ന്യൂദൽഹി : പാർലമെൻ്റിന്റെ ശീതകാല സമ്മേളനത്തിന്റെ തുടക്കം മുതൽ ഇൻഡി ബ്ലോക്ക് നടത്തുന്ന നിരന്തര പ്രതിഷേധങ്ങളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് പാർലമെൻ്ററികാര്യ മന്ത്രി കിരൺ റിജിജു. പ്രതിപക്ഷം പാർലമെൻ്റ് നടപടികൾ തടസ്സപ്പെടുത്തുകയും സഭയ്‌ക്ക് പുറത്ത് നാടകം സൃഷ്ടിക്കുകയും ചെയ്തുവെന്ന് റിജിജു ആരോപിച്ചു.
“ ശീതകാല സമ്മേളനത്തിന്റെ തുടക്കം മുതൽ പ്രതിപക്ഷ പാർട്ടികളുടെ പെരുമാറ്റത്തിൽ ഞാൻ വളരെ വിഷമിക്കുന്നു. ശീതകാല സമ്മേളനം ആരംഭിച്ച്, ബില്ലുകൾ, ഭരണഘടനയെക്കുറിച്ചുള്ള ചർച്ച തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ ഞങ്ങൾ എപ്പോഴും തീരുമാനങ്ങൾ എടുക്കുമ്പോൾ, കോൺഗ്രസ് പാർട്ടിയും അവരുടെ സഖ്യകക്ഷികളും എന്തിനാണ് പ്രതിഷേധിക്കുന്നത് ? എന്തിനാണ് അവർ സഭാനടപടികൾ തടസ്സപ്പെടുത്തുകയും പാർലമെൻ്റ് മന്ദിരത്തിന് പുറത്ത് ഓടിനടന്ന് നാടകം സൃഷ്ടിക്കുകയും ചെയ്യുന്നത്? ഇതാണോ സഭ നടത്താനുള്ള വഴി?”- റിജിജു പറഞ്ഞു.
പ്രതിപക്ഷം പാർലമെൻ്റ് മന്ദിരത്തിന് ചുറ്റും ഓടുകയാണെന്നും പ്രധാനപ്പെട്ട വിഷയങ്ങൾ അവഗണിക്കുകയാണെന്നും റിജിജു വിമർശിച്ചു. പാർലമെൻ്റ് ഹൗസ് സംവാദത്തിനും ചർച്ചയ്‌ക്കുമുള്ളതാണ്, അവർ വർണ്ണാഭമായ വസ്ത്രങ്ങൾ ധരിച്ച് പാർലമെൻ്റ് ഹൗസിന് ചുറ്റും ഓടുന്നു. ഇന്ന് നമ്മുടെ ചില എംപിമാർ വളരെ പ്രധാനപ്പെട്ട ഒരു വിഷയം ഉന്നയിച്ചു. ഈ ആളുകൾ ഇന്ത്യാ ഗവൺമെൻ്റുമായി ഒരു ബന്ധവുമില്ലാത്ത മറ്റ് ചില വിഷയങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വയനാട് എംപി പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള പ്രതിപക്ഷ എംപിമാർ അദാനി വിഷയത്തിൽ രാജ്യതലസ്ഥാനത്ത് പാർലമെൻ്റ് വളപ്പിൽ പ്രതിഷേധിച്ചതിന് പിന്നാലെയാണ് റിജിജു പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: