ആലപ്പുഴ: കളര്‍കോട് അഞ്ചുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ കാര്‍ ഓടിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥി ഗൗരി ശങ്കറിനെ പ്രതി ചേർത്ത് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. ഭാരതീയ ന്യായ സംഹിത 106 പ്രകാരം അശ്രദ്ധമായി വാഹനമോടിച്ച് അപകടം ഉണ്ടാക്കിയെന്ന കുറ്റമാണ് വിദ്യാർഥിയുടെ മേൽ ചുമത്തിയിരിക്കുന്നത്. ഗൗരി ശങ്കർ പരുക്കേറ്റ് ചികിത്സയിലാണ്.
കെഎസ്ആർടിസി ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് കണ്ടെത്തിയതിനാൽ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെയും ദൃക്സാക്ഷികളുടെ മൊഴിയുടെയും അടിസ്ഥാനത്തിൽ വാഹനമോടിച്ച വിദ്യാർഥിയുടെ പിഴവാണ് അപകടത്തിനു കാരണമായതെന്നാണ് കണ്ടെത്തിയത്. കുട്ടിയുടെയും മാതാപിതാക്കളുടെയും മാനസികാവസ്ഥ പരിഗണിച്ച് ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളെക്കുറിച്ച് നിലവിൽ ആലോചിക്കുന്നില്ലെന്നും ആലപ്പുഴ എൻഫോഴ്സ്മെന്‍റ് ആർടിഒ അറിയിച്ചു.
വിദ്യാര്‍ത്ഥികള്‍ ഈ കാര്‍ വാടകയ്‌ക്ക് എടുത്തത് തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കാർ ഉടമയ്‌ക്കെതിരേ മോട്ടോർ വാഹന വകുപ്പ് കേസെടുക്കും. കാറിന്റെ ഉടമ ഷാമിൽ ഖാന് വാഹനം റെന്‍റിന് നൽകാനുള്ള ലൈസൻസില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ആല്‍വിന്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. മറ്റ് നാലുപേരുടെ നില മെച്ചപ്പെട്ടുവരികയാണെന്ന് ഡോക്ടേഴ്‌സ് അറിയിച്ചു.
അപകടം നടക്കുമ്പോള്‍ വാഹനത്തില്‍ കാറില്‍ 11 പേരാണ് ഉണ്ടായിരുന്നത്. ശക്തമായ മഴയായതിനാലാണ് സിനിമയ്‌ക്ക് പോകാനായി വിദ്യാര്‍ത്ഥികള്‍ കാര്‍ വാടകയ്‌ക്കെടുത്തത്. അപകടത്തിന് ഇടയാക്കിയത് നാലുകാരണങ്ങളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മഴ മൂലമുണ്ടായ റോഡിലെ വെള്ളത്തിന്റെ സാന്നിധ്യവും വെളിച്ചക്കുറവും അപകടത്തിന് കാരണമായി. ഏഴു പേര്‍ യാത്ര ചെയ്യേണ്ട ടവേര വാഹനത്തില്‍ 11 പേര്‍ യാത്ര ചെയ്തത് അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
ടവേര വാഹനം ഓടിച്ചയാള്‍ക്ക് ലൈസന്‍സ് നേടി 5 മാസം മാത്രമാണ് ഡ്രൈവിങ് പരിചയമുള്ളത്. വാഹനം തെന്നിയപ്പോള്‍ നിയന്ത്രണത്തിലാക്കാന്‍ ഇയാള്‍ക്ക് സാധിച്ചില്ല. വാഹനത്തിന് 14 വര്‍ഷം പഴക്കമുണ്ട്. സുരക്ഷ സംവിധാനങ്ങളായ ആന്റി ലോക്ക് ബ്രേക്ക് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍ എന്നിവ ഇല്ലാത്തതിനാല്‍ വാഹനം ബ്രേക്ക് ചെയ്തപ്പോള്‍ തെന്നി നീങ്ങി നിയന്ത്രണം നഷ്ടപ്പെട്ടത് തീവ്രത കൂട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മോട്ടര്‍ വാഹന വകുപ്പ് നടത്തിയ സാങ്കേതിക പരിശോധനയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: