ബംഗ്ലാദേശ് ഒരു സ്വതന്ത്ര രാജ്യമാണ്. എങ്കില്‍പോലും അവിടെയുള്ള ഹിന്ദുക്കള്‍ ഒരിക്കല്‍ ഭാരതത്തിന്റെ ഭാഗമായിരുന്നല്ലോ. അതുകൊണ്ടുതന്നെ അവര്‍ നമ്മുടെ സഹോദരങ്ങളും ബന്ധുക്കളും ആണ്. ആപത്ഘട്ടത്തില്‍ അവരെ രക്ഷിക്കേണ്ടത് ഭാരത സൈന്യത്തിന്റെ കൂടി ചുമതലയല്ലേ എന്നാണ് പൊതുവേ ഉയരുന്ന ചോദ്യം. കേള്‍ക്കുമ്പോള്‍ ന്യായമെന്നു തോന്നും. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ തീവ്രവാദ പ്രവര്‍ത്തനത്തിലൂടെ അട്ടിമറിച്ച്, ‘ജമാഅത്തെ ഇസ്ലാമി’ എന്ന ഇസ്ലാമിക ഭീകര സംഘടന ബംഗ്ലാദേശ് ഭരിക്കുകയാണ്. അട്ടിമറിയിലൂടെ അധികാരത്തില്‍ വന്ന ഭീകര സംഘടനയ്‌ക്കെതിരെ സൈനിക നടപടി ന്യായമല്ലേ എന്നും സംശയിക്കാം.
ശ്രദ്ധിക്കേണ്ട കാര്യം, ഇതു ബംഗ്ലാദേശില്‍ മാത്രം ഒതുങ്ങുന്ന വിഷയമല്ല എന്നതാണ്. രാജ്യാന്തര തലത്തില്‍ ഭാരതത്തിനെതിരെയുള്ളൊരു ഗൂഢനീക്കം കൂടിയാണ്. അതിലൊരു കെണി ഒളിച്ചുവച്ചിട്ടുമുണ്ട്. പ്രകോപിപ്പിച്ചു കെണിയില്‍ വീഴ്‌ത്താനുള്ള ശ്രമം അതിലുണ്ട്. ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്തില്ലെങ്കില്‍, ബംഗ്ലാദേശ് അടക്കമുള്ള മേഖലയിലെ ഹിന്ദുസമൂഹത്തിനാകമാനം അതു ദോഷമായി മാറും. ആഗോളതലത്തില്‍ ഭാരതം ആര്‍ജിക്കുന്ന അംഗീകാരവും മാന്യതയും സ്വാധീനവും തകര്‍ക്കുക എന്നതാണ് ഗൂഢ ലക്ഷ്യം. മറ്റൊരു രാജ്യത്തേക്കു കടന്നു കയറുന്നതിനു രാജ്യാന്തര നിബന്ധനകളുണ്ടല്ലോ. അതു ലംഘിച്ചാല്‍ ആഗോളതലത്തില്‍ ഭാരതത്തിന്റെ പ്രതിച്ഛായയ്‌ക്കു കളങ്കമേല്‍ക്കും. അതു പല വന്‍ശക്തികളേയും നമുക്ക് എതിരാക്കും. അതാണ് ഈ പ്രശ്നത്തിനു പിന്നിലുള്ളവര്‍ ആഗ്രഹിക്കുന്നതും.
മുസ്ലീങ്ങള്‍ ഒഴികെയുള്ള എല്ലാ മത വിഭാഗങ്ങളും ഇന്നു ബംഗ്ലാദേശില്‍ അക്രമത്തിന് ഇരയാകുന്നുണ്ട്. ഹിന്ദുക്കളോടൊപ്പം അക്കൂട്ടത്തില്‍ ബുദ്ധമതക്കാരും ക്രിസ്ത്യാനികളുമുണ്ട്. ഇവ രണ്ടും ഔദ്യോഗിക മതമായി പ്രഖ്യാപിച്ചിട്ടുള്ള ഒട്ടേറെ രാജ്യങ്ങള്‍ ലോകത്ത് ഉണ്ട്. അവരാരും ബംഗ്ലാദേശിലെ ക്രൈസ്തവരെയോ ബൗദ്ധരേയോ രക്ഷിക്കാന്‍ വേണ്ടി സൈനിക നീക്കം ആരംഭിച്ചിട്ടില്ല എന്നതു ശ്രദ്ധിക്കണം. എന്നാല്‍ ഇതേ ന്യായംമാത്രം പറഞ്ഞു കൊണ്ടല്ല ഭാരതം സൈനിക നടപടിക്ക് മുതിരാത്തത്. ബംഗ്ലാദേശിനെ കീഴടക്കാനുള്ള കരുത്ത് ഇന്നത്തെ ഭാരതത്തിനുണ്ട്. ഭാരതത്തിന്റെ സൈനിക ശക്തിക്ക് മുമ്പില്‍ ബംഗ്ലാദേശ് ഒന്നുമല്ല. എന്നുമാത്രമല്ല ബംഗ്ലാദേശില്‍ ഉത്പാദിപ്പിക്കപ്പെടുന്ന വളരെ വലിയ വിഭാഗം ഉല്‍പ്പന്നങ്ങളും ഭാരതത്തിലാണ് മാര്‍ക്കറ്റ് കണ്ടെത്തുന്നത്. ബംഗ്ലാദേശിന്റെ സാമ്പത്തിക സ്ഥിതിയെ താങ്ങിനിര്‍ത്തുന്നത് ഒരളവ് വരെ ഭാരതമാണ്.
എന്നിട്ടും എന്തുകൊണ്ട് ഭാരതം ബംഗ്ലാദേശിനെ കടന്നാക്രമിക്കുന്നില്ല എന്ന ചോദ്യത്തിന് വ്യക്തമായ 5 കാരണങ്ങളാണ് ഉള്ളത്.
‘1- അങ്ങനെ ചെയ്താല്‍, അത് നമ്മുടെ അയല്‍ രാജ്യങ്ങളായ മ്യാന്‍മര്‍, ശ്രീലങ്ക, മാലിദ്വീപ്, നേപ്പാള്‍, ഭൂട്ടാന്‍, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ എല്ലാം ഭീതി വിതയ്‌ക്കുവാന്‍ ചൈന പോലുള്ള രാഷ്‌ട്രങ്ങള്‍ക്ക് അവസരം ഒരുക്കി കൊടുക്കുകയാവും ചെയ്യുക.
2- ഭാരതം ബംഗ്ലാദേശിനെ കീഴടക്കിയാല്‍ ബാക്കി രാജ്യങ്ങളെ ചൈന തങ്ങളുടെ സഖ്യകക്ഷിയാക്കാന്‍ സാധ്യതയുണ്ട്. അതായത് ഭാരതം മുന്‍കൈയെടുത്ത് ഉണ്ടാക്കിയ സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജണല്‍ കൊ-ഓപ്പറേഷന്‍ എന്നുള്ള അന്താരാഷ്‌ട്ര സംവിധാനത്തെ തകര്‍ക്കാനും ഭാരതത്തിന്റെ സ്ഥാനത്ത് ചൈന കടന്നുവന്ന് സാര്‍ക്ക് രാജ്യങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനും അത് വഴി തുറക്കും.
3 – ഭാരതത്തിലെ പ്രതിപക്ഷ കക്ഷികള്‍ ഇക്കാര്യത്തില്‍ ചൈന, പാകിസ്ഥാന്‍ എന്നിവേരാട് ചേര്‍ന്നുനില്‍ക്കാന്‍ താല്പര്യപ്പെടുകയും കമ്മ്യൂണിസ്റ്റുകളും മുസ്ലിം തീവ്രവാദികളും ഒരേ ലൈനില്‍ വരികയും ചെയ്യും. ഭാരതത്തെ തകര്‍ക്കാന്‍ ഇപ്പോള്‍ത്തന്നെ വലിയ പ്രൊജക്ടുകളും സമ്പത്തുമായി ഒരുങ്ങിയിരിക്കുന്ന ജോര്‍ജ് സോറോസിനെപ്പോലുള്ളവര്‍ക്ക് ഇത് വളരെ അനുകൂലമായ രംഗവേദി ഒരുക്കും.
4- ഒരിക്കല്‍ അമേരിക്കയുടെ സഖ്യകക്ഷിയായി നിന്നുകൊണ്ട് സോവിയറ്റ് യൂണിയനെ എതിര്‍ക്കാന്‍ ഒപ്പം ഉണ്ടായിരുന്ന ചൈന വീണ്ടും ശക്തി ആര്‍ജ്ജിച്ചു മുസ്ലിം രാഷ്‌ട്രങ്ങളോടും യൂറോപ്യന്‍ രാജ്യങ്ങളോടും സഖ്യം ഉണ്ടാക്കി ഒരു മുന്നണി രൂപീകരിക്കാനും ഇത് വഴിയൊരുക്കും.
5- ബംഗ്ലാദേശില്‍ ഭാരതം സൈന്യത്തെ അയച്ചാല്‍ ലോകത്ത് ഹിന്ദുക്കള്‍ താമസിക്കുന്ന ഏതു രാജ്യത്തേക്കും എന്തു പ്രശ്നം ഉണ്ടായാലും ഭാരതം സൈന്യത്തെ അയക്കണം എന്ന ആവശ്യം ഉയരുകയും ചെയ്യും.
ഏതൊരു സ്വതന്ത്ര പരമാധികാര രാജ്യത്തിന്റെയും അതിര്‍ത്തിക്കുള്ളില്‍ നടക്കുന്ന ആഭ്യന്തര പ്രശ്നങ്ങള്‍, എന്തിന്റെ പേരില്‍ ആയിരുന്നാലും, അതതു രാജ്യത്തിന്റെ നിയമത്തിനും അധികാരത്തിനും ഉള്ളില്‍ നിന്നുകൊണ്ട് പരിഹരിക്കുന്നതാണ് ശാശ്വതമായിട്ടുള്ളത്. താല്‍ക്കാലികം ആണെങ്കിലും ആ രാജ്യം ഭരിക്കുന്നത് തീവ്രവാദികളോ ജനാധിപത്യം അട്ടിമറിച്ച മറ്റ് തീവ്രവാദ സംവിധാനങ്ങളോ ആണെങ്കിലും രാജ്യത്തിന്റെ പരമാധികാരത്തിനുള്ളിലേക്ക് മറ്റൊരു രാജ്യം കടന്നു ചെല്ലുമ്പോള്‍ ചിത്രം ആകപ്പാടെ മാറുകയും കടന്നുചെന്ന രാജ്യം സാമ്രാജ്യത്വ ശക്തിയായും അധിനിവേശ ശക്തിയായും ചിത്രീകരിക്കപ്പെടുകയും ചെയ്യും. അന്താരാഷ്‌ട്ര ശാക്തിക ചേരികളില്‍ വളരെ പെട്ടെന്ന് മാറ്റങ്ങള്‍ സംഭവിക്കുകയും പുറത്തുനിന്ന് കടന്നുവന്ന രാജ്യത്തിനെതിരെ പുതിയ ശാക്തിക ചേരികള്‍ രൂപീകരിക്കപ്പെടുകയും ചെയ്യാന്‍ ഇത് വഴിയൊരുക്കും. ഭാരതം ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യവും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും ആണ്. ആഗോളതലത്തില്‍ വന്‍ശക്തി രാഷ്‌ട്രങ്ങളെ അതിവേഗം പിന്നിലാക്കി മുന്നോട്ടു കുതിക്കുന്ന സാമ്പത്തിക സൈനിക ശക്തി കൂടിയാണ് ഭാരതം. ഈ അവസരത്തില്‍ ഭാരതത്തെ രാജ്യാന്തര തലത്തില്‍ ദുര്‍ബലപ്പെടുത്തുന്ന ഏതു നീക്കവും താല്‍ക്കാലിക നേട്ടമുണ്ടാക്കുമെങ്കിലും ദീര്‍ഘകാലയളവില്‍ ഭാരതത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്നതും സാമ്പത്തിക സൈനിക പുരോഗതികളെ അട്ടിമറിക്കുന്നതും ആവാന്‍ ഇടയുണ്ട്.
ആഭ്യന്തര പ്രശ്നങ്ങള്‍ക്ക് പരിഹാരം ആഭ്യന്തരമായിത്തന്നെ ഉണ്ടായെങ്കിലേ ദീര്‍ഘകാല സമാധാന കരാറിലേക്കും നിയമപരമായ പരിഹാരത്തിലേക്കും അത് എത്തുകയുള്ളൂ. തീവ്രവാദികളാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ആ രാജ്യത്തെ ജനതയും ഭരണകൂടവും തിരിച്ചറിയുകയും ശാശ്വത സമാധാനത്തിന് ഇത്തരം ശക്തികളെ ഒഴിവാക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ് എന്നും തദ്ദേശീയ ജനത മനസ്സിലാക്കണം.
ഇപ്പോഴത്തെ അന്താരാഷ്‌ട്ര സാഹചര്യത്തില്‍ ഐക്യരാഷ്‌ട്ര രക്ഷാ സമിതിയില്‍ ഭാരതത്തിന്റെ സ്ഥിരാംഗത്വത്തിന് വേണ്ടി മറ്റ് രാജ്യങ്ങള്‍ വാദിക്കുന്ന അനുകൂല സാഹചര്യമാണുള്ളത്. അതിന് അടിസ്ഥാനപരമായ പല കാരണങ്ങളുമുണ്ട് .ലോകരംഗത്ത് സ്വതന്ത്രവും നിഷ്പക്ഷവും എന്നാല്‍ നീതിയുക്തവുമായ നിലപാടുകള്‍ എടുക്കുന്നതില്‍ മാത്രമല്ല, പല ശത്രു രാജ്യങ്ങള്‍ക്കിടയിലും മധ്യസ്ഥത നിര്‍വഹിക്കുന്നതിനും ഇന്ന് ഭാരതത്തിന്റെ ശബ്ദത്തിന് വളരെയേറെ സ്വീകാര്യതയുണ്ട്. അന്താരാഷ്‌ട്ര രംഗത്ത് അമേരിക്കക്കും റഷ്യക്കും ചൈനയ്‌ക്കും ബ്രിട്ടനും മറ്റും ഉണ്ടായിരുന്ന സ്ഥാനത്തേക്കാള്‍ വലിയ സ്ഥാനത്താണ് ഇന്ന് ഭാരതം. മാത്രമല്ല ഐക്യരാഷ്‌ട്ര സഭയ്‌ക്ക് പോലും ഭാരതത്തെ ആശ്രയിക്കേണ്ട സാഹചര്യവും ഇന്ന് നിര്‍മിച്ചെടുക്കാന്‍ നമ്മുടെ പ്രവര്‍ത്തനങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട്.
ഭാരതം ബംഗ്ലാദേശില്‍ സൈനികമായി ഇടപെടുകയാണെങ്കില്‍ മേല്‍പ്പറഞ്ഞ എല്ലാ അനുകൂല സാഹചര്യങ്ങളും നഷ്ടപ്പെടും. ദീര്‍ഘകാല അടിസ്ഥാനത്തില്‍ ശക്തവും സ്വാധീനശേഷിയുള്ളതും ലോക നേതൃത്വം അംഗീകരിക്കുന്നതുമായ സുശക്തമായ ഭാരതത്തിന്റെ സാധ്യത നഷ്ടമാവും. അത് ബംഗ്ലാദേശിലടക്കം ആഗോളതലത്തിലുള്ള ഭാരതീയ വംശജരുടെ സുരക്ഷയേയായിരിക്കും ബാധിക്കുക. രാജ്യാന്തര ഭീകര സംഘടനകള്‍ ആഗ്രഹിക്കുന്നതും അതു തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: