India

റിപ്പോര്‍ട്ട് പുറത്തുവിട്ട് ഫ്രഞ്ച് പത്രം: സോറോസ്- ഒസിസിആര്‍പി- രാഹുല്‍ സഖ്യത്തിന്റെ ഭാരത വിരുദ്ധ നീക്കം; വിവരങ്ങള്‍ പുറത്ത്

കേന്ദ്ര വിരുദ്ധ വാര്‍ത്തകള്‍ക്ക് പിന്നിലെ ഗൂഢാലോചന പട്ടിക നിരത്തി വിശദീകരിച്ച് സുധാന്‍ശു ത്രിവേദി

Published by

ന്യൂദല്‍ഹി: ഭാരതത്തെ അസ്ഥിരപ്പെടുത്താന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന വിദേശ ഏജന്‍സികളുമായി പ്രതിപക്ഷ നേതാവ് രാഹുലിനുള്ള ബന്ധം പരാമര്‍ശിച്ച് ഫ്രാന്‍സിലെ മുന്‍നിര പത്രമായ മീഡിയ പാര്‍ട്ട്. ഡിസംബര്‍ രണ്ടിനു പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് യുഎസ് ശതകോടീശ്വരന്‍ ജോര്‍ജ് സോറോസും രാഹുലും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്നത്. ദ് ഹിഡന്‍ ലിങ്ക്‌സ് ബിറ്റ്‌വീന്‍ എ ജയന്റ് ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസം ആന്‍ഡ് യുഎസ് ഗവണ്‍മെന്റ് എന്ന തലക്കെട്ടിലാണ് മീഡിയ പാര്‍ട്ടില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഭാരതത്തെ അസ്ഥിരപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ജോര്‍ജ് സോറോസ് ബോസ്‌നിയയിലെ സരജവോ ആസ്ഥാനമായ ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രോജക്ടിന് (ഒസിസിആര്‍പി) ധനസഹായം നല്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നലെ ബിജെപി നേതാവ് സംബിത് പാത്രയാണ് മീഡിയ പാര്‍ട്ടിനെ ഉദ്ധരിച്ച് പ്രതിപക്ഷ നേതാവിനെതിരേ തുറന്നടിച്ചത്.

ഒസിസിആര്‍പിക്ക് രാജ്യത്തുടനീളം അന്‍പതിലേറെ മാധ്യമ പങ്കാളികളുണ്ട്. സോറോസും യുഎസിലെ ഡീപ്‌സ്റ്റേറ്റ് ഏജന്‍സികളുമാണ് ഇവരുടെ ഫണ്ടിങ് ഏജന്‍സികള്‍. ഒറ്റ സ്രോതസില്‍ നിന്ന് 70 ശതമാനം ധനസഹായം വാങ്ങുന്ന ഒരു സ്ഥാപനത്തിനു നിഷ്പക്ഷമായിരിക്കാന്‍ കഴിയില്ല. ഒസിസിആര്‍പി റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് രാഹുല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്നതെന്ന് പാത്ര പറഞ്ഞു.

ഒസിസിആര്‍പിയും പ്രതിപക്ഷവും തമ്മിലുള്ള ബന്ധം തുറന്നുകാട്ടി മൂന്ന് വര്‍ഷം അവര്‍ നടത്തിയ രാജ്യവിരുദ്ധ പ്രചാര വേലയുടെ മാതൃക രാജ്യസഭയില്‍ ബിജെപി എംപി സുധാന്‍ശു ത്രിവേദി വിശദീകരിച്ചു. 2021 ജനുവരിയിലെ ബജറ്റ് സെഷനിടെ ഫെബ്രുവരി മൂന്നിന് അവര്‍ കര്‍ഷകരെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. 2021 ജൂലൈ 18ന് പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിനിടെ പെഗാസസ് റിപ്പോര്‍ട്ട് പുറത്തുവിട്ടു. ബജറ്റ് സമ്മേളനം 2023 ജനുവരി 31ന് ആരംഭിക്കാനിരിക്കേ 24ന് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തിറങ്ങി; അതേ വര്‍ഷം ജനുവരി 17ന്, ബിബിസി ഡോക്യുമെന്ററി ഇന്ത്യ: ദ് മോദി ക്വസ്റ്റ്യന്‍ പുറത്തുവന്നു. ജൂലൈ 19ന് മണ്‍സൂണ്‍ സമ്മേളനത്തിന് ഒരു ദിവസം മുമ്പ് മണിപ്പൂര്‍ അക്രമമെന്ന പേരില്‍ വീഡിയോ പുറത്തുവന്നു.

ഈ വര്‍ഷമാദ്യത്തെ തെരഞ്ഞെടുപ്പു പ്രചാരണ വേളയില്‍, 2023 മേയ് 10ന് കൊവിഡ് വാക്സിനുകളെക്കുറിച്ചു പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് വീണ്ടും പുറത്തുവിട്ടു. ഇപ്പോള്‍ നവംബര്‍ 25ന് ശീതകാല സമ്മേളനം ആരംഭിക്കുന്നതിന് അഞ്ചു ദിവസം മുമ്പ് ഒരു യുഎസ് അറ്റോര്‍ണിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നു. ഭാരതത്തിന്റെ ചരിത്രത്തില്‍ ആദ്യമായി, ഈയിടെ നടന്ന പൊതുതെരഞ്ഞെടുപ്പില്‍, വിദേശ ഇടപെടല്‍ ആരോപിച്ച് റഷ്യന്‍ സര്‍ക്കാര്‍ ഒരു ഔദ്യോഗിക പ്രസ്താവന ഇറക്കി. അവര്‍ റിപ്പോര്‍ട്ട് പുറത്തുവിടും. രാഹുല്‍ അതേറ്റെടുക്കും, അതാണ് അവസ്ഥ, ത്രിവേദി പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക