.

 

ചിത്രം വലിയ തോതിലാണ് നോര്‍ത്ത് ഇന് ഇന്ത്യയില്‍ കളക്ട് ചെയ്യുന്നത്. ഞായറാഴ്ച ഇത് വീണ്ടും വലിയതോതില്‍ കൂടാനാണ് സാധ്യത. സിംഗിള്‍ സ്ക്രീനുകളിലെ കണക്കുകള്‍ പലപ്പോഴും ട്രാക്കര്‍മാരുടെ കണക്കുകളില്‍ പ്രതിഫലിക്കാത്തതിനാല്‍ ഇപ്പോള്‍ കാണുന്നതിനെക്കാള്‍ കൂടുതല്‍ തുക ചിത്രം നേടിയേക്കും എന്നാണ് വിവരം.

 

സുകുമാർ സംവിധാനം ചെയ്ത ‘പുഷ്പ ദ റൈസ്’ ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു. ‘പുഷ്പ ദ റൂൾ’ ഇതിന്റെ തുടർച്ചയായെത്തുമ്പോൾ സകല റെക്കോർഡുകളും കടപുഴകും എന്ന പ്രതീക്ഷ കാക്കുന്ന രീതിയിലാണ് ചിത്രം മുന്നേറുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക