ന്യൂഡല്‍ഹി: ബാങ്ക് നിക്ഷേപങ്ങള്‍ക്കും ലോക്കറുകള്‍ക്കും ഒരേ സമയം നാലു അനന്തരാവകാശികളെ ഇനി നിര്‍ദേശിക്കാം. ഇതുസംബന്ധിച്ച ബാങ്കിംഗ് ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. മരിച്ചു പോയവരുടെ അവകാശികള്‍ ഇല്ലാത്ത നിക്ഷേപങ്ങള്‍ ബാങ്കുകളില്‍ പെരുകുന്നത് ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് അത് തടയാന്‍ ഉതകും വിധം പുതിയ നിയമഭേദഗതി കൊണ്ടുവന്നത്. നിലവില്‍ ലോക്കര്‍ ഡിപ്പോസിറ്റ് അക്കൗണ്ടിലേക്ക് അടക്കം ഒരു നോമിനിയെ മാത്രമേ നിര്‍ദേശിക്കാനാവൂ. അതിലാണ് മാറ്റം വരുന്നത്. ചെയര്‍മാന്‍ ഒഴികെയുള്ള സഹകരണബാങ്ക് ഡയറക്ടര്‍മാരുടെ കാലാവധി എട്ടുവര്‍ഷം എന്നത് പത്തുവര്‍ഷം ആക്കി. അര്‍ബന്‍ സഹകരണ ബാങ്കുകളിലും കേരള ബാങ്കിനും അടക്കം ഇത് ബാധകമാകും . രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ ആരോഗ്യകരമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഭേദഗതി ബില്‍ അവതരിപ്പിച്ച കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക