ധാക്ക : ഇസ്‌കോണിനെതിരെ ബംഗ്ലാദേശിൽ ആക്രമണം തുടരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ ധാക്കയിലെ രാധാകൃഷ്ണ ക്ഷേത്രത്തിന് അക്രമികൾ തീയിട്ടു . ശ്രീകോവിൽ, ശിൽപ്പങ്ങൾ എന്നിവ കത്തിനശിച്ച നിലയിലാണ്. ഇസ്കോണിനെതിരെ നടക്കുന്നത് ആസൂത്രിത ആക്രമണമാണ്. കഴിഞ്ഞയാഴ്ച ധാക്കയിലെ കേന്ദ്രം തല്ലിതകര്‍ത്തിരുന്നു. ഇന്നലെ രാധാകൃഷ്ണ ക്ഷേത്രത്തിന് തീയിട്ടു. പരാതി നല്‍കിയെങ്കിലും ഒരന്വേഷണവുമില്ലെന്ന് ഇസ്കോണ്‍ വ്യക്തമാക്കി.
നേരത്തെ നല്‍കിയ പരാതികളിലും ഇടപെടലുണ്ടായിട്ടില്ല. സന്യാസിമാര്‍ക്ക് നേരെയും ആക്രമണം നടക്കുന്നതിനാല്‍ സ്വയരക്ഷക്കായി മത ചിഹ്നങ്ങളുപേക്ഷിക്കണമെന്ന് ഇസ്കോൺ നിര്‍ദ്ദേശം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ഇസ്‌കോൺ സന്ന്യാസിമാർക്കെതിരെയും ആക്രമണം നടന്നിരുന്നു. തൃണമൂല്‍ എംപിമാര്‍ പാര്‍ലമെന്‍റിന്റെ ഇരുസഭകളിലും വിഷയം ഉന്നയിച്ചിരുന്നു. അയല്‍ രാജ്യത്തെ പിണക്കേണ്ടെന്ന് തന്നെയാണ് ഇന്ത്യയുടെ നിലപാട്.
വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി തിങ്കാളാഴ്ച ബംഗ്ലാദേശ് സന്ദർശിക്കുന്നുണ്ട്. ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറിയുമായി ചർച്ച നടത്തും. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർധിച്ചുവരുന്നതിന് ഇടയിലാണ് സന്ദർശനം. ഷെയ്‌ക്ക് ഹസീനക്ക് ഇന്ത്യ അഭയം നല്‍കിയതില്‍ ബംഗ്ലാദേശ് കടുത്ത അതൃപ്തിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: