Varadyam

വി. ദക്ഷിണാമൂര്‍ത്തി: സുഗമ ഗീതങ്ങളുടെ യോഗി

ഡിസംബര്‍ 9; വി. ദക്ഷിണാമൂര്‍ത്തിയുടെ ജന്മദിനം

Published by

ലച്ചിത്ര ഗാനങ്ങളെ കര്‍ണാടക സംഗീത നിബദ്ധമായി ചിട്ടപ്പെടുത്തി ശാസ്ത്രീയ സംഗീതത്തെ ജനപ്രിയമാക്കിയ സംഗീതജ്ഞനാണ് ദക്ഷിണാമൂര്‍ത്തി സ്വാമികള്‍(1919-2013). രാഗങ്ങളുടെ സാങ്കേതികതയെ മുറുകെപ്പിടിക്കാതെ അതിന്റെ ഭാവത്തെ ആധുനിക സംഗീത ശൈലികളുമായി കൂട്ടിയിണക്കി നിരവധി അനശ്വര ഗാനങ്ങള്‍ അദ്ദേഹം കൈരളിക്ക് സമ്മാനിച്ചു. ‘ഉത്തരാസ്വയംവരം കഥകളി’, ‘ഹൃദയ സരസിലെ’, ‘കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി’, ‘നിന്റെ മിഴിയില്‍ നീലോല്പലം’, ‘സ്വപ്‌നങ്ങള്‍ സ്വപ്‌നങ്ങളേ നിങ്ങള്‍’, ‘ഇന്നലെ നീയൊരു സുന്ദര രാഗമായ്’, ‘സന്ധ്യയ്‌ക്കെന്തിനു സിന്ദൂരം’, ‘ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു’, ‘ശ്രാന്തമംബരം’, ‘കാവ്യ പുസ്തകമല്ലോ ജീവിതം’ തുടങ്ങി സ്വാമികളുടെ കൈയ്യൊപ്പ് പതിഞ്ഞ ഗാനങ്ങള്‍ ഇന്നും ജനങ്ങളുടെ ചുണ്ടില്‍ ജീവിക്കുന്നു.

1950ല്‍ മലയാളത്തിലെ ആറാമത്തെ ചലച്ചിത്രമായ ‘നല്ല തങ്ക’ യില്‍ അഭയദേവിന്റെ വരികള്‍ക്ക് ഈണമിട്ടു കൊണ്ടാണ് ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ സംഗീത സപര്യ ആരംഭിക്കുന്നത്. നിര്‍മാതാവായ കുഞ്ചാക്കോയോട് സ്വാമിയുടെ പേരു നിര്‍ദേശിച്ചത് ഗായിക പി. ലീലയാണ്. ഈ ചിത്രത്തില്‍ യേശുദാസിന്റെ പിതാവ് അഗസ്റ്റിന്‍ ജോസഫിനെക്കൊണ്ട് പാടിച്ച സ്വാമികള്‍ പിന്നീട് യേശുദാസിനെയും മകന്‍ വിജയ് യേശുദാസിനെയും ഉള്‍പ്പടെ മൂന്നു തലമുറകള്‍ക്ക് സംഗീത സംവിധായകനായി. അഭയദേവ് രചിച്ച ‘പാട്ടു പാടി ഉറക്കാം…’ (ചിത്രം : സീത) എന്ന ഗാനം ആറ് ദശകങ്ങള്‍ പിന്നിടുമ്പോഴും എക്കാലത്തെയും മികച്ച താരാട്ടായി നിലകൊള്ളുന്നു. ഇരുപതോളം ചിത്രങ്ങളില്‍ അഭയദേവിന്റെ രചനകള്‍ക്ക് സ്വാമി സംഗീതം പകര്‍ന്നു. 1968ല്‍ ശ്രീകുമാരന്‍ തമ്പി രചിച്ച ‘ഹൃദയസരസിലെ'(ചിത്രം: പാടുന്ന പുഴ) എന്ന ഗാനമാണ് സ്വാമിയുടെ സംഗീതത്തെ ജനപ്രിയമാക്കിയത്.

തമ്പിയുടെ രചനയില്‍ സ്വാമി സംഗീതം പകര്‍ന്ന ചന്ദ്രികയില്‍ അലിയുന്നു ചന്ദ്രകാന്തം (ചിത്രം: ഭാര്യമാര്‍ സൂക്ഷിക്കുക) എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍ (ചിത്രം: ഉദയം), ഉത്തരാസ്വയംവരം കഥകളി കാണുവാന്‍ (ചിത്രം: ഡെയ്ഞ്ചര്‍ ബിസ്‌കറ്റ്), ആറാട്ടിനാനകളെഴുന്നള്ളി (ചിത്രം: ശാസ്ത്രം ജയിച്ചു, മനുഷ്യന്‍ തോറ്റു) തുടങ്ങിയ ഗാനങ്ങള്‍ ഇന്നും ആസ്വാദകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ ‘സാഗര ഗീതം’ എന്ന കവിത സ്വാമിയുടെ ഈണത്തില്‍ പാടുന്നതു കേട്ടാണ് മഹാകവി യേശുദാസിന് ഗാനഗന്ധര്‍വന്‍ എന്നു നാമകരണം ചെയ്തതത്രേ! ‘ശ്രാന്തമംബരം നിദാഘോഷ്മള സ്വപ്‌നാക്രാന്തം’ എന്ന ആ ഗാനം ജയചന്ദ്രനും ആലപിച്ചിട്ടുണ്ട്.

പി.ഭാസ്‌കരന്‍ മാഷ് രചിച്ച ‘കാവ്യ പുസ്തകമല്ലോ ജീവിതം’ (ചിത്രം : അഭയം) എന്ന ദാര്‍ശനിക കവിത കൊണ്ട് സ്വാമി തത്വചിന്തയെ സംഗീത ശില്‍പമാക്കി. കര്‍ണാടക സംഗീതത്തിലെ പ്രശസ്തമായ എല്ലാ രാഗങ്ങളും സ്വാമികള്‍ ചലച്ചിത്ര ഗാനങ്ങളാക്കിയിട്ടുണ്ട്. ചലച്ചിത്ര ഗാനം എന്ന ജനപ്രിയ കലയിലൂടെ ശാസ്ത്രീയ സംഗീതത്തെ പ്രചരിപ്പിക്കുന്നതില്‍ ദക്ഷിണാമൂര്‍ത്തി സ്വാമികള്‍ ഉദാത്ത സംഭാവനകളാണ് നല്‍കിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക