കൊച്ചി: സമുദ്ര അലങ്കാരമത്സ്യ മേഖലയില്‍ നിര്‍ണായക നേട്ടവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). അക്വേറിയങ്ങളിലെ കടല്‍ സുന്ദരികളായി അറിയപ്പെടുന്ന അസ്യൂര്‍ ഡാംസെല്‍, ഓര്‍ണേറ്റ് ഗോബി എന്നീ മീനുകളുടെ കൃത്രിമ വിത്തുല്പാദന സാങ്കേതികവിദ്യയാണ് സിഎംഎഫ്ആര്‍ഐയുടെ വിഴിഞ്ഞം പ്രാദേശിക കേന്ദ്രത്തിലെ ഗവേഷകര്‍ വികസിപ്പിച്ചത്. ഉയര്‍ന്ന വിപണി മൂല്യമുള്ളവാണിവ.
അക്വേറിയം ഇനങ്ങളില്‍ ആവശ്യക്കാരേറെയുള്ളതും അലങ്കാരമത്സ്യ പ്രേമികളുടെ ഇഷ്ട മീനുകളുമാണ് ഇവ. കടലില്‍ പവിഴപ്പുറ്റുകളോടൊപ്പമാണ് അസ്യൂര്‍ ഡാംസലിന്റെ ആവാസകേന്ദ്രം. കടുംനീല- മഞ്ഞ നിറങ്ങളും നീന്തുന്ന രീതികളുമാണ് പ്രധാന ആകര്‍ഷണീയത. വംശനാശഭീഷണിക്കരികിലാണ് ഈ ഇനം. ഒരു മീനിന് 350 രൂപ വരെയാണ് വില. വിദേശ വിപണിയില്‍ മീനൊന്നിന് 25 ഡോളര്‍ വരെ ലഭിക്കും.
മറൈന്‍ അക്വേറിയങ്ങളിലെ ജനപ്രിയ മീനാണ് ഓര്‍ണേറ്റ് ഗോബി. കൗതുകകരമായ ചലനങ്ങളും പെരുമാറ്റവും ആരേയും ആകര്‍ഷിക്കും. അക്വേറിയങ്ങളില്‍ അടിയുന്ന മണല്‍ തുടച്ചെടുത്ത് ടാങ്കുകളെ വൃത്തിയായി സൂക്ഷിക്കുന്നതിലും മിടുക്കിയാണ്. മീനൊന്നിന് 250 രൂപവരെ വിലയുണ്ട്.
കര്‍ഷകരിലേക്ക് വ്യാപകമായി ഈ സാങ്കേതികവിദ്യ കൈമാറുന്നതിനും അവരെ പരിശീലിപ്പിക്കുന്നതിനും സിഎംഎഫ്ആര്‍ഐ ഒരുക്കമാണെന്ന് വിഴിഞ്ഞം പ്രാദേശിക കേന്ദ്രം മേധാവി ഡോ. ബി. സന്തോഷ് പറഞ്ഞു. 24,000 മത്സ്യക്കുഞ്ഞുങ്ങളെ പ്രതിവര്‍ഷം ഉത്പാദിപ്പിക്കുന്ന ഇടത്തരം വിത്തുല്പാദന യൂണിറ്റില്‍ നിന്ന് ഏകദേശം 12 ലക്ഷം രൂപ വാര്‍ഷിക വരുമാനമുണ്ടാക്കാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: