ഭൂതലം തമോ ഗുണത്തില്‍ നിന്നുരുത്തിരിയുന്ന പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. ഇതില്‍ ജീവികള്‍ ഉത്ഭവിക്കുമ്പോള്‍ അവയുടെ പഞ്ചഭൂതനിര്‍മ്മിതമായ ശരീരത്തെ പ്രവര്‍ത്തനക്ഷമമാക്കുന്ന സൂക്ഷ്മ പ്രാണങ്ങളും, ഇവയെ പരിപാലിക്കാന്‍ സത്വഗുണപ്രധാനമായ മനസ്സും, ജീവികളുടെ വംശവര്‍ദ്ധനവിനായി രജോഗുണപ്രധാനമായിട്ടുള്ള സര്‍ഗശക്തിയും ആവിര്‍ഭവിക്കുന്നു. ഇവയുടെ അന്തഃസത്തയാകുന്ന ബ്രഹ്മത്തെ വ്യഷ്ടിയുടെ ആത്മാവെന്ന് വിളിക്കപ്പെടുന്നു. സമസ്ത ജീവജാലങ്ങളിലും ഈ തത്ത്വങ്ങളെല്ലാം ഏറിയും കുറഞ്ഞും ഉണ്ടായിരിക്കുന്നതിനാല്‍ എല്ലാ ജീവികളും വസുധയുടെ സന്താനങ്ങളാണ്. സൂക്ഷ്മ പ്രപഞ്ചത്തിലെ വസ്തുക്കള്‍ സ്ഥൂലീകരിക്കപ്പെട്ടപ്പോള്‍ ഉണ്ടായതാണ് വസുധയുടെ കുലം എന്നതിനാല്‍ ഇത് ബ്രഹ്മാണ്ഡ കുടുംബത്തിന്റെ ചെറിയ ഒരു പരിച്ഛേദം മാത്രമാണ്.
താരതമ്യേന ബ്രഹ്മാണ്ഡത്തിലെ ഒരു ‘ചെറിയ കുടുംബം’ (കുടുംബകം) മാത്രമാണ് ഭൂമിയുടേതെങ്കിലും, ജീവികളുടെ വൈവിധ്യവും വര്‍ദ്ധനവും വിസ്മയാവഹമാണ്. ഭൂമിയില്‍ 84 ലക്ഷം ജാതി ജീവികളുള്ളതായി പുരാണങ്ങള്‍ പറയുന്നു. എന്നാല്‍ ഓരോ ജീവിയും ബ്രഹ്മാണ്ഡത്തിലെ അടിസ്ഥാന തത്ത്വങ്ങള്‍ വഹിക്കുന്നതാണ്. എല്ലാ ജീവികളിലും അടിസ്ഥാനപരമായ ഐക്യം നിലനില്‍ക്കുന്നതിനാല്‍ ഇവയെല്ലാം ചേര്‍ന്ന കുടുംബമാണ് വസുധയുടേത്. ഈ ദര്‍ശനം ഏറ്റവും നന്നായി പ്രകടമാകുന്നത് രാമായണത്തിലാണ്. ഇതില്‍ ഈശ്വരാവതാരങ്ങളും ദേവാംശജരും അസുരകുലജാതരും തിര്യക്കുകളും തമ്മില്‍ ധര്‍മ്മാധര്‍മ്മ മൂല്യവിവേചനമല്ലാതെ മറ്റൊരു വിവേചനവും അംഗീകരിക്കപ്പെടുന്നില്ല. പ്രതിനായകനായ രാവണന്‍ ജന്മം കൊണ്ടത് ഉന്നതകുലജാതനായ വിശ്രവസ്സ് എന്ന ബ്രാഹ്മണനും, രാക്ഷസകുലത്തില്‍പ്പെട്ട കൈകസിക്കുമാണല്ലോ. വാനരിയായ താരയും മയാസുരന്റെ പുത്രിയായ മണ്ഡോദരിയും പ്രാത:സ്മരണീയരായിട്ടുള്ള പഞ്ചകന്യമാരില്‍ സീതയോടൊപ്പം ഇടം പിടിക്കുന്നു.
ആദിവാസി യോഗിനിയായ ശബരിക്ക് മറ്റ് യോഗികള്‍ക്ക് കല്പിക്കപ്പെടുന്ന അതേ ആദരവ് തന്നെ നല്‍കുന്നു. വനവാസക്കാലത്ത് പ്രധാനപ്പെട്ട മുനിമാരെ സന്ദര്‍ശിച്ച രാമന്‍ ശബരിയെയും ആശ്രമത്തിലെത്തി ആദരിക്കുന്നു. ദൈവിക സിദ്ധികളുള്ള വാനരന്മാരും പക്ഷികളുമുണ്ട് രാമായണത്തില്‍. ഈ ജീവൈക്യം വ്യക്തമാക്കുന്നത് ജീവികളില്‍ അടങ്ങിയിട്ടുള്ള അടിസ്ഥാന സ്വരൂപങ്ങളുടെ സമാനതയാണ്. ജീവികളുടെ സാമാന്യതത്ത്വങ്ങള്‍ കാരണം അവയെല്ലാം ഭൂലോകമാകുന്ന കുടുംബത്തിലെ അംഗങ്ങളാകുന്നു. അവരില്‍ ധര്‍മ്മികളും അധര്‍മ്മികളും സമര്‍ത്ഥരും അസമര്‍ത്ഥരും ദേവാംശജരും ആസുരജന്മങ്ങളും ഒക്കെയുണ്ട്. ആത്മീയത, വിവേകബുദ്ധി, അത്ഭുതസിദ്ധി എന്നിവ മനുഷ്യരില്‍ പ്രകടമാകുന്നതു പോലെ തിര്യക്കുകളിലും പ്രകാശിക്കുന്നതായിട്ടാണ് രാമായണം സമര്‍ത്ഥിക്കുന്നത്.
ഈശ്വരനും ഈശ്വരശക്തിയും ശക്തിയുടെ പരിണാമ വസ്തുക്കളും അടങ്ങുന്ന സങ്കലിതങ്ങളാണ് ജീവജാലങ്ങളൊക്കെയും. അതിനാല്‍ സൂക്ഷ്മതത്ത്വങ്ങള്‍ യോജിച്ചു നില്‍ക്കുന്നതുപോലെ ജീവികള്‍ തമ്മിലും ഐക്യമുണ്ട്. പഞ്ചഭൂതങ്ങള്‍, പ്രാണങ്ങള്‍, ബോധം എന്നിവ സസ്യങ്ങളെയും പക്ഷിമൃഗാദികളെയും മനുഷ്യരെയും ഒരുമിപ്പിക്കുന്നു. ഈ സാമാന്യ ജൈവ കുടുംബത്തിലെ ഓരോ ഇനം ജീവി വര്‍ഗത്തിനുമുണ്ട് വിശേഷാല്‍ ഒരു കുടുംബം. അതിനാല്‍ മനുഷ്യവര്‍ഗത്തിന്റെ മാനവീയത കൃത്രിമമായ ഒരു സങ്കല്പമല്ല. മനുഷ്യജന്‍മത്തിന്റെ ആന്തരികവും ബാഹ്യവുമായിട്ടുള്ള ഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ സമാനമായതിനാല്‍ മാനവീയത മനുഷ്യന്റെ സ്വാഭാവിക വികാരമാണ്. മനുഷ്യരാശിയെ മുഴുവന്‍ കോര്‍ത്തിണക്കി ഒരു കുടുംബമാക്കുന്ന യഥാര്‍ത്ഥ വികാരമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ മാനവ സമുദായത്തോടുള്ള മനുഷ്യരുടെ ധര്‍മ്മം വാസ്തവികവും വിലപ്പെട്ടതുമാകുന്നു. മാനുഷികത്വം സര്‍വ്വമതങ്ങളെയും ഒന്നിപ്പിക്കുന്നു. ഇതില്‍ ഒരു തരത്തിലുമുള്ള വിഘടന വാദത്തിനും നിലനില്‍പ്പില്ല.
വ്യക്തിയും ഒരു കുടുംബം തന്നെ
വൈദിക ദര്‍ശനത്തില്‍ ഓരോ വ്യക്തിയും ഒരു സംഘാതമാണ്. അതിനാല്‍ വ്യക്തിക്ക് സാമൂഹിക ധര്‍മ്മം പാലിക്കുന്നതോടൊപ്പം തന്റെ അസ്തിത്വത്തോടും ധര്‍മ്മമനുഷ്ഠിക്കേണ്ടതുണ്ട്. വ്യക്തിസ്വത്വത്തിന് ആധാരമായിട്ടുള്ള സംഘടനയെ പരിപാലിക്കേണ്ടതുണ്ട്. ആത്മാവും അന്തഃകരണവും ഇന്ദ്രിയ ശക്തികളും പ്രാണങ്ങളും പഞ്ചഭൂതങ്ങളും ചേര്‍ന്ന സംഘടിത വ്യവസ്ഥിതിയാണ് ഒരു വ്യക്തി. ഇതിന്റെ സംരക്ഷണം അയാളുടെ കര്‍ത്തവ്യമാകുന്നു. ശരീരവും മനസ്സും ശുചിയാക്കല്‍ കൂടാതെ ദമം, യമം, സ്വാധ്യായം മുതലായ ചര്യകളിലൂടെ സത്യാന്വേഷണം നടത്തുന്നതും, ആത്മസാക്ഷാത്കാരം ലക്ഷ്യം വയ്‌ക്കുന്നതും മറ്റും വ്യക്തി സ്വയം അനുഷ്ഠിക്കേണ്ട ധര്‍മ്മത്തില്‍പ്പെടുന്നു.
രാഷ്‌ട്രം ഒരു കൂട്ടുകുടുംബം
ഒരു രാഷ്‌ട്രത്തിലെ ജനതയെ സാംസ്‌കാരികമായി ഒരുമിപ്പിച്ചു നിര്‍ത്തുന്നതില്‍ അതിന്റെ പൈതൃകത്തിന് വലിയ പങ്കുണ്ട്. ഭാരതീയരുടെ സംസ്‌കാരം വൈദിക ജ്ഞാനത്തില്‍ അധിഷ്ഠിതമാണ്. ഇതില്‍ വ്യക്തിയും കുടുംബവും രാഷ്‌ട്രവും ബ്രഹ്മാണ്ഡവുമൊക്കെ ഒരേ സത്യത്തിന്റെ വ്യത്യസ്ത മുഖങ്ങളാണ്. അതിനാല്‍ കുടുംബഭദ്രതയ്‌ക്കൊപ്പം രാഷ്‌ട്രപുരോഗതിക്കും പ്രാധാന്യം കല്പിക്കുന്ന സംസ്‌കാരമാണ് ഹൈന്ദവരുടേത്. ഇവരുടെ ദേശീയത ആത്മീയതയുടെ പ്രതിഫലനമാണ്. അതിനാല്‍ രാഷ്‌ട്രത്തോടുള്ള ആദരവും നിസ്വാര്‍ത്ഥ സേവനവും ഇവര്‍ക്ക് സ്വാഭാവികമാണ്. ഈ പൈതൃകത്തില്‍ രാഷ്‌ട്രം ഒരു കൂട്ടുകുടുംബമാണ്. ഉദാരത, സഹിഷ്ണുത തുടങ്ങിയ മൂല്യങ്ങള്‍ ആത്മീയ തലത്തിലെ സാഹോദര്യത്തിന്റെ അടിസ്ഥാനത്തില്‍ ഭവിക്കുന്നതാണ്. നിഷ്‌കാമകര്‍മ്മമാകുന്ന സാമൂഹിക സേവനത്തിന് നിദാനം മാനുഷികത്വമെന്ന വാസ്തവിക വികാരമാണ്. സനാതന ധര്‍മ്മത്തിന്റെ പൊരുളും ഇതുതന്നെയാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: