കണ്ണൂര്‍: സര്‍ക്കാര്‍ ജീവനക്കാരായ ദിവ്യാംഗരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ദി റൈറ്റ് ഓഫ് പേഴ്സണ്‍ വിത്ത് ഡിസെബിലിറ്റീസ് (ആര്‍പിഡബ്ല്യുഡി ആക്റ്റ് 2016) കേരള സര്‍ക്കാര്‍ അട്ടിമറിക്കുന്നു. 2017 ഏപ്രില്‍ 19 മുതലാണ് പരിഷ്കരിച്ച നിയമം പ്രാബല്യത്തില്‍ വന്നത്. മറ്റ് സാധാരണ വ്യക്തികളെ പോലെ സമത്വവും അഭിമാനത്തോടെ ജീവിക്കാനുമുള്ള സാഹചര്യമൊരുക്കുകയുമാണ് നിയമത്തിന്റെ ലക്ഷ്യം.
40 ശതമാനമെങ്കിലും വൈകല്യമുള്ള ബെഞ്ച് മാര്‍ക്ക് ഡിസെബിലിറ്റി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് സ്ഥാനക്കയറ്റത്തിന് അര്‍ഹതയുണ്ട്. ഗസറ്റഡ് റാങ്കിലുള്ള ഗ്രൂപ്പ് എ, നോണ്‍ ഗസറ്റഡ് റാങ്കിലുള്ള ഗ്രൂപ്പ് ബി തസ്തികകളില്‍ പരിഗണിക്കാം. നേരത്തെ നിയമന സമയത്തായിരുന്നു സംവരണമെങ്കില്‍ 2016 ല്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ നിയമപ്രകാരം സ്ഥാനക്കയറ്റത്തില്‍ കൂടി സംവരണം പരിഗണിക്കാന്‍ നിര്‍ദ്ദേശിച്ചു. നേരത്തെ മൂന്ന് ശതമാനമായിരുന്ന സംവരണം. മോദി സര്‍ക്കാര്‍ നാല് ശതമാനമാക്കി.
നിയമന വ്യവസ്ഥയില്‍ സ്ഥാനക്കയറ്റമോ പിഎസ്സി വഴിയുള്ള നിയമനമോ എന്ന വേര്‍തിരിവില്ലാതെ എല്ലാ തസ്തികകളിലും ദിവ്യാംഗരെ പരിഗണിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിയമം പാസ്സാക്കിയിരുന്നു. എന്നാല്‍ ഒരേ സമയത്ത് നേരിട്ടുള്ള നിയമനവും പ്രമോഷനുമുള്ള തസ്തികകളില്‍ മാത്രമേ ദിവ്യാംഗരെ പരിഗണിക്കു എന്ന നിലപാടാണ് കേരള സര്‍ക്കാര്‍ സ്വീകരിച്ചത്. യുഡി ക്ലാര്‍ക്ക്, ജൂനിയര്‍ അസിസ്റ്റന്റ്, അക്കൗണ്ട്സ് ഓഫീസര്‍, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ തുടങ്ങിയ നിരവധി പ്രധാന പോസ്റ്റുകളിലൊന്നും പിഎസ്സി വഴി നേരിട്ടുള്ള നിയമനമില്ല. ഇവിടെയെല്ലാം സ്ഥാനക്കയറ്റം വഴി മാത്രമാണ് നിയമനമുള്ളത്. കേരള സര്‍ക്കാരിന്റെ നിലപാട് കാരണം ദിവ്യാംഗര്‍ക്ക് ഇത്തരം പോസ്റ്റുകളില്‍ സ്ഥാനക്കയറ്റം വഴി സംവരണ ആനുകൂല്യപ്രകാരമുള്ള നിയമനം ലഭിക്കില്ല. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ നിയമം തങ്ങള്‍ക്ക് ബാധകമല്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫായിരുന്ന ലിസാമ്മ ജോസഫ് സ്ഥാനക്കയറ്റം ലഭിക്കാനായി 2021 ജൂണ്‍ 28 ന് കോടതിയെ സമീപിച്ചപ്പോള്‍ അവര്‍ക്ക് അനുകൂലമായ വിധി വന്നു. വിആര്‍എസ് എടുത്ത ലിസാമ്മയ്ക്ക് ആനുകൂല്യങ്ങള്‍ നല്കി കേരള സര്‍ക്കാര്‍ പ്രശ്നം ഒതുക്കിത്തീര്‍ക്കുകയായിരുന്നു. കീഴ്ക്കോടതി മുതല്‍ സുപ്രീംകോടതി വരെയാണ് അവര്‍ അര്‍ഹമായ ആനുകൂല്യത്തിനുവേണ്ടി നിയമപോരാട്ടം നടത്തിയത്. ഇതിനുശേഷം കൂടുതല്‍ പേര് നിയമപോരാട്ടത്തിന് ഇറങ്ങിയതോടെ കേരള സര്‍ക്കാര്‍ ഇതിനെയെല്ലാം മറികടക്കാന്‍ 2022 ല്‍ സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ചെയര്‍മാനായി ജോയിന്റ് കമ്മറ്റിയെ നിയോഗിച്ചു. തുടര്‍ന്ന് 2023 ജൂലൈയില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ പ്രത്യേക വ്യവസ്ഥ കേരളത്തില്‍ കൊണ്ടുവന്നത്.
ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ് ഡയറക്ടറായ ദിവ്യാംഗനായ തിരുവനന്തപുരം സ്വദേശി ഡോ. ബി. ഉണ്ണികൃഷ്ണന് ഡെപ്യൂട്ടി ഡയറക്ടറായി സ്ഥാനക്കയറ്റ അപേക്ഷ നല്കിയപ്പോള് സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ നിരസിച്ചത് പുതിയ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ്. ഡോ. ബി. ഉണ്ണികൃഷ്ണന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍, ഹൈക്കോടതി, സുപ്രീംകോടതി എന്നിവയെ എല്ലാം സമീപിച്ചപ്പോഴും അനുകൂല വിധിയാണുണ്ടായതെങ്കിലും സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചില്ല. സംസ്ഥാന സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്നും പ്രമോഷന് നല്‍കണമെന്നുമണ് കോടതി നിര്‍ദ്ദേശിച്ചത്. ഇതിനെയെല്ലാം മറികടക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ ജിഒ ഇറക്കിയത്. ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിയമം തങ്ങള്‍ക്ക് ബാധകമല്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: