ആലപ്പുഴ: ആറ് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ കളര്‍കോട് വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥികളോടിച്ച ടവേറ കാറിന്റെ ഉടമ ഷാമില്‍ ഖാനെതിരെ മോട്ടോര്‍വാഹന വകുപ്പ് നടപടിയെടുക്കും.വിദ്യാര്‍ത്ഥികള്‍ക്ക് വാഹനം നല്‍കിയത് വാടകയ്ക്കാണെന്ന വിവരം പുറത്ത് വന്നതിനെ തുടര്‍ന്നാണ് തീരുമാനം.
വാടകയായ 1000 രൂപ വിദ്യാര്‍ത്ഥി ഗൗരിശങ്കര്‍ വാഹന ഉടമ ഷാമില്ഖാന് ഗൂഗിള്‍ പേ ചെയ്ത് നല്‍കിയതായി വ്യക്തമായി. പൊലീസും മോട്ടോര്‍ വാഹനവകുപ്പും ബാങ്കില്‍ നിന്ന് പണമിടപാട് വിവരങ്ങള്‍ ശേഖരിക്കും. വാടക വാങ്ങിയല്ല കാര്‍ നല്‍കിയതെന്നായിരുന്നു ഷാമില്‍ ഖാന് നേരത്തേ പറഞ്ഞിരുന്നത്.
ഷാമില്‍ ഖാന് റെന്റ് ക്യാബ് ലൈസന്‍സ് ഇല്ലെന്ന് ആലപ്പുഴ ആര്‍ടിഒ അറിയിച്ചു. ഈ സാഹചര്യത്തില്‍ വാഹനത്തിന്റെ ആര്‍സി ബുക്ക് ക്യാന്‍സല്‍ ചെയ്യും. ഷാമില്‍ഖാന്റെ മറ്റ് വാഹനങ്ങളുടെ വിവരങ്ങളും മോട്ടോര്‍ വാഹന വകുപ്പ് ശേഖരിച്ചു.
ടവേര കാറിന് എന്തോ കുഴപ്പം ഉള്ളത് പോലെ തോന്നി എന്ന് വാഹനം ഓടിച്ച ഗൗരി ശങ്കര്‍ മൊഴി നല്‍കിയിരുന്നു. അതേസമയം, വിദ്യാര്‍ത്ഥികള്‍ വണ്ടാനത്തെ പമ്പില്‍ ഇന്ധനം നിറയ്ക്കാനെത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 500 രൂപയ്ക്ക് ഇന്ധനം നിറച്ചു ശേഷമാണ് കാത്തുനിന്ന സുഹൃത്തുക്കളെ കയറ്റാന്‍ ഇവര്‍ പോകുന്നത്.
എന്നാല്‍ വാഹനം നല്‍കിയത് വാടകയ്ക്കല്ലെന്നും പരിചയത്തിന്റെ അടിസ്ഥാനത്തില്‍ വിട്ടു നല്‍കിയതാണെന്നും ആവര്‍ത്തിക്കുകയണ് ഷാമില്‍ ഖാന്. വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് 1000 രൂപ പണമായി നല്‍കിയത് .ഇത് ഗൂഗിള്‍ പേ വഴി തിരിച്ചു വാങ്ങുകയായിരുന്നു. ലൈസന്‍സ് ഉള്ള ആളിനാണ് വാഹനം കൊടുത്തത് എന്ന തെളിവ് സൂക്ഷിക്കാനാണ് ലൈസന്‍സ് വാങ്ങിയതെന്നും ഷാമില്‍ ഖാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: