India

ലഡാക്കില്‍ 95 ശതമാനം സ്വദേശി തൊഴില്‍ സംവരണം

Published by

ന്യൂദല്‍ഹി: കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ ഗസറ്റഡ് ഓഫീസര്‍ തസ്തികകളില്‍ 95 ശതമാനവും തദ്ദേശീയര്‍ക്ക് സംവരണം ചെയ്യാന്‍ കേന്ദ്രം തത്വത്തില്‍ സമ്മതിച്ചു. കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സ് (കെഡിഎ), ലേ അപെക്‌സ് ബോഡി (എല്‍എബി) എന്നിവയുടെ പ്രതിനിധികളും കേന്ദ്രവും തമ്മിലുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് ഈ നീക്കം.

കെഡിഎ അംഗമായ സജ്ജാദ് കാര്‍ഗിലി കേന്ദ്രസര്‍ക്കാരിന് നന്ദി രേഖപ്പെടുത്തി. ലഡാക്കികള്‍ക്ക് 95% തൊഴില്‍ സംവരണം ഉറപ്പാക്കാനുള്ള പ്രതിജ്ഞാബദ്ധതയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കും സഹമന്ത്രി നിത്യാനന്ദറായിക്കും നന്ദിയെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.

ലഡാക്ക് ഓട്ടോണമസ് ഹില്‍ ഡെവലപ്മെന്റ് കൗണ്‍സിലുകളില്‍ (എല്‍എഎച്ച്ഡിസി) സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സീറ്റുകള്‍ സംവരണം ചെയ്യുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളെക്കുറിച്ചും യോഗം സ്പര്‍ശിച്ചു. ഉറുദുവും ഭോട്ടിയും ലഡാക്കിന്റെ ഔദ്യോഗിക ഭാഷകളായി അംഗീകരിക്കാനും തീരുമാനിച്ചു.

ലഡാക്കിനെ ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്നതായിരുന്നു ചര്‍ച്ചയിലെ മറ്റൊരു പ്രധാന ആവശ്യം, അത് പ്രദേശത്തിന് കൂടുതല്‍ സ്വയംഭരണാവകാശം നല്കുകയും ഗോത്രവര്‍ഗ അവകാശങ്ങള്‍ സംരക്ഷിക്കുകയും പ്രദേശത്തിന്റെ സാംസ്‌കാരിക സ്വത്വവും പരിസ്ഥിതിയും സംരക്ഷിക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടി. ലഡാക്കിനായി ഒരു പബ്ലിക് സര്‍വീസ് കമ്മിഷന്‍ സ്ഥാപിക്കണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു. ലേയ്‌ക്കും കാര്‍ഗിലിനും പ്രത്യേക ലോക്സഭാ സീറ്റുകള്‍ വേണമെന്ന ആവശ്യം 2026ലെ സെന്‍സസിന് ശേഷം മാത്രമേ പുനഃപരിശോധിക്കാനാകൂ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സൂചിപ്പിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക