തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വിവിധ അക്കാദമിക സഹകരണങ്ങൾക്കായി ഐഎച്ച്ആർഡി, കേപ്പ്, കേരള ഹിന്ദി പ്രചാര സഭ എന്നിവരുമായി ധാരണാപത്രം ഒപ്പുവച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.
സെക്രട്ടറിയേറ്റിലെ സൗത്ത് കോൺഫറൻസ് ഹാളില്‍ മന്ത്രി ഡോ.ആർ ബിന്ദു, സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ, ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ.ഡോ. ജഗതി രാജ് വി പി എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രങ്ങൾ ഒപ്പിട്ടത്. ഐഎച്ച്ആർഡി ഡയറക്ടർ ഡോ. അരുൺ കുമാർ വി എ, കേപ്പ് ഡയറക്ടർ ഡോ. താജുദ്ദീൻ അഹമ്മദ് വി, അഡ്വ. ബി മധു എന്നിവരും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. സുനിത എ പിയുമാണ് വിവിധ അക്കാദമിക സഹകരണത്തിനായുള്ള ധാരണപത്രങ്ങളിൽ ഒപ്പുവച്ചത്.
ഈ ധാരണാ പത്രങ്ങൾ ഒപ്പുവച്ചതിലൂടെ വിവിധ ഹ്രസ്വകാല സർട്ടിഫിക്കറ്റ് / ഡിപ്ലോമ കോഴ്സുകൾ ഈ സ്ഥാപനങ്ങളുമായി ചേർന്ന് ഓപ്പൺ യൂണിവേഴ്സിറ്റിക്ക് നടത്തുവാൻ സാധിക്കുമെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. കൂടാതെ ഐഎച്ച്ആർഡിയുടെ കീഴിലുള്ള വിവിധ പഠനകേന്ദ്രങ്ങൾ ഓപ്പൺ സർവ്വകലാശാലയുടെ പഠനകേന്ദ്രങ്ങളായും പരീക്ഷാകേന്ദ്രങ്ങളായും പ്രവർത്തിക്കുവാനും സാധിക്കും – മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
ഓപ്പൺ സർവ്വകലാശാല സൈബർ കൺട്രോൾ ഡോ. എം ജയമോഹൻ, ഐഎച്ച്ആർഡി പ്രതിനിധികളായ ഡോ. ലതാ പി, സജിത്ത് എസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക