കൊച്ചി: വയനാട് ദുരന്ത പുനരധിവാസത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിയുടെ ഓഡിറ്റിംഗ് പോലും കൃത്യമല്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചു.
കേന്ദ്രസഹായം തേടുമ്പോള്‍ കൃത്യമായ കണക്കുകള്‍ വേണ്ടതുണ്ട്്. വയനാട് ദുരന്തത്തില്‍ സ്വമേധായ എടുത്ത കേസ് പരിഗണിക്കവെയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിമര്‍ശനമുയര്‍ത്തിയത്.
ചുരല്‍മല -മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ (എസ്ഡിആര്‍എഫ്) നിന്ന് എത്ര തുക ചെലവഴിക്കാനാകുമെന്ന് സംസ്ഥാനസര്‍ക്കാരും എത്ര രൂപ അനുവദിച്ചെന്ന് കേന്ദ്രസര്‍ക്കാരും ഇന്ന് വ്യക്തമായി അറിയിക്കണെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കോടതി ആവശ്യപ്പെട്ട പ്രകാരം ഹാജരായ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അക്കൗണ്ട്‌സ് ഓഫീസറോട് കോടതി ചില ചോദ്യങ്ങള്‍ ചോദിച്ചു. എസ്ഡിആര്‍എഫില്‍ എത്രനീക്കിയിരിപ്പുണ്ടെന്ന് ചോദിച്ചപ്പോള്‍ 667 കോടി രൂപയുണ്ടെന്ന് കോടതിയെ അറിയിച്ചു.അടിയന്തരഘട്ടം വന്നാല്‍ 677 കോടിയിലെ എത്ര തുക ചെലവഴിക്കാനാകുമെന്ന് എസ്ഡിആര്‍എഫിനോട് കോടതി ചോദിച്ചു. ഏകദേശം കണക്കു പോലും നല്‍കാനാകുന്നില്ലെങ്കില്‍, പണം ലഭിക്കുന്നില്ലെന്ന് എങ്ങനെ പറയാനാകുമെന്നും കോടതി ആരാഞ്ഞു.
എസ്ഡിആര്‍എഫില്‍ കൃത്യമായ ഓഡിറ്റിംഗ് നടത്തുന്ന കാര്യത്തില്‍ കോടതി സംശയം പ്രകടിപ്പിച്ചു. അവസാനം ഓഡിറ്റിംഗ് നടത്തിയ റിപ്പോര്‍ട്ട് കൈവശമുണ്ടോയെന്നും കോടതി ചോദിച്ചു. അത് സമര്‍പ്പിക്കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഓഡിറ്റിംഗില്‍ വ്യക്തവരുത്താന്‍ രണ്ടുദിവസത്തെ സാവാകാശം ചോദിച്ച സര്‍ക്കാരിനോട് അത് പറ്റില്ലെന്ന് ഹൈക്കോടതി മറുപടി നല്‍കി.
677 കോടിയില്‍ ചെലവഴിക്കാന്‍ കഴിയുന്ന തുക സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. അടുത്ത വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും. കൃത്യമായ കണക്കുകള്‍ നല്‍കണമെന്നും കോടതി എസ്ഡിആര്‍എഫിനെ താക്കീത് ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: