തിരുവനന്തപുരം: കോയമ്പത്തൂര്‍ ആര്യ വൈദ്യ ഫാര്‍മസിയുടെ ബൃഹത്രയീ രത്ന പുരസ്കാരം വൈദ്യന് എം.ആര് വാസുദേവന്‍ നമ്പൂതിരിക്ക്. ആര്യ വൈദ്യ ഫാര്‍മസിയുടെ സ്ഥാപകനായ ആര്യവൈദ്യന്‍ പി.വി രാമ വാര്യരുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്കാരമാണിത്. ആയുര്‍വേദ രംഗത്തെ മഹത്തായ സംഭാവനകള്‍ നല്കിയ വ്യക്തികള്‍ക്കാണ് ഈ പുരസ്ക്കാരം നല്കി വരുന്നത്.Ayurveda
12 മുതല്‍ 15 വരെ ഡെറാഡൂണില്‍ നടക്കുന്ന പത്താമത് ലോക ആയുര്‍വേദ കോണ്‍ഗ്രസില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പുരസ്കാരം വൈദ്യന് എം.ആര് വാസുദേവന്‍ നമ്പൂതിരിക്ക് സമ്മാനിക്കുമെന്ന് ആര്യവൈദ്യ ഫാര്‍മസിയുടെ എക്സിക്യുട്ടീവ് ഡയറക്ടര്‍ കൃഷ്ണദാസ് വാര്യര്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദശാബ്ദങ്ങളായി ആയുര്‍വേദത്തിന്റെ മുല്യങ്ങളെ സംരക്ഷിക്കാനും ആയുര്‍വേദ പഠനത്തെ പ്രോത്സാഹിപ്പിക്കാനും അനുകമ്പയാര്‍ന്ന ചികിത്സരീതി പിന്തുടരുകയും പരമ്പരാഗത ആയുര്‍വേദ അറിവുകളെ ആധുനിക ചികീത്സാരീതികളുമായി ബന്ധപ്പെടുത്തി വൈദ്യന്മാര്ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ പ്രചോദനമേകുകയും ചെയ്യുന്നതിനാലാണ് എം.ആര് വാസുദേവന്‍ നമ്പൂതിരിയെ പുരസ്കാരത്തിനായി തെരെഞ്ഞെടുത്തതെന്ന് കൃഷ്ണദാസ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം ആയുര്‍വേദ കോളേജ് മുന്‍ പ്രിന്‍സിപ്പാളും ആയുര്‍വേദ ഡയറക്ടറുമായിരുന്നു എം.ആര് വാസുദേവന്‍ നമ്പൂതിരി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
1994ല്‍ ഏര്‍പ്പെടുത്തിയ ബൃഹത്രയീ രത്ന അവാര്‍ഡ് ആയുര്‍വേദ രംഗത്തെ പ്രമുഖമായ അംഗീകാരങ്ങളിലൊന്നാണ്. വൈദ്യരാജ് ആത്മാറാം വാമന്‍ ധാതര്‍ ശാസ്ത്രി, വൈദ്യ വി.ജെ തക്കര്‍, വൈദ്യ പന്നിയംപിള്ളി കൃഷ്ണ വാരിയര്‍ തുടങ്ങിയവരാണ് മുന്‍കാലങ്ങളിലെ പുരസ്കാര ജേതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: