Cricket

ദേശീയ സീനിയര്‍ വനിതാ ഏകദിന ക്രിക്കറ്റ്: കേരളത്തെ മുംബൈ തോല്‍പ്പിച്ചു

Published by

അഹമ്മദാബാദ്: ദേശീയ സീനിയര്‍ വനിതാ ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന് മുംബൈയോട് തോല്‍വി. 75 റണ്‍സിനായിരുന്നു മുംബൈയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരള വനിതകള്‍ 46-ാം ഓവറില്‍ 211 റണ്‍സിന് ഓള്‍ ഔട്ടായി.

ആദ്യം ബാറ്റ് ചെയ്ത മുംബൈയ്‌ക്ക് അര്‍ദ്ധസെഞ്ച്വറി പ്രകടനത്തോടെ റിയ ചൗധരിയും സിമ്രാന്‍ ഷെയ്ഖിന്റെയും ഇന്നിങ്‌സുകളാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ നേടിയ 93 റണ്‍സാണ് മുംബൈയ്‌ക്ക് കരുത്തായത്. റിയ ചൗധരി 84 പന്തില്‍ 76 റണ്‍സും സിമ്രാന്‍ ഷെയ്ഖ് 61 പന്തില്‍ 55 റണ്‍സും നേടി. ഖുഷി 30ഉം വൃഷാലി ഭഗത് 28ഉം റണ്‍സ് നേടി. അവസാന ഓവറുകളില്‍ 17 പന്തില്‍ നിന്ന് 27 റണ്‍സുമായി പുറത്താകാതെ നിന്ന ദക്ഷിണിയും മുംബൈ ബാറ്റിങ് നിരയില്‍ തിളങ്ങി. കേരളത്തിന്
വേണ്ടി സജനയും ഷാനിയും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് മുന്‍ നിര ബാറ്റിങ് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതെ പോയത് തിരിച്ചടിയായി. 48 റണ്‍സെടുക്കുന്നതിനിടെ കേരളത്തിന് നാല് വിക്കറ്റ് നഷ്ടമായി. മധ്യനിരയില്‍ അക്ഷയയുടെ ഒറ്റയാള്‍ പോരാട്ടമാണ് വലിയ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്. അക്ഷയ 69 പന്തില്‍ 74 റണ്‍സ് നേടി. വൈഷ്ണ 28ഉം സജന, അലീന, ദര്‍ശന എന്നിവര്‍ 20 റണ്‍സ് വീതവും നേടി. മുംബൈയ്‌ക്ക് വേണ്ടി സായാലി, ജാഗ്രവി എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by