ന്യൂദൽഹി : ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി തിങ്കളാഴ്ച ബംഗ്ലാദേശിലേക്ക് ഒരു ദിവസത്തെ സന്ദർശനം നടത്തും. ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറി എംഡി ജാഷിം ഉദ്ദീനുമായി വിപുലമായ ചർച്ചകൾ നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകൾ അദ്ദേഹം ഉന്നയിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.
അദ്ദേഹം ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി മുഹമ്മദ് തൗഹിദ് ഹുസൈനെ കാണുകയും ചെയ്യും. ഏകദേശം 12 മണിക്കൂർ നീണ്ട ധാക്ക സന്ദർശനത്തിനിടെ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ബംഗ്ലാദേശിന്റെ ഇടക്കാല നേതാവായ മുഹമ്മദ് യൂനസിനെയും സന്ദർശിക്കുമെന്നും റിപ്പോർട്ടുണ്ട്. ഈ വേളയിൽ ഹസീനയ്‌ക്ക് അഭയം നൽകുന്നത് ഇന്ത്യ തുടരുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ബംഗ്ലാദേശ് അറിയിക്കാൻ സാധ്യതയുണ്ട്. ഹസീനയെ ഇന്ത്യയിൽ നിന്ന് വിട്ടുകിട്ടാൻ തന്റെ സർക്കാർ ശ്രമിക്കുമെന്ന് യൂനുസ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
ഓഗസ്റ്റിൽ നടന്ന വൻ സർക്കാർ വിരുദ്ധ പ്രതിഷേധത്തെ തുടർന്ന് ഹസീന രാജ്യം വിടാൻ നിർബന്ധിതയായതിനെത്തുടർന്ന് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള അടുത്ത ബന്ധം കടുത്ത പ്രതിസന്ധിയിലായി. ഹസീന ഇന്ത്യയിൽ അഭയം പ്രാപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് യൂനുസ് അധികാരത്തിലെത്തിയത്.
ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങളും ഹിന്ദു സന്യാസി ചിൻമോയ് കൃഷ്ണ ദാസിന്റെ അറസ്റ്റും കാരണം അടുത്ത ആഴ്ചകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കുമെതിരായ അക്രമ സംഭവങ്ങളും ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളും ശക്തമായ ആശങ്കകൾക്ക് കാരണമായി.
അതേ സമയം ഈ വിഷയത്തിൽ തങ്ങളുടെ നിലപാട് വളരെ വ്യക്തമാണെന്നും ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ എല്ലാ ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ഈ മാസം 29 ന് പറഞ്ഞിരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റിലായ ബംഗ്ലാദേശി സന്യാസി ചിൻമോയ് കൃഷ്ണ ദാസുമായി ബന്ധപ്പെട്ട കേസ് നീതിപൂർവവും സുതാര്യവുമായ രീതിയിൽ കൈകാര്യം ചെയ്യപ്പെടുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ബംഗ്ലദേശിൽ ഹിന്ദുക്കളെ പീഡിപ്പിക്കുന്നതിലും ദാസിന്റെ അറസ്റ്റിലും പ്രതിഷേധിച്ച് പശ്ചിമ ബംഗാൾ, അസം, മേഘാലയ, ത്രിപുര എന്നിവിടങ്ങളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതിഷേധം ഉയർന്നിരുന്നു. രാജ്യദ്രോഹക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ധാക്കയിലെ ഹസ്രത്ത് ഷാജലാൽ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വച്ചാണ് ദാസിനെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: