ആലപ്പുഴ: തുര്‍ക്കി ആസ്ഥാനമായ കപ്പല്‍ കമ്പനിയുടെ കപ്പലുകളില്‍ ഡെക്ക് കേഡറ്റായി ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി വിദേശത്തേക്ക് കടന്ന യുവാവ് പിടിയില്‍. കാസര്‍ഗോഡ് പെര്‍ള എന്‍മകജെ ജീലാനി മന്‍സില്‍ വീട്ടില്‍ അഹമ്മദ് അസ്ബക്കി(28)നെ മംഗലാപുരം എയര്‍പോര്‍ട്ടില്‍ നിന്ന് നൂറനാട് പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം, പാവുമ്പ സ്വദേശിയായ യുവാവിനെയാണ് പ്രതി കബളിപ്പിച്ച് ഏഴു ലക്ഷത്തോളം രൂപ തട്ടിയെടുത്തത്.
മുംബൈയില്‍ മര്‍ച്ചന്റ് നേവി കോഴ്‌സ് പഠിച്ച യുവാവിന് ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റിക്രൂട്ട്‌മെന്റ് സ്ഥാപനത്തില്‍ നിന്നും 2023 ജൂലൈയില്‍ തുര്‍ക്കി കമ്പനിയുടെ കപ്പലില്‍ തൊഴിലവസരങ്ങള്‍ ഉണ്ട് എന്ന ഓഫര്‍ ലെറ്റര്‍ വന്നു. തുടര്‍ന്ന് പ്രതിയുടെ സ്ഥാപനവുമായി ബന്ധപ്പെട്ട യുവാവിനെയും സുഹൃത്തുക്കളെയും ഇന്റര്‍വ്യൂ നടത്തുകയും പ്രതി സര്‍ട്ടിഫിക്കറ്റ് വാങ്ങി പരിശോധന നടത്തുകയും ചെയ്തു. ഇതിനിടയില്‍ ഏഴ ലക്ഷം രൂപ അക്കൗണ്ട് വഴി വാങ്ങിയെടുത്ത ശേഷം ഫോണില്‍ വിളിച്ചാല്‍ പ്രതിയെ കിട്ടാതായി.
പോലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ പ്രതി ദുബായിലേക്ക് കടന്നു. തുടര്‍ന്ന് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. നൂറനാട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ക്കെതിര പുളിങ്കുന്ന് ഉള്‍പ്പടെ നിരവധി പോലീസ് സ്റ്റേഷനുകളില്‍ കേസുകളുണ്ട്. പ്രതിയെ മാവേലിക്കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: