റോമിലെ വത്തിക്കാനില്‍ ശിവഗിരി മഠം സംഘടിപ്പിച്ച സര്‍വമത സമ്മേളനത്തില്‍ പങ്കെടുക്കാനവസരം കിട്ടയത് അപ്രതീക്ഷിതമായിട്ടാണ്. മാര്‍പ്പാപ്പയെ കാണണം. വായിച്ചറിഞ്ഞ ചരിത്രസ്മാരകങ്ങള്‍ സന്ദര്‍ശിക്കണം. രണ്ട് ആഗ്രഹങ്ങളും സാധ്യമായി. വത്തിക്കാന്‍ നഗരം കാണാവുന്നിടത്തോളം നടന്നു കാണാന്‍ തീരുമാനിച്ചു. കൂട്ടിന് നഗരത്തിന്റെ മുക്കും മൂലയും അറിയാവുന്ന മോബിന്‍ വര്‍ഗീസിനെ കിട്ടി. പുരോഹിത വേഷം അഴിച്ച് കുടുംബസ്ഥനായി വര്‍ഷങ്ങളായി വത്തിക്കാനില്‍ താമസിക്കുന്ന ഇടുക്കിക്കാരന്‍. ലോകാത്ഭുത പട്ടികയിലുള്ള കൊളോസിയം തന്നെയായിരുന്നു ആദ്യ കാഴ്ച. ആദ്ധ്യാത്മിക നഗരത്തിലെത്തുന്ന സഞ്ചാരികളെ ആശ്ചര്യപ്പെടുത്തുകയോ ആഹ്ലാദിപ്പിക്കുകയോ ചെയ്യാത്ത കാഴ്ചകള്‍. വേദനിപ്പിക്കുകയും ചിന്തിപ്പിക്കുകയും നിരാശപ്പെടുത്തുകയും ചെയ്യുന്ന ദൃശ്യങ്ങള്‍. ക്രൂരതയുടേയും വഞ്ചനയുടേയും പോരാട്ടത്തിന്റേയും ചരിത്രത്തിലൂടെ വേദനയോടെയുള്ള യാത്ര. മോബിന്‍ ഒരോ കാഴ്ചയുടേയും ചരിത്രം കൂടി പറഞ്ഞപ്പോള്‍ വല്ലാത്തൊരു നൊമ്പരം.
ചോരയുടെ മണം തളംകെട്ടി കിടന്നിരുന്ന ശവപ്പറമ്പാണ് കൊളോസിയം. മല്ലന്മാര്‍ തമ്മിലും മൃഗങ്ങളോടും ഏറ്റുമുട്ടി മരിച്ചു വീഴുന്നതുകണ്ട് ആസ്വദിക്കാന്‍ ഒന്നാം നൂറ്റാണ്ടില്‍ നിര്‍മിച്ച ലോകത്തിലെ ഏറ്റവും വലിയ ആംഫി തിയേറ്റര്‍. ധാരാളിത്തത്തിന്റേയും ക്രിസ്ത്യന്‍ വേട്ടയുടേയും പേരില്‍ കുപ്രസിദ്ധനായ റോമന്‍ ചക്രവര്‍ത്തി നീറോയുടെ സ്വകാര്യ തടാകം വറ്റിച്ചായിരുന്നു നിര്‍മാണം. പക്ഷേ നിര്‍മിച്ചത് നീറോ അല്ല. പിന്‍ഗാമി വെസ്പാസിയന്‍ ചക്രവര്‍ത്തി. എ.ഡി. 72ല്‍ നിര്‍മാണം ആരംഭിച്ചു. മകന്‍ ടൈറ്റസ് ചക്രവര്‍ത്തി എ.ഡി. 80ല്‍ പൂര്‍ത്തീകരിച്ചു. കൊളോസിയം എന്ന പേരിന് പക്ഷേ നീറോയുമായിട്ടാണ് ബന്ധം. നീറോ ചക്രവര്‍ത്തി തന്റെ ഭീമാകാരമായ വെങ്കല പ്രതിമ നിര്‍മിച്ച് കൊട്ടാരത്തിന്റെ ഒരുവശത്തായി പ്രതിഷ്ഠിച്ചിരുന്നു. അദ്ദേഹത്തിന്റെ കാലംകഴിഞ്ഞ് വര്‍ഷങ്ങള്‍ക്കുശേഷം ഹാഡ്രിയന്‍ ചക്രവര്‍ത്തി റോമാ മന്ദിരം പണിയുന്ന കാലത്ത് ‘കൊളോസ്സല്‍ നീറോ’ എന്ന ആ പ്രതിമ നഗരത്തില്‍ മാറ്റി സ്ഥാപിച്ചു. ആ പ്രതിമയുടെ സമീപത്തായിരുന്നതുകൊണ്ട് ആംഫി തിയറ്ററിന് കൊളോസിയം എന്ന പേരുവന്നു. അര ലക്ഷം മുതല്‍ 80,000 വരെ കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ടായിരുന്നു ഈ കൂറ്റന്‍ നിര്‍മിതിക്ക്.
അറുപതിനായിരം ജൂതന്മാരായ അടിമകള്‍ ഒമ്പതു വര്‍ഷമെടുത്താണ് കൊളോസിയം നിര്‍മിച്ചത്. ഗ്രാനൈറ്റിന് സമാനമായ, ഒരു ലക്ഷം ക്യുബിക് മീറ്റര്‍ ട്രാവന്റൈന്‍ കല്ലുകള്‍, കുമ്മായക്കൂട്ടില്ലാതെ ചേര്‍ത്തുവച്ചാണ് പുറംചുമരുകള്‍ കെട്ടിപ്പൊക്കിയിട്ടുള്ളത്. ലോകത്ത് ഇന്നേവരെ നിര്‍മിക്കപ്പെട്ടതില്‍ ഏറ്റവും വലുത്. 188 മീറ്റര്‍ നീളവും 156 മീറ്റര്‍ വീതിയും 57 മീറ്റര്‍ ഉയരവുമുള്ള നടനശാലയും രംഗഭൂമിയും പോരാങ്കണവുമായിരുന്ന റോമന്‍ കൊളോസിയം, ഭൂഗര്‍ഭ അറകള്‍ ഉള്‍പ്പടെയുള്ള നാല് നിലകളിലായി ഉയര്‍ന്നുനില്‍ക്കുന്നു.
പ്രദര്‍ശനങ്ങള്‍ക്കായുള്ള പോരാളികളുടെ ആയുധങ്ങളും ആയോധനത്തിനുള്ള മൃഗങ്ങളും ഈ ഭൂഗര്‍ഭയറകളിലൂടെയാണ് സദസ്യരെ അമ്പരപ്പിച്ചുകൊണ്ട് ദ്രുതഗതിയില്‍ എത്തിച്ചിരുന്നത്. 84 പ്രവേശനകവാടങ്ങള്‍ ഒരുക്കിയിരുന്നു. വിനോദത്തിന്റെയും നേരമ്പോക്കിന്റെയും കലാപ്രകടനങ്ങളുടെയും വേദി. മൃഗയാവിനോദങ്ങളും ദ്വന്ദ്വയുദ്ധങ്ങളും തടവുകാരുടെ വധശിക്ഷാ നിര്‍വഹണവുമെല്ലാം അവിടെവച്ചായിരുന്നു.
കവാടങ്ങളില്‍ 76 എണ്ണം സാധാരണ ജനങ്ങള്‍ക്കും രണ്ടു വിശിഷ്ട കവാടങ്ങള്‍ ചക്രവര്‍ത്തിക്കും മറ്റുന്നതര്‍ക്കും വേണ്ടി. മറ്റു രണ്ടുകവാടങ്ങള്‍ അരീനയിലേക്ക് നേരിട്ടുള്ളവയാണ്. ഒന്ന് ജീവന്റെ കവാടം എന്നും മറ്റേത് മരണത്തിന്റെ കവാടം എന്നും അറിയപ്പെട്ടു. ജീവന്റെ കവാടത്തിലൂടെയാണ് യോദ്ധാക്കള്‍ രണാങ്കണത്തിലേക്ക് പ്രവേശിക്കുന്നതും വിജയശ്രീലാളിതരായി മടങ്ങുന്നതും. മത്സരത്തില്‍ വീരചരമം പ്രാപിക്കുന്ന യോദ്ധാവ് അന്ത്യയാത്ര പറയുന്നത് മരണത്തിന്റെ വാതിലിലൂടെയും. ഉദ്ഘാടനത്തിന്റെ ഭാഗമായി നൂറുദിവസം നീണ്ടുനിന്ന കായിക വിനോദങ്ങള്‍ നടന്നു. അതിനിടയില്‍ രണ്ടായിരത്തിലേറെ മല്ലയുദ്ധക്കാര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. അഞ്ചാം നൂറ്റാണ്ടുവരെ സജിവമായിരുന്ന ഇവിടെ നാല് ലക്ഷത്തില്‍പ്പരം ആളുകള്‍ക്കും ഒരു ലക്ഷത്തില്‍പ്പരം മൃഗങ്ങള്‍ക്കും ജീവന്‍ നഷ്ടമായി. പിന്നീട് തകര്‍ച്ചയുടെ കാലം. കൊള്ളയും കവര്‍ച്ചയും ഭൂകമ്പവും ലോകയുദ്ധങ്ങളും തകര്‍ച്ചയ്‌ക്ക് ആക്കംകൂട്ടി. എങ്കിലും കാലങ്ങളോളം പാണ്ടികശാലയായും ക്രിസ്ത്യന്‍ പള്ളിയായും സെമിത്തേരിയായും കുലീനവര്‍ഗത്തിനായുള്ള ഹര്‍മ്യമായും കോട്ടയായുമെല്ലാം കൊളോസിയം നിലനിന്നു. 1980 മുതല്‍ യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയില്‍. 2007ല്‍ ആധുനിക ലോകത്തെ സപ്താത്ഭുതങ്ങളില്‍ ഒന്നായി പ്രഖ്യാപിക്കപ്പെട്ടു. ആധുനിക കാലത്തെ പല സ്റ്റേഡിയങ്ങളും കൊളോസിയത്തിന്റെ മാതൃകയാണ് പിന്തുടരുന്നത്.
ദുഃഖ വെള്ളിയാഴ്ചകളില്‍, പോപ്പിന്റെ നേതൃത്വത്തില്‍ കുരിശിന്റെ വഴി പ്രദക്ഷിണം നടക്കുന്നത് കൊളോസിയത്തിലാണ്. ആദ്യകാലങ്ങളില്‍ ഇവിടെവച്ച് കൊല്ലപ്പെട്ട ക്രിസ്ത്യാനികളുടെ ഓര്‍മ പുതുക്കുന്നതും അന്നാണ്.
പത്രോസിന്റെ ശവക്കുഴി, മൈക്കലാഞ്ചലോയുടെ കരവിരുത്
ലോകാത്ഭുത പട്ടികയില്‍ കോളോസിയം ആണുള്ളതെങ്കിലും വത്തിക്കാനിലെത്തുന്നവരുടെ പ്രധാന ലക്ഷ്യ സ്ഥാനം സെന്റ് പീറ്റേഴ്സ് സ്‌ക്വയറും സെന്റ് പീറ്റേഴ്സ് ബസലിക്കയുമാണ്. മാര്‍പ്പാപ്പയുടെ ആസ്ഥാനം. 320 മീറ്റര്‍ നീളവും 240 മീറ്റര്‍ വീതിയുമുള്ള ചതുര്‍ഭുജ നിര്‍മിതിയാണ് സെന്റ് പീറ്റേഴ്സ് സ്‌ക്വയര്‍. മൂന്നുലക്ഷം പേര്‍ക്കുവരെ സംഗമിക്കാവുന്നത്ര വിസ്തൃതിയുണ്ട്. മുമ്പില്‍ വിസ്മയക്കാഴ്ചയായി സെന്റ് പീറ്റേഴ്സ് ബസലിക്ക. ചുറ്റം അംബര ചുംബികളായ പഴമ പേറുന്ന നിര്‍മിതികള്‍. പോപ്പ് ആളുകള്‍ക്ക് ദര്‍ശനം നല്‍കുന്ന ബാല്‍ക്കണിയും പോപ്പ് തെരഞ്ഞെടുപ്പില്‍ പുക വരുന്ന കിളിവാതിലും കൂടെയുണ്ടായിരുന്ന മോബിന്‍ ചൂണ്ടിക്കാണിച്ചു. ചത്വരത്തിന്റെ മധ്യഭാഗത്തായി ഈജിപ്ത്യന്‍ സ്തൂഭം തലയുയര്‍ത്തിനില്‍ക്കുന്നു. 4000 വര്‍ഷത്തോളം പഴക്കമുള്ള സ്തൂഭത്തിന്റെ മുകളില്‍ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സാന്ത്വനത്തിന്റെയും പ്രതീകമായ കുരിശ്. സീസറിന്റെ ചിതാഭസ്മമുണ്ടായിരുന്നുവെന്ന് വിശ്വസിക്കപ്പെട്ടിരുന്ന ഗ്ലോബായിരുന്നു കുരിശിന്റെ സ്ഥാനത്ത് ആദ്യമുണ്ടായിരുന്നത്. തൂണുകളുടെ മുകളില്‍ വിശുദ്ധരുടെ ശില്പങ്ങള്‍.
ദേവാലയ ദര്‍ശനത്തിനപ്പുറം മൈക്കലാഞ്ചലോ എന്ന മഹാശില്പിയെ മനസാ സ്മരിക്കുന്ന കാഴ്ച. സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ ശില്പിയുടെ ഔന്നത്യം അടുത്തറിയാം. ക്രിസ്തുവിന്റെ ആദ്യശിഷ്യനും റോമിലെ ആദ്യ മെത്രാനുമായ പത്രോസിന്റെ പേരിലുള്ളതാണ് പള്ളി. ‘നിന്റെ മേല്‍ ഞാന്‍ എന്റെ സഭ സ്ഥാപിക്കും’എന്ന യേശുവിന്റെ വചനത്തില്‍ നിന്നാണ് ക്രൈസ്തവ സഭയുടെ കുതിപ്പ്.
പത്രോസിന്റെ പ്രവര്‍ത്തനം ആഗോള ക്രിസ്ത്യന്‍ സഭയില്‍ വലിയ സ്വാധീനം ചെലുത്തി. വിശ്വാസത്തിന്റേയും ഭക്തിയുടേയും മാതൃകയായി. ക്രിസ്ത്യാനി സന്ദേശം റോമന്‍ സാമ്രാജ്യത്തിന്റെ വിസ്തൃതിയിലേക്ക് വ്യാപിപ്പിച്ച പത്രോസ് റോമില്‍ വച്ച് രക്തസാക്ഷിയായി. പത്രോസിന്റെ ശവക്കുഴിയോട് ചേര്‍ന്നാണ് ക്രൈസ്തവ ലോകത്തെ ഏറ്റവും വലുതും പ്രധാനവും ഏറ്റവുമധികം സന്ദര്‍ശിക്കപ്പെടുന്നതുമായ സെന്റ്. പീറ്റേഴ്സ് ബസലിക്ക. ഇന്നു നാം കാണുന്ന ബസലിക്ക 1506ല്‍ നിര്‍മാണം തുടങ്ങി. 1626ല്‍ പൂര്‍ത്തിയായി. കൃത്യം 120 വര്‍ഷം വേണ്ടിവന്നു പണി പൂര്‍ത്തിയാകാന്‍. എ.ഡി. നാലാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി പണിതതും പന്ത്രണ്ടു നൂറ്റാണ്ടുകള്‍ നിലനിന്നതുമായ പ്രഥമ ബസലിക്കയുടെ സ്ഥാനത്താണിത്.
പതിനാലാം നൂറ്റാണ്ടില്‍ റോമാനഗരം വിട്ട് ഫ്രാന്‍സിലെ റോണ്‍ നദീതീരത്ത് സ്ഥിതിചെയ്യുന്ന അവിഞ്ഞോണ്‍ നഗരത്തിലേക്ക് മാര്‍പാപ്പമാര്‍ മാറി താമസിച്ചു. ഫ്രഞ്ച് ശക്തിയുടെ വളര്‍ച്ച, ഇറ്റലിയിലെ യുദ്ധങ്ങള്‍മൂലമുള്ള അരക്ഷിതാവസ്ഥ, പ്രഭുകുടുംബങ്ങള്‍ തമ്മിലുള്ള കിടമത്സരങ്ങള്‍, അനാരോഗ്യം, ഫ്രാന്‍സിലെ ഫിലിപ്പ് നാലാമന്‍ രാജാവുമായുള്ള സ്വരചേര്‍ച്ചയില്ലായ്മ എന്നിവയൊക്കെ കാരണമായിരുന്നു. ഏഴ് മാര്‍പാപ്പമാര്‍ തുടര്‍ച്ചയായി അവിഞ്ഞോണില്‍ താമസിച്ച് ഭരണം നടത്തി. താമസം അവിഞ്ഞോണിലായിരുന്നെങ്കിലും അധികാരകേന്ദ്രം റോം തന്നെയായിരുന്നു. അത് വളരെയേറെ അരാജകത്വം സഭയിലുണ്ടാക്കി. തുടര്‍ന്ന് വീണ്ടും ആസ്ഥാനം റോമിലേക്ക് മാറ്റി. അപ്പോഴേക്കും സെന്റ് പീറ്റേഴ്സ് ബസലിക്ക നശിച്ചു. പുതുക്കിപ്പണിയുന്നതിനു പകരം പുതിയതു പണിയുക എന്ന തീരുമാനത്തിന്റെ ഫലമാണ് ഇപ്പോഴത്തെ പള്ളി. വിശ്വ കലാകാരന്മാര്‍ പലരും പങ്കുചേര്‍ന്ന മഹാസംരംഭം പൂര്‍ത്തിയാകാന്‍ ഒരു നൂറ്റാണ്ടെടുത്തു. ശില്പികളില്‍ പ്രധാനിയായിരുന്ന മൈക്കലാഞ്ചലോയുടെ ഏറ്റവും വലിയ ആഗ്രഹം സെന്റ് പീറ്റേഴ്സിന് അതുവരെ നിര്‍മിക്കപ്പെട്ടിട്ടുള്ളതില്‍ വച്ചേറ്റവും ആകര്‍ഷകമായ താഴികക്കുടം പണിയുക എന്നതായിരുന്നു. 284 വൃത്താകാരസ്തംഭങ്ങളും 88 ചതുരത്തൂണുകളും ചേര്‍ന്ന ബൃഹത് സൃഷ്ടി അവാച്യമായ ദൃശ്യഭംഗിയുടെയും അതിനുമപ്പുറം അവര്‍ണനീയമായ വാസ്തുശാസ്ത്രത്തിന്റെയും മകുടോദാഹരണം. കുലീനത, പൂര്‍ണ്ണത, ഗാംഭീര്യം എന്നിവയെല്ലാം സമ്മേളിക്കുന്ന സെന്റ് പീറ്റേഴ്സ് ബസലിക്ക ചരിത്രത്തിന്റെ വലിയ ശേഷിപ്പാണ്. ശവക്കല്ലറകളാണ് എല്ലായിടത്തും. ഒരു നിലയില്‍ ആദ്യനൂറ്റാണ്ടുകളില്‍ വീരമൃത്യു വരിച്ച രക്തസാക്ഷികളും വേറൊരു നിലയില്‍ ആദ്യനൂറ്റാണ്ടുകളിലെ മാര്‍പാപ്പമാരെയും അടക്കം ചെയ്തിരിക്കുന്നു. ക്രൈസ്തവ പ്രതീകങ്ങളും ചിഹ്നങ്ങളും കല്ലറകളുടെ ഭിത്തിയില്‍ ആലേഖനം ചെയ്തിട്ടുണ്ട്.
നീറോയുടെ വീണവായന
റോമാ നഗരത്തെക്കുറിച്ച് പറയുമ്പോള്‍ ലോകം ഏറെ ഓര്‍ക്കുക 30-ാം വയസില്‍ ആത്മഹത്യ ചെയ്ത ഭരണാധികാരി നീറോ ചക്രവര്‍ത്തിയെ ആണ്. നഗരം കത്തിയപ്പോള്‍ വീണ വായിച്ച രാജാവ്. അന്നു യൂറോപ്പിന്റെ ഹൃദയമായിരുന്നു റോം. പുകള്‍പ്പെറ്റ റോമാ സാമ്രാജ്യത്തിന്റെ അധികാര കേന്ദ്രം. സമ്പന്നരും പാവപ്പെട്ടവരും മധ്യവര്‍ഗത്തില്‍പ്പെട്ടവരും നഗരത്തില്‍ താമസമുറപ്പിച്ചിരുന്നു. പാവപ്പെട്ടവര്‍ പൊതുവെ പലകകളും തടികളും ഉപയോഗിച്ചുള്ള വീടുകളിലാണു കഴിഞ്ഞിരുന്നത്. എ.ഡി 64 ല്‍ ജൂലൈ 18ന് രാത്രിയില്‍ പൗരാണിക നഗരമായ റോം അഗ്നിബാധയില്‍ കത്തിയമര്‍ന്നു. പൂര്‍ണചന്ദ്ര രാത്രിയായിരുന്നു അത്. റോമാനഗരം സുഖ സുഷുപ്തിയില്‍ ആണ്ട നേരം. പകല്‍ മുഴുവന്‍ നഗരത്തിനു കാവല്‍ നിന്ന സൈനികരും, പണിയെടുത്തു ക്ഷീണിച്ച നഗരവാസികളും നല്ല ഉറക്കത്തിലായിരുന്നു. 6 ദിവസം നീണ്ടു നിന്ന അഗ്നി താണ്ഡവം റോം നഗരത്തിലെ ആകെയുള്ള 14 ജില്ലകളില്‍ 10 എണ്ണത്തേയും കത്തിച്ചാമ്പലാക്കി. പലര്‍ക്കും വീടുകള്‍ നഷ്ടപ്പെട്ടു.
നീറോ ചക്രവര്‍ത്തി അന്ന് നഗരത്തിലുണ്ടായിരുന്നില്ല. റോമാ സാമ്രാജ്യത്തിന്റെ കിഴക്കന്‍ തീര നഗരമായ ആന്റിയത്തില്‍ സുഖവാസത്തിലായിരുന്നു. പുരാതന റോമില്‍ അക്കാലത്തു തന്നെ അഗ്നിരക്ഷാ സേനയുണ്ടായിരുന്നു. യുദ്ധത്തില്‍ പരാജയപ്പെട്ടതിനാല്‍ അടിമകളായി മാറിയ പടയാളികളായിരുന്നു സേനയില്‍. അവര്‍ ദുരന്തമുഖത്തേക്കു കുതിച്ചെത്തി. മണലും വെള്ളവും ഉപയോഗിച്ചു തീകെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ അവര്‍ക്കു നേരിടാന്‍ മറ്റൊരു കൂട്ടര്‍ കൂടിയുണ്ടായിരുന്നു. കൊള്ളക്കാര്‍. ഇവര്‍ അഗ്നിരക്ഷ സേനാംഗങ്ങളെ തടയുകയും അവരുടെ പ്രവൃത്തികള്‍ക്കു താമസം വരുത്തുകയും ചെയ്തു. ചില കൊള്ളക്കാര്‍ മനപ്പൂര്‍വം തീപ്പടര്‍ത്താന്‍ കൂട്ടുനിന്നെന്നു പറയുന്നു. തീ തനിയെ ഉണ്ടായതാണെന്നും നീറോ മനഃപൂര്‍വ്വം ഭടന്മാരെ കൊണ്ട് ചെയ്യിപ്പിച്ചതാണെന്നും രണ്ട് വാദമുണ്ട്. റോമിലെ ചില ജനവാസ കോളനികള്‍ ഇടിച്ചു നിരത്തി കമനീയ കൊട്ടാരങ്ങളും ആഢംബര സൗധങ്ങളും പണിയാന്‍ നീറോ ലക്ഷ്യമിട്ടിരുന്നത്രേ. വീണ വായിച്ചു എന്നതൊക്കെ ആലങ്കാരിക പ്രയോഗമാണ്. കഴിവുകെട്ട ഭരണാധികാരി എന്നു വരുത്താന്‍ പിന്നീട് എഴുതിയ വരികള്‍. പ്രജകളെ ദ്രോഹിച്ച നീറോയെ ചിലരെങ്കിലും ദുഷ്ട കഥാപാത്രമായി കണക്കാക്കിയിരുന്നു. അത്തരം ഒരു ഭരണാധികാരിയുടെ കാലത്തുണ്ടായ അഗ്നിബാധയ്‌ക്ക് കാരണം ഭരിക്കുന്ന ചക്രവര്‍ത്തിയാണെന്നും നഗരം കത്തിയെരിയുമ്പോള്‍ അയാള്‍ വയലിന്‍ വായിക്കുകയായിരുന്നുവെന്നും ആരോ പടച്ചുണ്ടാക്കി. വയലിനെ വീണയാക്കി നമ്മള്‍ അതേറ്റു പാടി. വയലിന്‍ കണ്ടു പിടിക്കുന്നതു പോലും നീറോയുടെ കാലത്തിനുശേഷമാണ്. ജനനം മുതല്‍ വിവാദങ്ങളുടെ കൂട്ടുകാരനായിരുന്ന നീറോ ചക്രവര്‍ത്തിയുടെ വ്യക്തിത്വത്തില്‍ കരിനിഴല്‍ വീഴ്‌ത്തിയ സംഭവമായിരുന്നു അഗ്നിബാധ. ഇതിനു ശേഷം റോമാസാമ്രാജ്യത്തിലെ കരുത്തരായ സെനറ്റും ചക്രവര്‍ത്തിയും തമ്മിലിടഞ്ഞു. സെനറ്റ് നീറോയെ ജനദ്രോഹിയായി പ്രഖ്യാപിച്ചു. വിധി തനിക്കെതിരായെന്നു മനസ്സിലാക്കിയ നീറോ ഒളിവില്‍ പോയി. നാലു വര്‍ഷങ്ങള്‍ക്കു ശേഷം ആത്മഹത്യ ചെയ്തു.
‘ബ്രൂട്ടസേ… നീയും ‘ , ചെവിയില്‍ സീസറിന്റെ ശബ്ദം മുഴങ്ങും
കോളോസിയത്തില്‍ നിന്ന് സെയ്ന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലേക്ക് ഒരു മണിക്കൂര്‍ നടപ്പുണ്ട്. ജൂലിയസ് സീസറി മറന്ന് ഒരടി മുന്നോട്ടുപോകാനാവില്ല. നിരവധി പ്രതിമകള്‍. അല്പം മുന്‍പ് കണ്ട പ്രതിമയുടെ പ്രപ്രൗഡിയോ ഉടന്‍ കാണാന്‍ പോകുന്ന പ്രതിമയെക്കുറിച്ചുള്ള ഭാവനയോ മനസ്സില്‍ കാണും. ക്രിസ്തുവിന് മുന്‍പ് ഒന്നാം നൂറ്റാണ്ടില്‍ റോമാ സാമ്രാജ്യത്തെ നയിച്ച സീസര്‍ റോമാക്കാരെ സംബന്ധിച്ചിടത്തോളം എക്കാലത്തെയും മികച്ച ഭരണാധികാരിയാണ്. റോമാസാമ്രാജ്യത്തിന്റെ ധീരനായ രാഷ്‌ട്രീയയോദ്ധാവ്. ലോകം കണ്ട ഏറ്റവും മികച്ച യുദ്ധതന്ത്രജ്ഞരില്‍ ഒരാളായി സീസര്‍ പരിഗണിക്കപ്പെടുന്നു.
റോമാ സാമ്രാജ്യത്തിന്റെ സ്വാധീനം യൂറോപ്പിലാകമാനം എത്തിയത് അദ്ദേഹത്തിന്റെ കാലത്തായിരുന്നു. തികഞ്ഞ ഏകാധിപതിയായി മാറിയ സീസര്‍ ഒട്ടേറെ പരിഷ്‌കാരങ്ങള്‍ വരുത്തുകയും റോമിനെ ഏകീകരിക്കുകയും ചെയ്തു. ലാര്‍ഗോ അര്‍ജന്റീന സ്‌ക്വയറില്‍ സീസര്‍ കൊലചെയ്യപ്പെട്ട സ്ഥലത്ത് നില്‍ക്കുമ്പോള്‍ മനസ്സിലെത്തുന്നത്, ‘യൂ റ്റു….? ബ്രൂട്ടസ്…?’, ‘ധീരന്‍ ഒരു വട്ടം മരിക്കുമ്പോള്‍ ഭീരു പലവട്ടം മരിക്കുന്നു’, ‘വന്നു, കണ്ടു, കീഴടക്കി’, ‘സീസറിന്റെ ഭാര്യ സംശയങ്ങള്‍ക്ക് അധീതയായിരിക്കണം’ തുടങ്ങിയ പ്രയോഗങ്ങള്‍ സീസറുമായി ബന്ധപ്പെട്ടവ.
തുര്‍ക്കി കീഴടക്കിയപ്പോള്‍ സീസര്‍ പറഞ്ഞതാണ് ‘വന്നു, കണ്ടു, കീഴടക്കി. എന്നത്. ‘ധീരന്‍ ഒരു വട്ടം മരിക്കുമ്പോള്‍ ഭീരു പലവട്ടം മരിക്കുന്നു’ എന്ന വാക്യവും ് സീസറിന്റെ ഉദ്ധരണിയായി അറിയപ്പെടുന്നു. സീസറിന്റെ ഭാര്യ സ്ത്രീകള്‍ക്ക് മാത്രമായി സംഘടിപ്പിച്ച സല്‍ക്കാരത്തില്‍ പ്രച്ഛന്നവേഷത്തിലെത്തിയ യുവാവ് പിടിക്കപ്പെടുകയുണ്ടായി. ഭാര്യയുടെ ജാരകാമുകനാണെന്ന് നാട്ടില്‍ പാട്ടായി. സീസര്‍ വിവാഹമോചനം നടത്തി. സംശയത്തിന്റെ പുറത്ത് ബന്ധം വിച്ഛേദിച്ചത് ശരിയാണോയെന്ന ചോദിച്ചപ്പോള്‍ സീസര്‍ പറഞ്ഞത്. ‘സീസറിന്റെ ഭാര്യ സംശയങ്ങള്‍ക്ക് അധീതയായിരിക്കണം’. വിപ്‌ളവകാരികളായ സെനറ്റര്‍മാര്‍ ചതിയിലൂടെ വധിക്കാന്‍ ഗൂഢാലോചന നടത്തുകയും സല്‍ക്കാരത്തിനിടയില്‍ വെച്ച് അവര്‍ നിരായുധനും നിസ്സഹായനുമായ സീസറെ കഠാരയിറക്കി പരിക്കേല്‍പ്പിച്ച വേളയില്‍ തുടയില്‍ കുന്തം കൊണ്ട് കുത്തിയയാളെ കണ്ട് സീസര്‍ അത്ഭുതപ്പെട്ടു. തന്റെ സൈന്യനായകനും വളര്‍ത്ത് പുത്രനെ പോലെ സ്‌നേഹിച്ചിരുന്ന വിശ്വസ്തനുമായിരുന്ന മാര്‍ക്കസ് യൂണിയസ് ബ്രൂട്ടസ് . അക്രമികാരികളുടെ കൂട്ടത്തില്‍ ബ്രൂട്ടസിനെ കണ്ട ജൂലിയസ് സീസര്‍ ‘ബ്രൂട്ടസേ… നീയും, (യൂ റ്റൂ…? ബ്രൂട്ടസ്) എന്ന് തേങ്ങലോടെ ചോദിച്ചു. സീസര്‍ മരിക്കുന്നതിന്ന് മുമ്പ് അവസാനമായി ഉരുവിട്ട വാക്കായാണ് ഷേക്‌സ്പിയര്‍ തന്റെ നാടകത്തില്‍ ഇതുപയോഗിച്ചതോടെ ചരിത്രമായി. യു ടൂ ബ്രൂട്ടസ് വിശ്വവിഖ്യാതമായ വാക്കുകള്‍ മുഴങ്ങി കേട്ട, സീസര്‍ കൊലചെയ്യപ്പെട്ട സ്ഥലം അടുത്തകാലത്താണ് സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുത്തത്. അവിടെ നില്‍ക്കുമ്പോള്‍ വഞ്ചനയുടെ പര്യായമായ ബ്രൂട്ടസിനെയും നമ്മള്‍ ഓര്‍ക്കും.
അഞ്ചു ദിവസത്തെ റോമാ കാഴ്ച കണ്ട് നവോത്ഥാനകാലത്തെ പ്രശസ്തനായ കലാകാരന്‍ ലിയനാര്‍ഡോ ഡാ വിഞ്ചിയുടെ പേരിലുള്ള വിമാനത്താവളത്തില്‍ നിന്ന് നാട്ടിലേയക്ക് മടങ്ങുമ്പോള്‍ മധുരമുള്ള ഓര്‍മ്മ ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്‌ക്ക് ഋഗ്വേദം സമ്മാനിക്കാനായതുമാത്രം. കണ്ട മറ്റ് കാഴ്ചകളെല്ലാം കയ്‌പ്പുള്ളവ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: