തിരുവനന്തപുരം:: യൂണിവേഴ്സിറ്റി കോളേജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ എസ് എഫ് ഐ പ്രവര്‍ത്തകരായ സഹപാഠികള്‍ മര്‍ദ്ദിക്കുകയും ശാരീരിക വൈകല്യത്തെ അധിക്ഷേപിക്കുകയും ചെയ്തെന്ന പരാതിയില്‍ ഫലപ്രദമായ അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിക്ക് മനുഷ്യാവകാശ കമ്മീഷന് നിര്‍ദ്ദേശം നല്കി.മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസാണ് നിര്‍ദ്ദേശം നല്‍കിയത്.
മര്‍ദ്ദനം നേരിട്ട വിദ്യാര്‍ത്ഥിയുടെ മൊഴിരേഖപ്പെടുത്തണമെന്നും പരാതിയിലുള്ള സംഭവങ്ങളെ കുറിച്ച് വ്യക്തമായ ചിത്രം റിപ്പോര്‍ട്ടിലുണ്ടാകണമെന്നും കമ്മീഷന് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥിയുടെ ആരോപണങ്ങളെക്കുറിച്ച് വസ്തുനിഷ്ഠമായ അന്വേഷണം നടത്തി കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
ജില്ലാ പൊലീസ് മേധാവിയും കോളേജ് വിദ്യാഭ്യാസ ഡയറക്ടറും നിയോഗിക്കുന്ന രണ്ടു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ജനുവരി 14 ന് കേസ് പരിഗണനക്കെടുക്കുമ്പോള്‍ കമ്മീഷന് ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.മര്‍ദ്ദനമേറ്റ പുനലാല്‍ സ്വദേശി വിദ്യാര്‍ത്ഥി സമര്‍പ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.
എസ് എഫ് ഐ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാത്തിനാലാണ് വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റതെന്നാണ് പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: