അഡ്ലെയ്ഡ്: പിങ്ക് ടെസ്റ്റില് ഓസ്ട്രേലിയ പിടിമുറുക്കി. മത്സരത്തിന്റെ രണ്ടാം ദിനം പൂര്ത്തിയാകുമ്പോള് ആതിഥേയര് ഭാരതത്തെക്കാള് 29 റണ്സ് മുന്നിലാണ്. ആദ്യ ഇന്നിങ്സില് 180 റണ്സെന്ന കുറഞ്ഞ സ്കോറിന് പുറത്തായ ഭാരതത്തെക്കാള് 157 റണ്സ് കൂടുതല് കണ്ടെത്താന് അവര്ക്ക് സാധിച്ചു. ഓസീസ് മധ്യനിര ബാറ്റര് ട്രാവിസ് ഹെഡിന്റെ വേഗതയാര്ന്ന സെഞ്ച്വറി പ്രകടനമാണ് തുണയായത്. രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഭാരതം 128 റണ്സെടുക്കുമ്പോള് അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട് ഭീഷണി നേരിടുകയാണ്.
സ്കോര്: ഭാരതം- 180, 128(അഞ്ച് വിക്കറ്റുകള്, 24 ഓവറുകള്); ഓസ്ട്രേലിയ- 337
പേസര്മാരെ നന്നായി തുണയ്ക്കുന്ന പിച്ചില് ജസ്പ്രീത് സിങ് ബുംറയും മുഹമ്മദ് സിറാജും ചേര്ന്ന് ഭാരതത്തിനായി മികച്ച പ്രകടനം കാഴ്ച്ചവച്ചു. കൃത്യമായ ഇടവേളകളില് വിക്കറ്റ് വീഴ്ത്താനും സാധിച്ചു. ഭാരത ബൗളിങ്ങിനെ അതിജീവിച്ച് മധ്യനിരയില് അഞ്ചാം നമ്പറില് ഇറങ്ങിയ ട്രാവിസ് ഹെഡ് അതിവേഗ പ്രകടനത്തിലൂടെ കളി മാറ്റിമറിക്കുന്ന കാഴ്ച്ചയാണ് അഡ്ലെയ്ഡില് ഇന്നലെ കണ്ടത്. 141 പന്തുകള് നേരിട്ട് 17 ബൗണ്ടറികളും നാല് സിക്സറുകളും സഹിതം 140 റണ്സെടുത്ത ഹെഡിന്റെ പ്രകടനം ഒന്നാം ഇന്നിങ്സില് ഓസീസ് നേടിയ വലിയ ലീഡിന് അടിത്തറയായി. തലേന്ന് ക്രീസില് ഉണ്ടായിരുന്ന മാര്നസ് ലഭൂഷെയ്ന്റെ അര്ദ്ധ സെഞ്ച്വറി(64) മികവും എടുത്തുപറയേണ്ടതാണ്.
ഓസീസ് ഇന്നിങ്സ് 81.4 ഓവറില് 310 റണ്സിലെത്തിനില്ക്കെ ഏഴാമാനായാണ് ട്രാവിസ് ഹെഡ് മടങ്ങിയത്. മികച്ചൊരു യോര്ക്കറിലൂടെ സിറാജ് കുറ്റി തെറിപ്പിക്കുകയായിരുന്നു. താരത്തിന്റെ പുറത്താകലിന് ശേഷം വെറും 27 റണ്സില് ഓസീസ് തീര്ന്നു.
തുടര്ന്ന് രണ്ടാം ഇന്നിങ്സിനിറങ്ങിയ ഭാരതം വീണ്ടും തകര്ച്ചയുടെ പാതയില് സഞ്ചരിക്കുന്നതാണ് കാണാനായത്. ഓസീസ് പര്യടനത്തില് ഇതുവരെ ഓപ്പണിങ് സ്ഥാനത്ത് ശോഭിച്ച കെ.എല്. രാഹുല് തുടക്കത്തിലേ നിരാശപ്പെടുത്തി. കമ്മിന്സിന് വിക്കറ്റ് സമ്മാനിച്ച് ഏഴ് റണ്സുമായി മടങ്ങി. പരിചയ സമ്പന്നരായ വിരാട് കോഹ്ലിയും(11) രോഹിത് ശര്മയും(ആറ്) വീണ്ടും വന്പരാജയമായി. യശസ്വി ജയ്സ്വാളും(24) ശുഭ്മാന് ഗില്ലും(28) പൊരുതിയെങ്കിലും ഇന്നിങ്സ് ദീര്ഘിപ്പിക്കാനായില്ല. മത്സരം ഇന്നത്തേക്ക് പിരിയുമ്പോള് ഋഷഭ് പന്തും(28) നിതീഷ് കുമാര് റെഡ്ഡിയും(15) ആണ് ക്രീസില്. ഓസ്ട്രേലിയക്കുവേണ്ടി കമിന്സും സ്കോട്ട് ബോളണ്ടും രണ്ട് വീതം വിക്കറ്റുകള് നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: