തൃശ്ശിവപേരൂര്‍ ജില്ലാ ബിജെപിയുടെ മുന്‍ അധ്യക്ഷന്‍ ഇളയിടത്ത് രഘുനന്ദനന് അന്തരിച്ചുവെന്ന വാര്‍ത്ത ജന്മഭൂമിയില് വായിച്ചപ്പോള്‍ വലിയൊരു ശൂന്യത അനുഭവപ്പെട്ടു. ഞങ്ങള്‍ക്കിടയില്‍ അത്രകണ്ട് ആത്മീയ അടുപ്പം നിലനിന്നിരുന്നു. സംഘപരിവാറുമായി ബന്ധപ്പെട്ട മിക്കവാറും എല്ലാ പ്രസ്ഥാനങ്ങളിലും അദ്ദേഹം സജീവമായിരുന്നു. തൃപ്പയാര്‍ ക്ഷേത്രത്തിന് സമീപം പുഴയുടെ മറുകരയിലാണ് ഇളയിടത്ത് എന്ന തറവാട്ടു ഭവനം. പഴയ മട്ടിലുള്ള നാലുകെട്ടില്‍ ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അനുജന് തൃപ്രയാര്‍ താലൂക്ക് സംഘചാലകനുമാണ്. സംഘത്തിന്റെയും ജനസംഘത്തിന്റെയും ബിജെപിയുടെയും മാത്രമല്ല മിക്കവാറും എല്ലാ പരിവാര്‍ പ്രസ്ഥാനങ്ങളുടെയും നേതാക്കള്‍ക്ക് ആ വീട്ടില്‍ നിന്ന് ആതിഥേയത്വം ലഭിച്ചിട്ടുണ്ട്.
എനിക്ക് അദ്ദേഹവുമായി പരിചയപ്പെടാന്‍ അവസരമുണ്ടായത് അങ്ങാടിപ്പുറത്ത് ബിജെപിയുടെ സംസ്ഥാന സമിതി യോഗത്തിനുശേഷമാണ് ആണ്ടുമാസം, തീയതി ഓര്‍മയില്ല. ആ യോഗത്തിന്റെ പിറ്റേന്ന്, കണ്ണൂര്‍ ജില്ലാ കാര്യദര്‍ശിയായിരുന്ന ദാമോദരന്റെ വിവാഹമാണ്. അദ്ദേഹവുമായി വളരെക്കാലത്തെ സഹപ്രവര്‍ത്തന ബന്ധുത്വമുള്ളതിനാല് സംസ്ഥാന സമിതി യോഗത്തിനുശേഷം കണ്ണൂര്‍ക്കു പോകാനായിരുന്നു ഉദ്ദേശം. കൊടുങ്ങല്ലൂര്ക്കാരന് നാരായണയ്യരുടെ കാറില്‍ ആവാം യാത്രയെന്ന് അവിടെ തീരുമാനിക്കപ്പെട്ടു. പുലര്‍ച്ചെ പുറപ്പെട്ട തിങ്ങി നിറഞ്ഞ കാറില്‍ എന്റെ അടുത്തിരുന്നത് രഘുനന്ദനനായിരുന്നു. ഞങ്ങള്‍ ആദ്യം പരിചയമായത് ആ യാത്രക്കിടയിലാണ്. ആള് അപ്പോള്‍ ഗള്‍ഫിലെ ജോലി മതിയാക്കി നാട്ടിലെത്തി തൃപ്രയാറിലെ വ്യവസായ സംരംഭത്തിലാണ്. കാലടി ശ്രീശങ്കരാ കോളജിലായിരുന്നു പഠനമെന്നും അവിടെ വിദ്യാര്‍ത്ഥി പരിഷത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്നുവെന്നും പറഞ്ഞു. അവിടെ തങ്ങളെ ഏറ്റവും പരിഹസിച്ചും മറ്റു വിധത്തിലും ശല്യം ചെയ്തിരുന്ന എസ്എഫ്ഐ പ്രവര്‍ത്തകരെക്കുറിച്ചും പരാമര്‍ശമുണ്ടായി. അവരില്‍ പ്രമുഖനായിരുന്ന, പിന്നീട് സംഘത്തില്‍ വരികയും പ്രാന്തീയ ബൗദ്ധിക് പ്രമുഖനായി, അത്ഭുതകരമായ വാഗ്ധോരണിയോടെ സംസാരിക്കുന്നത് കേള്‍ക്കാനിടയായ വിസ്മയകരമായ സന്തോഷവും അദ്ദേഹം പങ്കുവെച്ചു. വിദ്യാഭ്യാസാനന്തരം രഘു പ്രചാരകനാവാന്‍ ചിന്തിച്ചിരുന്നുവെങ്കിലും ഒടുവില്‍ ഗള്ഫിലെത്തുകയായിരുന്നു. അവിടത്തെ സ്വയംസേവകരുടെ കൂട്ടായ്മ വളരെ കാര്യക്ഷമമായിരുന്നുവെന്നും മനസ്സിലായി.
കണ്ണൂരിലെ വിവാഹച്ചടങ്ങുകളും സദ്യയുമൊക്കെ തെക്കര്‍ക്ക് വിസ്മയകരമായിരുന്നു. ‘ഇതെന്തു തരം സദ്യ’ എന്നവര്‍ മടക്കയാത്രയില്‍ സംശയിക്കുന്നുണ്ടായിരുന്നു. കണ്ണൂര്‍ ജില്ലയില്‍ പ്രചാരകനായി പത്തിരുപത് വര്‍ഷം കഴിയേണ്ടിവന്നതിനാല് എനിക്കത് പ്രശ്നമായില്ല. അങ്ങനെ പല കാര്യങ്ങളും ചര്‍ച്ച ചെയ്ത് പാറോംപാടം എത്തിയപ്പോള്‍ അവിടെ തന്റെ വീട്ടില്‍ കയറി ‘ഫ്രഷ്’ ആയിട്ട് യാത്ര തുടരാം എന്ന് രഘു ക്ഷണിച്ചു. പലപ്പോഴും ആ വഴി യാത്ര ചെയ്തിട്ടുണ്ടെങ്കിലും സ്ഥലപരിചയമില്ലാതിരുന്ന എനിക്ക് അതു സന്തോഷം നല്കി. അവിടെവച്ചാണ് രഘുവിന്റെ ധര്മപത്നി രമയെ പരിചയപ്പെടുന്നത്. ‘ജന്മഭൂമി’യിലൂടെയും ‘കേസരി’യിലൂടെയും അവര്‍ക്ക് എന്നെ അറിയുമായിരുന്നു. ‘പത്രാധിപര്‍’ക്ക് എവിടെയും വിശേഷാല്‍ സ്ഥാനമുണ്ടല്ലൊ. അതിനൊരു ദൃഷ്ടാന്തം പറയാം. ഇടപ്പള്ളിയിലെ കേരളചരിത്ര മ്യൂസിയം പ്രസിദ്ധമാണ്. അവിടത്തെ പ്രവേശനത്തിനു വലിയ ചിട്ടയാണ്. ഞാന്‍ ഒരിക്കല്‍ (35 വര്‍ഷം മുമ്പത്തെ കഥയാണ്) കുടുംബസഹിതം അവിടെ പോയി. അപ്പോഴാണ് അന്നവധി ദിവസമാണെന്നറിഞ്ഞത്. ‘പത്രാധിപ’രും കുടുംബവുമാണെന്ന് പറഞ്ഞപ്പോള്‍ അവിടത്തെ ഗൈഡ് സന്തോഷപൂര്‍വം മ്യൂസിയം മുഴുവന്‍ കാണിച്ചു തന്നു.
രഘുവിന്റെ വീട്ടില്‍ നിന്നിറങ്ങി പലരും കുന്ദംകുളത്തു കൂട്ടുപിരിഞ്ഞു. നാരായണയ്യരോടൊപ്പം ഞാന്‍ കൊടുങ്ങല്ലൂര്‍ വരെയും തുടര്‍ന്ന് ബസില്‍ എറണാകുളത്തേക്കും പോന്നു. നിരവധി വര്‍ഷങ്ങള്‍ക്കുശേഷം ബിജെപിയുടെ സംസ്ഥാന സമിതി തൊടുപുഴയില്‍ ചേര്‍ന്നപ്പോള്‍ എന്നെ ആദരിക്കുന്ന ചടങ്ങുമുണ്ടായിരുന്നു. അവിടെ രമാ രഘുനന്ദനെയും കുടുംബത്തെയും വിശദമായി പരിചയപ്പെട്ടു. മക്കളുമുണ്ടായിരുന്നു. അവര്‍ക്കെന്നെ പരിചയപ്പെടുത്തിയ് പ്രശംസകള്കൊണ്ട് പൊതിഞ്ഞായിരുന്നു. മകന് കണ്ണന് മിടുമിടുക്കനായാണ് അന്ന് സംസാരിച്ചതും പെരുമാറിയതും.
തുടര്‍ന്നും വളരെ വര്‍ഷങ്ങള്‍ സമ്പര്ക്കമില്ലാതെപോയി. അതിനിടെ കണ്ണന് ഹീമോഫീലിയയാണെന്ന് അറിഞ്ഞു. ആ കുട്ടി ആ രോഗത്തിന്നിരയായശേഷം കുട്ടികള്‍ക്ക് ഹീമോഫീലിയാ പരിചരണത്തിനും ബന്ധപ്പെട്ട കാര്യങ്ങള്‍ക്കുമായി ഒരു സ്ഥാപനം ആരംഭിക്കുന്ന വിവരം അറിഞ്ഞു. അന്നുമുതല്‍ അവിടെ പോകണമെന്ന മോഹം മനസില്‍ ഉദിച്ചു. അങ്ങനെ അവരുമായി ബന്ധം പുലര്‍ത്തി. ഒരു കോഴിക്കോട്ടു യാത്രയില്‍ അവിടെ കയറി പ്രഭാത ഭക്ഷണം കഴിച്ചു. ഞങ്ങള്‍ രണ്ടുപേര്‍ക്കു പുറമേ മകന് അനുവും ഭാര്യ പ്രീനയും കൊച്ചു മകള്‍ ഈശ്വരിയുമുണ്ടായിരുന്നു.
കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടയില്‍ ഞാങ്ങാട്ടിരിയിലെ മുന്‍ ജനസംഘ പ്രവര്ത്തകന് രാമന്‍കുട്ടിയുടെ വസതിയിലേക്കും അവര്‍ ഞങ്ങളെ കൊണ്ടുപോയി. വര്‍ഷങ്ങള്‍ക്കു മുമ്പ് അവിടത്തെ പതിവുകാരനായ എന്നെ കുടുംബസ്ഥനായി കണ്ട് രാമന്‍കുട്ടിയുടെ കുടുംബത്തിന് അതൊരു ഉത്സവംപോലെ ആയിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഞങ്ങള്‍ ഒരുമിച്ചു നടത്തിയ ‘സാഹസിക’ യാത്രകള്‍ ഓര്‍മിക്കാന്‍ അതവസരമുണ്ടാക്കി.
അവിടത്തെ താമസത്തിനിടെ രഘുനന്ദനന് ഞങ്ങളെ തൃശ്ശിവപേരൂരിലെ പഴയ സ്വയംസേവകരെ കാണാന്‍ കൊണ്ടുപോയി. അനന്തന് എന്ന സ്വയംസേവകന്റെ സഹായത്തോടെ മുന്‍ സംസ്ഥാനാധ്യക്ഷന്‍ കെ.വി. ശ്രീധരന് മാസ്റ്ററുടെയും മറ്റു സുഹൃത്തുക്കളുടെയും വീടുകളില്‍ കൊണ്ടുപോയി. സന്ധ്യക്ക് ഗുരുവായൂര്‍ പോയി ദര്‍ശനം നടത്താനും കഴിഞ്ഞു. നിവേദിതാ സുബ്രഹ്മണ്യനെയും, പഴയ പ്രചാരകന് ദാമോദരനെയും കാണാന്‍ അവസരം ലഭിച്ചു.
മടക്കത്തില്‍ ഗുരുവായൂരിലെ റെയില്‍വേ ഗേറ്റില്‍ വന്ന തടസ്സം മൂലം കുറേ ബുദ്ധിമുട്ടി. കുറേ ഊടുവഴികളിലൂടെ സഞ്ചരിച്ച് പെരിങ്ങാട് എന്ന സ്ഥലത്തുകാര് നിര്‍ത്തി രഘു വഴിയന്വേഷിച്ചു. ”ഇത് നമ്മുടെ നാരായണ്ജിയല്ലേ? എത്ര കൊല്ലമായി ഈ വഴിക്ക് വന്നിട്ട്” എന്നനേ്വഷണവുമായി ഒരാള്‍ വഴി പറഞ്ഞുതന്നു. എന്റെ പ്രചാരക ജീവിതത്തിന്റെ തുടക്കകാലത്തു പരിചയപ്പെട്ടയാള്‍. രാത്രി വൈകി ഞങ്ങള്‍ അക്കിക്കാവിലെത്തി.
അതിനു സമീപമാണ് കടവല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രം. അവിടെയാണ് വേദം ഓതുന്നതിന്റെ മത്സരം നടക്കുന്ന സ്ഥലം. കടവല്ലൂര്‍ അന്യോന്യം എന്നാണതിനു പറയുന്നത്. ‘കടവല്ലൂര്‍ കടന്നിരിക്കുക’ എന്നതു വൈദികര്‍ക്കിടയിലെ വലിയ യോഗ്യതയായി കണക്കാക്കപ്പെടുന്നു. ആ ക്ഷേത്രത്തിന്റെ പ്രധാന സ്ഥാനങ്ങള്‍ ഒക്കെ കാണാന്‍ അവസരമുണ്ടായി. തളിപ്പറമ്പില്‍ ഒന്നും ചെറുതല്ല എന്നു പറയപ്പെടുന്നു. അതുപോലെയാണ് കടവല്ലൂരും. തൃശ്ശിവപേരൂരും കടവല്ലൂരും ഇപ്പോഴും വേദപഠനമുണ്ട് എന്നത് നമ്മുടെ പാരമ്പര്യത്തിനറുതി വന്നിട്ടില്ല എന്നതിന്റെ തെളിവാണ്. വേദപണ്ഡിതനെയാണ് വൈദികന് എന്നു വിളിക്കേണ്ടത്. എന്നാല്‍ ഇക്കാലത്തു ളോഹയിട്ട പള്ളീലച്ചന്മാരെയാണ് വൈദികന്, വൈദികശ്രേഷ്ഠര്‍ എന്നൊക്കെ ഉദ്ഘോഷിക്കുന്നത്. ജന്മഭൂമിയിലും കത്തനാരെ വൈദികന് എന്നു പരാമര്‍ശിച്ചുകാണുന്നുണ്ട്. കത്തനാര് എന്നത് ഒരുകാലത്തു ബഹുമാനപൂര്‍വം വിളിച്ചിരുന്ന വാക്കാണ്. പാറേമ്മാക്കല്‍ തോമാ കത്തനാര് അവര്‍ക്കിടയിലെ ഏറ്റവും പ്രശസ്തനായിരുന്നല്ലൊ. അദ്ദേഹത്തിന്റെ റോമാ യാത്രയാണു മലയാളത്തിലെ ആദ്യ യാത്രാവിവരണമായി കരുതപ്പെടുന്നത്. അധ്യാത്മ രാമായണം യാത്രാവിവരണംകൂടിയാണെന്നതും, അതു മലയാളത്തിലാണെന്നതും നാം മറക്കുന്നു. ചെറുതാഴത്തും, തിരുവങ്ങാട്ടും രാമപുരത്തും മറ്റുമുള്ള ശ്രീരാമക്ഷേത്രങ്ങളില്‍ ദര്‍ശനം ലഭിച്ച എനിക്കു വിസ്തൃതമായി തൃപ്രയാറിലും ദര്‍ശനം കഴിക്കാന്‍ സാധിച്ചു.
തലശ്ശേരിയിലെ ഡോ. കെ.എം. രാമകൃഷ്ണന് (ബാബു) ഹീമോഫീലിയാ രോഗശമന രംഗത്ത് വളരെ സേവനം ചെയ്തുവരുന്നുണ്ട് എന്നറിഞ്ഞത് രഘുനന്ദനില്നിന്നാണ്. അദ്ദേഹത്തിന്റെ മകനും ആ രോഗത്തിന്റെ ഇരയായിരുന്നു. രഘുവിനെ പരിചയപ്പെട്ടതിനുശേഷം ഡോ. രാമകൃഷ്ണനെ കാണാന്‍ എനിക്കു സാധിച്ചിട്ടില്ല.
ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കോഴിക്കോട്ട് പോയപ്പോള്‍ രമാ രഘുനന്ദനനെ കാണാനും അല്പനേരം സംസാരിക്കാനും അവസരമുണ്ടായി. രഘു ഹീമോഫീലിയ ഫെഡറേഷന് ഓഫ് ഇന്ത്യയുടെ ദേശീയ ഫെഡറേഷനില്‍ അംഗവുമായിരുന്നു.
സംഘത്തില്‍നിന്നു ലഭിച്ചതോ, സ്വാഭാവികമായി ഉണ്ടായതോ ആയ പ്രസിദ്ധി പരാങ്മുഖതയെന്ന ഉത്തമശീലം അദ്ദേഹത്തെ വ്യത്യസ്തനാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: