ലഖ്‌നൗ : രാജ്യത്തിന്റെ പ്രശ്‌നങ്ങളും പൊതുതാൽപ്പര്യവും പാർലമെൻ്റിൽ ഉന്നയിക്കാത്തതിന് സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും കടന്നാക്രമിച്ച് ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) അധ്യക്ഷ മായാവതി. സംഭാലിലെ അക്രമത്തിന്റെ മറവിൽ മുസ്ലീം വോട്ടർമാരെ പ്രീതിപ്പെടുത്താനാണ് ഇരു പാർട്ടികളും ശ്രമിക്കുന്നതെന്ന് മായാവതി തുറന്നടിച്ചു.
പാർലമെൻ്റിൽ പ്രതിപക്ഷം രാജ്യത്തിന്റെയും പൊതുതാൽപ്പര്യത്തിന്റെയും പ്രശ്‌നങ്ങൾ ഉന്നയിക്കുന്നില്ല. തങ്ങളുടെ രാഷ്‌ട്രീയ താൽപ്പര്യങ്ങൾക്കായി പ്രത്യേകിച്ച് എസ്പിയും കോൺഗ്രസും സംഭാലിലെ അക്രമത്തിന്റെ മറവിൽ മുസ്ലീം വോട്ടർമാരെ പ്രീതിപ്പെടുത്താൻ ശ്രമിക്കുകയാണ്. മറ്റ് വിഷയങ്ങളുമായി അവർക്ക് ഒരു ബന്ധവുമില്ലെന്നും ബിഎസ്പി മേധാവി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
“ഇത് മാത്രമല്ല, ഈ പാർട്ടികൾ മുസ്ലീം സമുദായങ്ങളെ സംഭാലിൽ പരസ്പരം പോരടിപ്പിക്കുകയും ചെയ്യുന്നു. മുസ്ലീം സമൂഹവും ജാഗ്രത പാലിക്കണം, ” -അവർ കൂട്ടിച്ചേർത്തു.
നേരത്തെ മായാവതി ഞായറാഴ്ച രാവിലെ സംഭാലിൽ സർവേ സംഘത്തിന് നേരെ കല്ലേറുണ്ടായതിനെ അപലപിച്ചിരുന്നു. ഇരു സമുദായങ്ങളുടെയും താൽപര്യം കണക്കിലെടുത്ത് ചിന്താപൂർവവും സമാധാനപരമായും സർവേ നടത്തേണ്ടതായിരുന്നുവെന്ന് ബിഎസ്പി നേതാവ് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: