മസ്‌ക്കറ്റ്: അണ്ടര്‍ 19 ഏഷ്യാ കപ്പ് ഹോക്കി കിരീടം ഭാരതം നിലനിര്‍ത്തി. ഇന്നലെ നടന്ന ആവേശകരമായ പോരാട്ടത്തില്‍ പാകിസ്ഥാനെ മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഭാരതം കിരീടം നിലനിര്‍ത്തിയത്. ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ അഞ്ചാം കിരീടമാണ് ഭാരതം സ്വന്തമാക്കിയത്. 2004, 2008, 2015, 2023 വര്‍ഷങ്ങളിലാണ് ഭാരതം മുന്‍പ് കിരീടം സ്വന്തമാക്കിയത്. 1996, 2000 വര്‍ഷങ്ങളില്‍ റണ്ണറപ്പാവുകയും ചെയ്തിട്ടുണ്ട് ഭാരതം.
ഫൈനലില്‍ പാകിസ്ഥാനെതിരെ പിന്നില്‍ നിന്നശേഷമാണ് ഭാരതം വിജയം സ്വന്തമാക്കിയത്. ഭാരതത്തിനായി അരെയ്ജീത് സിങ് ഹുണ്ടായ് ഹാട്രിക് അടക്കം നാല് ഗോള്‍ നേടി. ഒരു ഗോള്‍ ധില്‍രാജ് സിങ്ങും സ്വന്തമാക്കി.
കളിയുടെ മൂന്നാം മിനിറ്റില്‍ പാകിസ്ഥാന്‍ നായകന്‍ ഷാഹിദ് ഹന്നനാണ് ആദ്യ ഗോളടിച്ചത്. തൊട്ടടുത്ത മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറിലൂടെ അരയ്ജീത് സിങ് ഭാരതത്തിന് സമനില നേടിക്കൊടുത്തു. പിന്നീട് 18-ാം മിനിറ്റില്‍ മറ്റൊരു പെനാല്‍റ്റി കോര്‍ണറിലൂടെ അരയ്ജീത് സിങ് ഭാരതത്തെ മുന്നിലെത്തിച്ചു. തൊട്ടടുത്ത മിനിറ്റില്‍ ധില്‍രാജ് സിങ്ങിന്റെ ഫീല്‍ഡ് ഗോളിലൂടെ ഭാരതം മൂന്നാം ഗോളും സ്വന്തമാക്കി. ഇടവേളയക്കു പിരിയുന്നതിന് തൊട്ടുമുന്‍പായി പാകിസ്ഥാന്‍ ഒരു ഗോള്‍ കൂടി മടങ്ങി. സുഫിയാന്‍ ഖാനാണ് ലക്ഷ്യം കണ്ടത്. ഇതോടെ ഇടവേളയ്‌ക്കു പിനിരിയുമ്പോള്‍ ഭാരതം 3-2ന് മുന്നില്‍.
പിന്നീട് 39-ാം മിനിറ്റില്‍ പാകിസ്ഥാന്‍ ഒരു ഗോള്‍ കൂടി നേടിയതോടെ കളി 3-3 എന്ന നിലയില്‍. സുഫിയാന്‍ ഖാനാണ് ഇത്തവണയും ലക്ഷ്യം കണ്ടത്. എന്നാല്‍ 47, 54 മിനിറ്റുകളില്‍ അരയ്ജീത് സിങ് രണ്ട് ഗോള്‍ കൂടി നേടിയതോടെ കിരീടം ഭാരതത്തിന് സ്വന്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: