ദിബ്രുഗഡ്: ആസാമില്‍ അതിര്‍ത്തിക്കടുത്തുള്ള കുശിയാരയില്‍ കടന്നുകയറി ക്ഷേത്ര പുനരുദ്ധാരണം തടഞ്ഞ ബംഗ്ലാദേശ് പട്ടാളക്കാരെ ബിഎസ്എഫ് മടക്കിയയച്ചു. അതിര്‍ത്തിയില്‍ ശ്രീഭൂമി ജില്ലയിലെ കുശിയാര നദിക്കരയിലുള്ള മാനസ ക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണം തടയാനായിരുന്നു ശ്രമം.
തങ്ങളുടെ നാട്ടില്‍ നിന്നാല്‍ ക്ഷേത്രം കാണാമെന്നും ഇത് അനിസ്ലാമികമാണെന്നും പറഞ്ഞാണ് വ്യാഴാഴ്ച ബോര്‍ഡര്‍ ഗാര്‍ഡ് ബംഗ്ലാദേശ് (ബിജിബി) പട്ടാളക്കാര്‍ അന്താരാഷ്‌ട്ര അതിര്‍ത്തി രേഖ കടന്നെത്തിയത്.
തകര്‍ന്ന ക്ഷേത്രം പുനരുദ്ധരിക്കാന്‍ ആസാം സര്‍ക്കാര്‍ മൂന്നു ലക്ഷം രൂപ അനുവദിച്ചിരുന്നു. വ്യാഴാഴ്ചയാണ് പുനരുദ്ധാരണം തുടങ്ങിയത്.
ബംഗ്ലാദേശിലെ ജാക്കിഗഞ്ജില്‍ നിന്ന് സ്പീഡ് ബോട്ടില്‍ എത്തിയ ബംഗ്ലാ പട്ടാളക്കാര്‍ ക്ഷേത്ര പുനരുദ്ധാരണം നിര്‍ത്താന്‍ പറയുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ബിഎസ്എഫ് അധികൃതര്‍ അവരെ മടക്കിയയക്കുകയും പുനരുദ്ധാരണം തുടരാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. ശ്രീഭൂമിയില്‍ ബംഗ്ലാദേശുമായി ഭാരതത്തിന് 94 കി.മി. അതിര്‍ത്തിയാണുള്ളത്. ഇതില്‍ 43 കി.മി.യും നദിയാണ്. ഇവിടെ വേലിക്കെട്ടില്ല. അതിനാലാണ് ബംഗ്ലാ പട്ടാളം കടന്നുകയറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: