പത്തനംതിട്ട ജില്ലയിലെ ഓമല്ലൂര്‍ എന്ന കൊച്ചുഗ്രാമത്തെ മലയാള സിനിമയുടെ അച്ചുതണ്ടില്‍ ചേര്‍ത്തുനിര്‍ത്തി തങ്കലിപികളാല്‍ ചരിത്രമെഴുതിച്ചേര്‍ത്ത്, തിളക്കമാര്‍ന്ന അഭിനയ മുഹൂര്‍ത്തങ്ങള്‍ കാഴ്‌ച്ചവെച്ച നടന്‍ പ്രതാപചന്ദ്രന്റെ വേര്‍പാടിന് 20 വര്‍ഷം. സ്‌കൂള്‍ പഠനകാലത്ത് കലാരംഗത്ത് പ്രശസ്തനായിരുന്ന പ്രതാപചന്ദ്രന്‍. മലയാള സിനിമയില്‍ മഹാനടനായി തീരുമെന്ന് കാലം അന്നേ വിധിയെഴുതിയിരുന്നു. 1955 ല്‍ ഒമ്പതാം ക്ലാസും, ഗുസ്തിയും കൈമുതലായി പൊടിമീശ മുളയ്‌ക്കാത്തൊരു 15 വയസുകാരന്‍ സിനിമാ മോഹവുമായി മദിരാശിക്ക് വണ്ടി കയറി. മദിരാശില്‍ എത്തിയെങ്കിലും സിനിമയില്‍ കാര്യമായ അവസരങ്ങളൊന്നും ലഭിച്ചില്ല. മൂന്ന് വര്‍ഷം അവിടെ താമസിച്ച് മലയാളി അസോസിയേഷന്റെ റേഡിയോ നാടകങ്ങളില്‍ അഭിനയിച്ചു. ഇതിനിടെ വിയര്‍പ്പിന്റെ വിലയെന്ന ചിത്രത്തില്‍ വാര്‍ധക്യം ബാധിച്ചൊരു വൈദ്യരുടെ വേഷമിട്ട് 21-ാം വയസ്സില്‍ പ്രതാപചന്ദ്രന്‍ മലയാള സിനിമയില്‍ വരവറിയിച്ചു. അതിനു ശേഷം കുറച്ച് സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു. അതൊന്നും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. തുടര്‍ന്ന് നാട്ടിലേക്ക് വണ്ടി കയറി. പിന്നീട് കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ നാടകങ്ങളില്‍ അഭിനയിച്ചു.
ആദ്യ സിനിമയായ വിയര്‍പ്പിന്റെ വില’യെന്ന പേരിനെ അന്വര്‍ത്ഥമാക്കും വിധമായിരുന്നു, പ്രതാപചന്ദ്രന്റെ പിന്നീടുള്ള സിനിമാ ജീവിതത്തിലെ വിയര്‍പ്പൊഴുക്കിയുള്ള മുന്നേറ്റം. 1975ല്‍ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തി. പ്രതാപചന്ദ്രന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായ സിനിമയായിരുന്നു ”ജഗദ്ഗുരു ആദി ശങ്കരാചാര്യര്‍.” പ്രേക്ഷകര്‍ക്കിടയില്‍ അത് ‘ക്ലച്ച് ‘പിടിച്ചു. ഈ സിനിമയ്‌ക്ക് ശേഷം ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിലൂടെ പ്രതാപചന്ദ്രന്റെ അഭിനയ അശ്വമേധം കിതപ്പില്ലാതെ മുന്നോട്ട് കുതിച്ചുപാഞ്ഞു.
60 കളുടെ അവസാനത്തില്‍ മഞ്ഞിലാസിന്റെ ബാനറില്‍ പി.എന്‍. സുന്ദരം സംവിധാനം ചെയ്ത ”അപരാധി ” യെന്ന സിനിമയിലെ പ്രതിനായകനും, തന്റെ സമപ്രായക്കാരനുമായ മധുവിന്റെ അച്ഛനായി വേഷപ്പകര്‍ച്ച നടത്തി. അതോടെ പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനിന്നു. ഒരു വര്‍ഷം 38-ഓളം സിനിമകളില്‍ വരെ അഭിനയിച്ചു. പിന്നീട്, മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറാന്‍ കാലതാമസമുണ്ടായില്ല. സുരേഷ്ബാബു സംവിധാനം ചെയ്ത ”കോട്ടയം കുഞ്ഞച്ചനി” ല്‍ ഉള്‍പ്പടെ പല സിനിമകളിലും വേറിട്ട അഭിനയം കാഴ്‌ച്ചവച്ചാണ് പ്രതാപചന്ദ്രന്‍ പ്രേക്ഷകരുടെ മനസ്സില്‍ കയറിക്കൂടിയത്. എസ്.എന്‍. സ്വാമിയുടെ രചനയില്‍ കെ. മധു സംവിധാനം ചെയ്ത ‘ഇരുപതാം നൂറ്റാണ്ടി’ ല്‍, ‘ഇഞ്ചിക്കാട്ട് രാമകൃഷ്ണ പിള്ള’ യെന്ന മുഖ്യമന്ത്രിയെ പ്രതാപചന്ദ്രന്‍ ഉജ്ജ്വലമാക്കി. ‘ഇരുപതാം നൂറ്റാണ്ടി” ന് മുമ്പോ, പിന്നീടോ ഇത്രയേറെ സ്വാധീനം ചെലുത്തിയൊരു മുഖ്യമന്ത്രിയെ വെള്ളിത്തിരയില്‍ പ്രേക്ഷകര്‍ കണ്ടിട്ടില്ല. ”എടാ സിബിഐ.., എറങ്ങി വാടാ..എനിക്ക് തിരുവനന്തപുരത്ത് മാത്രമല്ല, അങ്ങ് ദല്‍ഹിയിലും ഉണ്ടെട വേണ്ടെപ്പെട്ടവര്‍. നീ പേടിക്കും.. നീയെല്ലാം പേടിക്കും. നിന്നേയെല്ലാം ഞാന്‍ പറപ്പിക്കും.” എസ്.എന്‍. സ്വാമിയുടെ കരുത്തുറ്റ രചനയും, കെ. മധുവിന്റെ സംവിധാന മികവുമുള്ള ഒരു സിബിഐ ഡയറിക്കുറിപ്പെന്ന ചിത്രത്തിലെ പ്രതാപചന്ദ്രന്റെ ആ സിംഹ ഗര്‍ജ്ജനം, മലയാളക്കര അക്കാലത്ത് ഏറ്റുപിടിച്ചതും ചരിത്രമായി.
അഭിനയിച്ച ചിത്രങ്ങളില്‍ കൂടുതലും വില്ലന്‍ വേഷങ്ങളിലാണ് ശ്രദ്ധേയനായത്. മൂന്ന് പതിറ്റാണ്ടിനിടെ മുന്നൂറ്റമ്പതോളം ചിത്രങ്ങളില്‍ അസാമാന്യ അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് സമാനതകളില്ലാത്ത വിധം ഭാവപ്രകടനങ്ങളിലൂടെ പ്രതാപചന്ദ്രന്‍ മലയാള സിനിമയില്‍ നിറഞ്ഞുനിന്നത്. മലയാളത്തിന് പുറമെ 20 ലേറെ തമിഴ് സിനിമകളിലും വേഷമിട്ടു. അഞ്ച് സിനിമകള്‍ നിര്‍മിച്ചു. ”വാര്‍ത്ത, ഈ നാട്, മഞ്ഞില്‍ വിരിഞ്ഞപൂക്കള്‍, രാജാവിന്റെ മകന്‍, സ്വന്തം മാളൂട്ടി, അബ്കാരി, തനിയാവര്‍ത്തനം, ചക്കരയുമ്മ, ആട്ടക്കലാശം, ജനുവരി ഒരോര്‍മ്മ, സംഘം, മനു അങ്കിള്‍, ഓഗസ്റ്റ് 1” എന്നീ സിനിമകളിലെ കഥാപാത്രങ്ങളായി അദ്ദേഹം ജീവിക്കുകയായിരുന്നു. മലയാള സിനിമകളില്‍ ചരിത്ര മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച പ്രതാപചന്ദ്രന്‍, 2004 ഡിസം: 16 ന് 63-ാം വയസ്സിലാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞത്.
(ഗ്രാഫിക് ഡിസൈനിങ്ങ്: വിനോദ്, ഒരുമനയൂര്‍.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: