തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ മികച്ച ചികിത്സയും തുടര്‍ ചികിത്സയും ഉറപ്പാക്കാന്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ നേതൃത്വത്തില്‍ ദേശീയ ശില്പശാല സംഘടിപ്പിക്കുന്നു. നാളെ രാവിലെ 9.30ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ശില്പശാല ഉദ്ഘാടനം ചെയ്യും. രാജ്യത്ത് കഴിഞ്ഞ മൂന്ന് വര്‍ഷമായി ഏറ്റവും അധികം സൗജന്യ ചികിത്സ നല്കുന്ന സംസ്ഥാനമാണ് കേരളം. കാസ്പ് പദ്ധതി വഴി കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി 12.5 ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്ക് 3200 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് നല്‍കിയത്. കേരളം ഇത് കൈവരിച്ചത് മറ്റ് സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കാനും മറ്റ് സംസ്ഥാനങ്ങളുടെ അനുഭവങ്ങള്‍ സ്വാംശീകരിക്കാനുമാണ് ശില്പശാല സംഘടിപ്പിക്കുന്നത്. ലോകാരോഗ്യ സംഘടനാ പ്രതിനിധികള്‍, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പൊതുജനാരോഗ്യ വിദഗ്ധര്‍, മറ്റ് സംസ്ഥാനങ്ങളിലെ ഹെല്‍ത്ത് ഏജന്‍സികളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ശില്പശാലയില് പങ്കെടുക്കും.
കേരളം തുടര്‍ച്ചയായി രണ്ടാമതാണ് അനുഭവ സദസ് ശില്പശാല സംഘടിപ്പിക്കുന്നത്. പൊതു ധനസഹായത്തോടെയുള്ള ആരോഗ്യ പരിരക്ഷാ പദ്ധതികളുടെ ഭാവിയാണ് ചര്‍ച്ച ചെയ്യുന്നത്. ഗുണമേന്മയുള്ള ചികിത്സയ്ക്ക് മുന്‍ഗണന നല്‍കുക, സുസ്ഥിരതയ്ക്കായി വിഭവങ്ങള്‍ കേന്ദ്രീകരിക്കുക, സേവനങ്ങളുടെ വ്യാപ്തി വിപുലീകരിക്കുക എന്നിവയാണ് ചര്‍ച്ച ചെയ്യുന്നത്. ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തി റഫറല്‍, ബാക്ക് റഫറല്‍ സംവിധാനത്തിലൂടെ കൂടുതല്‍ മികച്ച തുടര്‍ ചികിത്സ ഉറപ്പാക്കാനുള്ള സാധ്യത ആരായും. ഇതിന്റെ സാമ്പത്തിക വശം കൂടി ചര്‍ച്ച ചെയ്യും.
സംസ്ഥാനങ്ങള്‍ ആരോഗ്യ പദ്ധതി നടപ്പിലാക്കുന്നതിലൂടെയുള്ള അനുഭവം പങ്കിടലും വിദഗ്ധരായ അംഗങ്ങളുമായുള്ള പാനല്‍ ചര്‍ച്ചകളും ഉള്‍പ്പെടുത്തുന്ന തരത്തിലാണ് ശില്പശാല രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സ്കീമുകള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യാനും യൂണിവേഴ്സല്‍ ഹെല്‍ത്ത് കവറേജിലേക്കുള്ള പുരോഗതി ത്വരിതപ്പെടുത്താനും അവരെ പ്രാപ്തരാക്കുന്ന മികച്ച രീതികള്‍ ചര്‍ച്ച ചെയ്യാനും അനുഭവങ്ങള്‍ പങ്കിടാനും ഈ പ്ലാറ്റ്ഫോം സംസ്ഥാനങ്ങള്‍ക്ക് അവസരം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: